ADVERTISEMENT

ഒരു ദിവസത്തെ ക്ഷീണം മുഴുവൻ കഴുകിക്കളയുന്നത് ഉറക്കത്തിലൂടെയാണ്. പോഷകസമൃദ്ധമായ ഉറക്കം എന്ന സദ്യ കിടപ്പുമുറി എന്ന നാക്കിലയിലാണ് വിളമ്പുന്നത് എന്നു പറയാം. അപ്പോൾ കിടപ്പുമുറിയുടെ വൃത്തിയുടെയും സൗകര്യത്തിന്റെയും കാര്യത്തിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാനാകുമോ? കിടപ്പുമുറികളുടെ എണ്ണം രണ്ടോ മൂന്നോ നാലോ എന്നതല്ല, ഉള്ള മുറികൾ എങ്ങനെ ഫലപ്രദവും സുന്ദരവുമായി ഉപയോഗിക്കാം എന്നതിലാണ് കാര്യം.

 

bedroom

Master Bedroom

വീട്ടിലെ ഏറ്റവും പ്രാധാന്യമുള്ള കിടപ്പുമുറി, അതാണ് മാസ്റ്റർ ബെഡ്റും. അതൊരുപക്ഷേ, ഗൃഹനാഥന്റെയാകാം. അല്ലെങ്കിൽ വിവാഹിതരായ മക്കളുടേതാകാം. ചെറുപ്പക്കാരായ മക്കളുണ്ടെങ്കിൽ, ചില ഡിസൈനർമാർ ഒരു വീട്ടിൽ രണ്ട് മാസ്റ്റർ ബെഡ്റൂം വരെ വരയ്ക്കാറുണ്ട്. കിടപ്പുമുറിയുടെ വലുപ്പമനുസരിച്ചാകണം അവിടെ എന്തെല്ലാം സൗകര്യങ്ങൾ ക്രമീകരിക്കാമെന്നു തീരുമാനിക്കാൻ. 

സ്ഥാനം : കന്നിമൂല അതായത്, തെക്കുപടിഞ്ഞാറ് മൂലയാണ് പ്രധാന കിടപ്പുമുറിക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനം. തെക്ക് അല്ലെങ്കിൽ കിഴക്കുദിക്കിലേക്ക് തലവയ്ക്കാവുന്ന രീതിയിൽ കട്ടിലിനു സ്ഥാനം നൽകണം. 

വലുപ്പം :14 X12 സ്ക്വയർഫീറ്റ് വിസ്തീർണമെങ്കിലും മാസ്റ്റർ ബെഡ്റൂമിന് ഉണ്ടായിരിക്കണം. എങ്കിലേ  ചെറിയൊരു ഡ്രസിങ് ഏരിയയും സ്റ്റഡി ഏരിയയും ഉൾപ്പെടുത്താനാകു.

നിറങ്ങൾ : വയലറ്റ്, ലൈലാക്, ബ്ലൂ, ലെമൺ ഗ്രീൻ തുടങ്ങിയ റൊമാന്റിക് നിറങ്ങളാണ് പ്രധാന കിടപ്പുമുറിക്കനുയോജ്യം. ഇരുണ്ട നിറങ്ങൾ ഒരിക്കലും തിരഞ്ഞെടുക്കരുത്. ഇരുണ്ട നിറങ്ങളോടു താത്പര്യമുണ്ടെങ്കിൽ ബെഡ്സ്പ്രെഡോ കർട്ടനോ മറ്റെന്തെങ്കിലും ആക്സസറീസോ വഴി മുറിക്കു നിറം ചേർക്കാം. 

ലൈറ്റിങ് : മാസ്റ്റർ ബെഡ്റും ആയതിനാൽ പ്രൗഢമായ ഒരു അന്തരീക്ഷമുണ്ടാക്കാൻ ഫോൾസ് സീലിങ് ചെയ്യാം. പക്ഷേ, പ്രകാശം കണ്ണിൽ തറയ്ക്കാത്ത രീതിയിൽ വേണം ലൈറ്റുകൾ ക്രമീകരിക്കാൻ.

ഫ്ളോറിങ് : വുഡൻ ഫ്ളോറിങ്, ലാമിനേറ്റ്, മാർബിൾ, വിട്രിഫൈഡ് ടൈൽ, സെറാമിക് ടൈൽ, ടെറാക്കോട്ട ടൈൽ ഇവയെല്ലാം പ്രധാന കിടപ്പുമുറിയിലേക്ക് അനുയോജ്യമാണ്. കട്ടിൽ വരുന്ന സ്ഥലത്തുമാത്രം വുഡൻ ഫ്ളോറിങ്ങും  ചുറ്റും വിട്രിഫൈഡ് ടൈലും എന്ന രീതിയിലും  ഫ്ളോറിങ് ചെയ്യാവുന്നതാണ്. 

കർട്ടൻ/ ബ്ലൈൻഡ് : വെളിച്ചത്തെ ഉള്ളിലേക്കു കയറ്റിക്കൊണ്ടുതന്നെ പരമാവധി സ്വകാര്യത ഉറപ്പുവരുത്തുന്നതിനാൽ ബ്ലൈൻഡാണ് കിടപ്പു മുറിയിലേക്ക് കൂടുതൽ യോജിക്കുന്നത്. കർട്ടനാണ് ഇടുന്നതെങ്കിൽ  കനം കുറഞ്ഞതും കൂടിയതുമായ കർട്ടനുകൾ രണ്ട് പാളികളായി ഇടാം. 

ഹെഡ്ബോർഡ് : മാസ്റ്റർ ബെഡ്റൂമിൽ കട്ടിലിന്റെ പിൻവശത്തുള്ള  ഭിത്തിയിൽ വ്യത്യസ്തമായ നിറമോ വോൾപേപ്പറോ ഹെഡ്ബോർഡോ നൽകി മുറി വ്യത്യസ്തമാക്കാവുന്നതാണ്. കട്ടിലിന് വലിയ ഹെഡ്ബോർഡ് നൽകുന്നത് മുറിക്ക് രാജകീയ പ്രൗഢി നൽകും. പക്ഷേ, വലിയ ഡിസൈനുള്ള വോൾപേപ്പറും വലിയ ഹെഡ്ബോർഡും തമ്മിൽ ചേരില്ല.

വാതിൽ :കിടപ്പുമുറിയുടെ വാതിൽ വയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 90-100 സെ. മീ വീതിയെങ്കിലും ആവശ്യമാണ്. 120 സെമീ വീതി നൽകി ഇരട്ടപ്പാളി വാതിൽ വയ്ക്കുന്നവരുമുണ്ട്. പ്രധാന കിടപ്പുമുറിയിൽ വിലപിടിച്ച സാധനങ്ങൾ സൂക്ഷിക്കേണ്ടിവരുമെന്നതിനാൽ പൂട്ടാനുള്ള സൗകര്യവും ഈ വാതിലിനു വേണം.

ഫർണിച്ചർ : മാസ്റ്റർ ബെഡ്റൂമിൽ ഇരുന്ന് ഡ്രസ് ചെയ്യാൻ പാകത്തിന് ഒരു നീളൻ കണ്ണാടിയോടു കൂടിയ ഡ്രസിങ് ടേബിൾ ആവശ്യമാണ്. കട്ടിലിനിരുവശത്തും സൈഡ് ടേബിളും അല്പം കൂടി വലിയ മുറിയാണെങ്കിൽ 2+1 സീറ്റർ  സോഫയും കൂടി ഉൾപ്പെടുത്താവുന്നതാണ്. 

അനുബന്ധമുറികൾ : ഡ്രസിങ് ഏരിയ അല്ലെങ്കിൽ വാക്ക് ഇൻ വാർഡ്രോബ് പ്രധാന കിടപ്പുമുറിയിൽ  ഉണ്ടാകുന്നതാണ് നല്ലത്.  

master-bedroom

 

Guest Bedroom

സ്ഥാനം : ശക്തമായ വെയിൽ തട്ടാത്ത വടക്കു കിഴക്ക്, തെക്കുപടിഞ്ഞാറ് തുടങ്ങിയ  ഭാഗങ്ങളിൽ ഗസ്റ്റ് ബെഡ്റൂം സ്ഥാപിക്കാം. അതിഥികൾക്കുള്ള കിടപ്പുമുറിയായതിനാൽ  വീടിന്റെ ലിവിങ് ഏരിയകളിലേക്കു തുറക്കാതെ സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിലാകണം ഗസ്റ്റ് ബെഡറൂമിന്റെ  സ്ഥാനം. ഫോയറിൽ നിന്ന് വാതിൽ വരുന്ന വിധത്തിൽ ഗസ്റ്റ് ബെഡ്റൂം വരുന്നതാണ് ഏറ്റവും നല്ലത്. രണ്ടുനില വീടാണെങ്കിൽ  ഗസ്റ്റ് ബെഡ്റൂം മുകളിലാക്കാം. 

വലുപ്പം : 11X12 സ്ക്വയർഫീറ്റ്, 12X12 സ്ക്വയർഫീറ്റ് ഈ അളവുകളെല്ലാം അതിഥികളുടെ കിടപ്പുമുറിക്ക് അനുയോജ്യമായ വിസ്തീർണങ്ങളാണ്. വിശാലത തോന്നിച്ചുകൊണ്ടുള്ള ഡിസൈനാണ് ഗസ്റ്റ് ബെഡ്റൂമിനു ചേരുക. 

നിറങ്ങൾ : വെള്ള, ഓഫ് വൈറ്റ് പോലുള്ള ന്യൂട്രൽ നിറങ്ങൾ ഗസ്റ്റ് ബെഡ്റൂമിനും അതോടുചേർന്ന ബാത്റൂമിനും നൽകുന്നത് നല്ലതാണ്. കിടക്കവിരി പോലും ഇത്തരം നിറങ്ങൾ ആണെങ്കിൽ മുറിയുടെ വൃത്തി പെട്ടെന്ന് എടുത്തറിയാൻ സഹായിക്കും. ഇളം പച്ച, നീല, പിങ്ക് പോലുള്ള ഏതെങ്കിലും ശോഭിക്കുന്ന നിറങ്ങൾ ഗസ്റ്റ് ബെഡ്റൂമിനെ അതിഥികൾ ഇഷ്ടപ്പെടാൻ കാരണമാകും. മാത്രമല്ല, എപ്പോഴും ഉപയോഗിക്കേണ്ടാത്തതിനാൽ വെള്ള പോലുള്ള ഇളം നിറങ്ങൾ പെട്ടെന്ന്  അഴുക്കാകില്ല.

ലൈറ്റിങ് : ജനറൽ ലൈറ്റിങ് കൂടാതെ ബെഡ്സൈഡ് ലാംപും, റീഡിങ് ടേബിളുണ്ടെങ്കിൽ അതിനോടു ചേർന്നാരു ലാംപും മതി. 

ഫ്ളോറിങ് : തടി, നാച്വറൽ സ്റ്റോൺ, വിട്രിഫൈഡ് ടൈൽ, സെറാമിക് ടൈൽ ഇവയെല്ലാം ഇവിടേക്ക് യോജിക്കും. പ്രത്യേകിച്ച് ഡിസൈൻ നൽകേണ്ടതില്ല.

ഫർണിച്ചർ : കട്ടിലും സൈഡ് ടേബിളും  കൂടാതെ, ഒരു ഡ്രസിങ് ടേബിളും കസേരയും  മാത്രമാണ്  ഇവിടെ വേണ്ടത്. എല്ലാത്തിന്റെ ഡിസൈനും ലളിതമായിരിക്കണമെന്നു മാത്രം. സൈഡ് ടേബിളിൽ ഒരു ഇലക്ട്രോണിക് കോഫി / ടീ മേക്കർ വയ്ക്കുന്നതും നല്ലതാണ്. 

 

Kids Bedroom

വലുപ്പം : കുട്ടികളുടെ മുറി ഒരിക്കലും ചെറിയ മുറിയാകരുത്. ഫ്ളാറ്റിലും ചെറിയ സ്ഥലത്തു പണിയുന്ന വീടുകളിലുമെല്ലാം ഒരു കളിസ്ഥലമെന്ന രീതിയിൽക്കൂടി കുട്ടികളുടെ മുറിയെ പരിഗണിക്കേണ്ടതുണ്ട്.

നിറങ്ങൾ : കുട്ടിയുടെ പ്രായവും ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നതുമെല്ലാം മുറിക്കു കൊടുക്കുന്ന നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു. പെൺകുട്ടികൾ പിങ്ക്, ലൈലാക്ക് തുടങ്ങിയ നിറങ്ങളുമായി ഇഷ്ടത്തിലാകുമ്പോൾ ആൺകുട്ടികൾ ബ്ലൂ, ബ്ലാക്ക്, റെഡ് നിറങ്ങളെ ഇഷ്ടപ്പെടുന്നു. എന്നാൽ കുട്ടിയുടെ പ്രായമനുസരിച്ച് നിറത്തിന്റെ ഇഷ്ടം മാറിവരും 

ലൈറ്റിങ് : കുട്ടികളുടെ ഇഷ്ടകാർട്ടൂൺ കഥാപാത്രങ്ങളുടെ മോട്ടിഫ് പതിച്ച ലാംപ്ഷേഡും ഫാനുമെല്ലാം വിപണിയിൽ ലഭിക്കും. കുട്ടികൾക്ക് അപകടമുണ്ടാകാത്ത വിധത്തിൽ, എന്നാൽ കയ്യെത്തുന്ന ഉയരത്തിൽവേണം സ്വിച്ചും ലാംപുകളും സ്ഥാപിക്കാൻ. 

ഫ്ളോറിങ് : വളരെ മിനുസമുള്ളതോ റസ്റ്റിക് ആയതോ ആയ ഫ്ളോറിങ് ഇവിടേക്കു യോജിക്കിലല്ല. ടൈലും സ്റ്റോണും ഇവിടേക്കു യോജിക്കും. ചെറിയ കുട്ടികളുടെ മുറിയിൽ വരയ്ക്കാനും ചായവും മറ്റും വീഴാനും സാധ്യതയുണ്ട്. അതുകൊണ്ട് വെളുപ്പ് പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കുന്നതു ബുദ്ധിയല്ല. കാർപെറ്റ് ആവശ്യമില്ല.

വാതിൽ : 90-100 സെമീ വാതിൽ മതി. ഗ്ലാസ് വാതിലും സ്റ്റിക്കർ ഒട്ടിച്ച വാതിലുമെല്ലാം കുട്ടികൾക്കിഷ്ടപ്പെടും. 

ഫർണിച്ചർ : കുട്ടിയുടെ പ്രായമനുസരിച്ച് കട്ടിലിന്റെ ഉയരം ക്രമീകരിക്കണം. ചെറിയ കുട്ടിയാണെങ്കിൽ ഉയരം കുറച്ചുമതി. ആവശ്യാനുസരണം ഉയരം ക്രമീകരിക്കാൻ കഴിയുന്ന കട്ടിൽ ലഭിക്കും. രണ്ട് കുട്ടികൾ ഷെയർ ചെയ്യുന്ന മുറിയാണെങ്കിൽ രണ്ട് സിംഗിൾ കട്ടിൽ ഇടുന്നതാണ് നല്ലത്. ബങ്ക് ബെഡ് താത്പര്യമുണ്ടെങ്കിൽ അതാകാം. സ്റ്റഡി ടേബിളും അടുത്തടുത്തിടാതെ രണ്ട് ദിശകളിൽ ഇടുന്നതു നല്ലതാണ്.

4-cent-home-bedroom-JPG

ജനൽ : കുട്ടികളുടെ മുറിയിൽ വെളിച്ചത്തിന്  യാതൊരു കുറവും ഉണ്ടാകരുത്. പരമാവധി ജനലുകൾ കൊടുക്കുക. ജനൽ പുറത്തേക്ക് നീട്ടിപ്പണിത് അടിയിൽ സ്റ്റോറേജ് കൊടുത്താൽ ഇരിക്കാനും കളിപ്പാട്ടം സൂക്ഷിക്കാനും സാധിക്കും. 

അനുബന്ധമുറികൾ : കുട്ടികളുടെ കിടപ്പുമുറിയോടു ചേർന്നു ബാത്റും വേണം. 

 

Elders Bedroom

പ്രായമായവർക്ക് കിടപ്പുമുറി ഒരുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിവതും  ഗ്രൗണ്ട് ഫ്ളോറിൽത്തന്നെയാകണം പ്രായമായ അച്ഛനമ്മമാരുടെ കിടപ്പുമുറി.  

സ്ഥാനം : ആവശ്യത്തിനു പ്രകാശം വേണം എന്നാൽ വല്ലാതെ വെയിലടിക്കാനും പാടില്ല, ഇതാണ് പ്രായമായവരുടെ കിടപ്പുമുറിക്കു സ്ഥാനം നോക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. വീടിന്റെ  പടിഞ്ഞാറ് ഭാഗത്തായി അച്ഛനമ്മമാരുടെ കിടപ്പുമുറിക്കു സ്ഥാനം നൽകാം. 

നിറങ്ങൾ : പ്രകാശപൂരിതമായ നിറങ്ങൾ തന്നെയാകണം പ്രായമായവരുടെ കിടപ്പുമുറിയിൽ. എന്നാൽ ഇവർ നടക്കുമ്പോൾ ചുവരിൽ പിടിക്കാൻ സാധ്യതയുള്ളതിനാൽ തറയിൽ നിന്ന് ആറടി ഉയരത്തിൽ ഇരുണ്ട നിറം അല്ലെങ്കിൽ കഴുകാൻ എളുപ്പമുള്ള പെയിന്റ് തിരഞ്ഞെടുത്ത് ബാക്കി ഭാഗത്തി ഇളം നിറം നൽകാം. 

ഫ്ളോറിങ് : തടി, മാറ്റ് ഫിനിഷ്ഡ് ടൈൽ, ടെറാക്കോട്ട ടൈൽ ഇവയെല്ലാം അനുയോജ്യമാണ്. വാതം പോലുള്ള അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ തണുപ്പുള്ള നാച്വറൽ സ്റ്റോണും മിറർ ഫിനിഷുള്ള ടൈലുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. 

ഇലക്ട്രിഫിക്കേഷൻ : കട്ടിലിൽ കിടന്നുകൊണ്ടുതന്നെ ഫാനും ലൈറ്റും പ്രവർത്തിപ്പിക്കാൻ കഴിയണം. ബെഡ് സൈഡ് ലാംപ് നിർബന്ധമായും ഉണ്ടായിരിക്കണം. ഒരു കാളിങ് ബെൽ  കൂടി ഈ സ്വിച്ചുകൾക്കൊപ്പം സ്ഥാപിക്കുകയാണെങ്കിൽ അത്യാവശ്യ സമയത്ത് ഉപകരിക്കും. 

ഫർണിച്ചർ : ഒന്നിലധികം കട്ടിലുകൾ ഇവിടെ ആവശ്യമായിവരും. ദമ്പതികളാണെങ്കിൽപ്പോലും വെവ്വേറെ കട്ടിലുകൾ ഇഷ്ടപ്പെടുന്നവരുണ്ടാകും. കിടപ്പിലായ ആളാണെങ്കിൽ ഹോം നഴ്സിന്റെ സേവനം വേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ ഈ മുറിയിൽ ഒന്നിൽക്കൂടുതൽ കട്ടിൽ തീർച്ചയായും ആവശ്യമായി വരും. ബെഡ്സൈഡ് ടേബിൾ നടുവിൽ വരുന്ന വിധത്തിൽ ഈ കട്ടിലുകൾ ക്രമീകരിക്കാം.

അനുബന്ധമുറികൾ : പ്രായമായവരുടെ കിടപ്പുമുറിയോടു ചേർന്ന ബാത്റൂമിന് സാധാരണത്തേതിൽ കവിഞ്ഞ വലുപ്പം വേണം. ഇരുത്തി കുളിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിനുള്ള സൗകര്യത്തിനാണിത്. ഈ ബാത്റൂമിൽ ഒരു ഇരിപ്പിടവും ക്രമീകരിക്കുന്നതു നല്ലതാണ്. 

വലുപ്പം: വളരെ വലിയ മുറി വേണമെന്നില്ല, എങ്കിലും തട്ടിത്തടയാതെ നടക്കാൻ സാധിക്കണം. കട്ടിലിനു ചുറ്റും നടക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com