ലാഭിച്ചത് ലക്ഷങ്ങൾ: സ്വയം പരിസ്ഥിതിസൗഹൃദ വീട് നിർമിച്ച് ദമ്പതികൾ
Mail This Article
വിലയ്ക്ക് വാങ്ങാനോ വാടകയ്ക്കെടുക്കാനോ ആകട്ടെ അമേരിക്കയിൽ താമസത്തിന് ഒരു ഇടം ഒരുക്കുക എന്നത് സാധാരണക്കാരന് വർഷങ്ങളുടെ കടബാധ്യത ഉണ്ടാക്കാവുന്ന സംഗതിയാണ്. ഭവനവില കുത്തനെ ഉയർന്ന സാഹചര്യം കൂടിയായപ്പോൾ പറയുകയും വേണ്ട. അമേരിക്കയിലെ മൊണ്ടാന സംസ്ഥാനത്ത് വീട് വയ്ക്കാൻ ചുരുങ്ങിയത് ഒരുകോടി എങ്കിലും വേണ്ടിവരുന്ന ഒരു സ്ഥലത്ത് 20 ലക്ഷത്തിൽ താഴെമാത്രം ചെലവിൽ അതിസുന്ദരമായ ഒരു വീട് ഒരുക്കി മാതൃകയാവുകയാണ് ഡാനിയേൽ - കാതറിൻ ദമ്പതികൾ. കളിമണ്ണും ചരലും വൈക്കോലും ഉപയോഗിച്ചാണ് ഈ പ്രകൃതിസൗഹൃദവീട് ഇവർ ഒരുക്കിയിരിക്കുന്നത്. കോബ് ഹൗസ് എന്നാണ് ഇത്തരത്തിൽ നിർമ്മിക്കുന്ന വീടുകൾ അറിയപ്പെടുന്നത്.
700 ചതുരശ്ര അടിയാണ് വേറിട്ട ഈ വീടിന്റെ ആകെ വിസ്തീർണ്ണം. 2017 ൽ നിർമ്മാണം ആരംഭിച്ചെങ്കിലും രണ്ടുവർഷമാണ് വീട് പൂർത്തിയാക്കാനായി ഇവർക്ക് വേണ്ടിവന്നത്. കയ്യിൽ കരുതിയിരുന്ന തുക മാത്രമേ നിർമാണത്തിനായി ചെലവാക്കേണ്ടി വന്നുള്ളൂ. പണയമോ ലോണോ ഒന്നും ഇല്ലാത്തതുമൂലം നിർമാണം കഴിഞ്ഞതോടെ സ്വസ്ഥമായി കടബാധ്യതയില്ലാതെ ജീവിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. എന്നാൽ ഇത്തരം ഒരു വീട് നിർമിക്കണമെന്ന് തീരുമാനിച്ചത് മുതൽ അത് യാഥാർത്ഥ്യമാക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നിരുന്നു.
കോബ് ഹൗസിന്റെ മേന്മ പരിഗണിക്കുമ്പോൾ കഷ്ടപ്പാടുകളെല്ലാം പൂർണ്ണഫലം കണ്ടു എന്നാണ് ഡാനിയേലിന്റെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ. ചൂടുകാലത്ത് പോലും അകത്തളത്തിൽ തണുപ്പ് അനുഭവപ്പെടുന്നതിനാൽ വൈദ്യുതി ചാർജ്ജ് നന്നേ കുറവാണ്. എയർ കണ്ടീഷനിങ്ങിന്റെ ആവശ്യമേയില്ല. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ സാന്നിധ്യം മൂലം അകത്തളത്തിലെ വായു ശുദ്ധമാണെന്ന് ഉറപ്പുവരുത്താനും സാധിക്കുന്നു. ഇതിനൊക്കെ അപ്പുറം ബാധ്യതകളില്ലാതെ ലളിതവും സുന്ദരവുമായ ഒരു താമസ സ്ഥലം ഒരുക്കാൻ ഇതിലും മികച്ച മാർഗ്ഗമുണ്ടെന്ന് തോന്നുന്നില്ല എന്നും ഡാനിയേൽ പറയുന്നു.
സ്വന്തം വീട് നിർമ്മിച്ചതിൽ നിന്നും ലഭിച്ച പരിശീലനം കൈമുതലാക്കി സ്പിരിറ്റ്വുഡ് നാച്ചുറൽ ബിൽഡിംഗ് എന്ന ഒരു കമ്പനിക്കും ഇവർ രൂപം നൽകി. കോബ് ഹൗസ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് പരിശീലനം നൽകുകയാണ് ലക്ഷ്യം. ലൈബ്രേറിയനായി ജോലി ചെയ്തു വരുന്ന ഡാനിയേൽ പാർട്ട് ടൈമായാണ് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നത്. അങ്ങേയറ്റം സന്തോഷം തോന്നുന്ന കാര്യമായതിനാലാണ് അതേക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ താല്പര്യം തോന്നിയത് എന്ന് ഡാനിയേൽ പറയുന്നു.
അമേരിക്കയിൽ ഭവന വില കുതിച്ചുയരുന്നതിനിടയിൽ കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന വീടുകളെക്കുറിച്ച് പറഞ്ഞുകൊടുക്കാനായൽ അത് കൂടുതൽ ആളുകൾക്ക് സഹായകരമാകും എന്ന പ്രതീക്ഷയിലാണ് ഇവർ. മണ്ണ് ഉപയോഗിച്ച് പ്ലാസ്റ്ററിങ് നടത്തുന്നതും തറ ഒരുക്കുന്നതും എങ്ങനെയാണെന്ന് തടക്കമുള്ള പാഠങ്ങൾ ഇവർ പറഞ്ഞു കൊടുക്കുന്നുണ്ട്. നിർമാണം നേരിട്ട് കണ്ടു മനസ്സിലാക്കാൻ താല്പര്യം ഉള്ളവർക്കായി ബിൽഡിങ് ക്യാമ്പുകളും സംഘടിപ്പിക്കുനു. വർക്ക്ഷോപ്പുകളിൽ നിന്നും ക്യാമ്പുകളിൽ നിന്നുമെല്ലാമായി വരുമാനവും കിട്ടുന്നുണ്ട്. ചെറിയ കുട്ടികൾ പോലും കോബ് ഹൗസിന്റെ നിർമ്മാണ രീതി കണ്ടു മനസ്സിലാക്കാൻ വരുന്നുണ്ട് എന്നതാണ് ഇവരുടെ ഏറ്റവും വലിയ സന്തോഷം.
English Summary- Couple Build Eco friendly cob house- lives debt free