കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഫർണിച്ചർ ലഭിക്കുന്ന സ്ഥലം ഇതാണ്...

room-furniture
SHARE

കേരളത്തില്‍ ഒരു 'ഫര്‍ണിച്ചര്‍ ഗ്രാമം' ഉണ്ടെന്നു കേട്ടിട്ടുണ്ടോ ? കട്ടില്‍, അലമാര, ഡൈനിങ്ങ്‌ ടേബിള്‍, സോഫ, കസേര എന്നിങ്ങനെ തടികൊണ്ടുള്ള ഒട്ടുമിക്ക ഫര്‍ണിച്ചറുകളും വമ്പിച്ച വിലക്കുറവില്‍ ഇവിടെ ലഭിക്കും. പെരുമ്പാവൂര്‍ - കോതമംഗലം റൂട്ടിലുള്ള നെല്ലിക്കുഴിയാണ് ഈ ഗ്രാമം . 20 വര്‍ഷമായി നെല്ലിക്കുഴി കേരളത്തിന്റെ ഫര്‍ണിച്ചര്‍ തലസ്ഥാനമായിട്ട്. 

ഏകദേശം മുന്നൂറ്റമ്പതോളം കടകളാണ്  ഇവിടെ പ്രവര്‍ത്തിക്കുന്നത്. 8,000 മുതല്‍ 20,000 ചതുരശ്രയടിവരെ വിസ്തീര്‍ണമുള്ള ഷോറൂമുകളാണ് നെല്ലിക്കുഴിയില്‍ ഉള്ളത്. ഈ ഷോറൂമുകള്‍ക്ക് പിന്നില്‍ തന്നെയാണ് പണിസ്ഥലവും. നെല്ലിക്കുഴി പഞ്ചായത്തിന്റെ പ്രധാന വരുമാനവും ഇവിടുന്നുള്ള നികുതി തന്നെ. പതിനായിരത്തോളം ഇതരസംസ്ഥാനവിദഗ്ധതൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇരുപതുകൊല്ലം മുന്‍പ് ചെറിയ തോതില്‍ ആരംഭിച്ച വ്യവസായമാണ്‌ ഇന്ന് നെല്ലിക്കുഴിയെ ഫര്‍ണിച്ചര്‍ തലസ്ഥാനം ആക്കിയത്.

കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള നിരവധി ഫര്‍ണിച്ചര്‍ കടകളിലേക്ക് സാധനങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നത് ഇവിടെ നിന്നാണ്. പോരാത്തതിന് ആളുകള്‍ക്ക് ഇഷ്ടാനുസാരം ഓര്‍ഡര്‍ എടുത്തു ഇഷ്ടപ്പെട്ട ഫാഷനില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മിച്ചും നല്‍കും. 4500 രൂപയ്ക്ക് ദിവാന്‍ കോട്ടുകള്‍, 15,000 രൂപയ്ക്ക് അലമാരകള്‍, 7500 രൂപയ്ക്ക് ഡൈനിങ്ങ്‌ ടേബിളും 1000 രൂപയ്ക്ക് കസേരകളുമെല്ലാം ഇവിടെ നിന്നും ലഭിക്കും. നല്ലയിനം തേക്ക്, മഹാഗണി , മാഞ്ചീയം എന്നിവയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനു പുറമേ ഇന്തോനേഷ്യ , മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള ഫര്‍ണിച്ചറുകളും ഇവിടെയുണ്ട്.

thrissur-onam-Furniture-Shop2
Representative Image

ഇനി എന്താണ് ഈ വിലക്കുറവിന്റെ രഹസ്യം എന്നറിയണോ ? എങ്കില്‍ കേട്ടോളൂ.. യുപി സ്വദേശികളായ തൊഴിലാളികള്‍ ആണ് ഇവിടെ കൂടുതലും ജോലി ചെയ്യുന്നത്. മരത്തിന്റെ ശാസ്ത്രീയമായ ഉപയോഗം തന്നെയാണ് ഈ വിലക്കുറവിന്റെ രഹസ്യം. കാരണം ഒരു കഷ്ണം തടി പോലും ഇവടെ പാഴായി പോകുന്നില്ല. സൂക്ഷ്മമായി ഒട്ടും വേസ്റ്റ് ഉണ്ടാകാതെ മരം മുറിച്ചെടുക്കാന്‍ സഹായിക്കുന്ന യന്ത്രസാമഗ്രികള്‍ ആണിവിടെയുള്ളത്‌. ചെറിയ കഷണം തടിക്ക് പോലും ആവശ്യമായ തരത്തിലെ ഡിസൈനുകള്‍ ഇവിടെ നിന്നും കണ്ടെത്താം. അതായതു ഒരു ഫര്‍ണിച്ചര്‍ ഉണ്ടാക്കാന്‍ ഒരു മരം മുറിക്കുമ്പോള്‍ ബാക്കി വരുന്ന കഷ്ണങ്ങള്‍ കൊണ്ട് മറ്റൊരു ഫര്‍ണിച്ചര്‍ ഇവിടെ തയ്യാറാകുന്നുണ്ട്. ഇതുതന്നെ ഇവിടുത്തെ വിലക്കുറവിന്റെ ഗുട്ടന്‍സും.

thrissur-onam-Furniture-Shop1
Representative Image

ഇനി ഇവിടെ തട്ടിക്കൂട്ട് ഫർണിച്ചറാണ് വിൽക്കുന്നത് എന്ന് ആരോപിക്കേണ്ട.. കാരണം നെല്ലിക്കുഴിയിലെ ഫര്‍ണിച്ചറിന്റെ ഗ്യാരന്റ്റി 20 വർഷമാണ്. നഗരങ്ങളിലെ വന്‍കിടകടകളിലേക്ക് വരെ ഇവിടുന്നു ഫര്‍ണിച്ചര്‍ പോകുന്നുണ്ട്. ഇനി വിലകുറവ് വേണം എന്നുള്ളവര്‍ക്ക് പല തടികള്‍ കൊണ്ട് ഫര്‍ണിച്ചര്‍ ചെയ്ത് അതിനു ഒരുനിറം നല്‍കുന്ന പതിവുണ്ട്. ഇത് ഉപഭോക്താക്കളുടെ സമ്മതത്തോടെ തന്നെയാണ് ചെയ്തു കൊടുക്കുന്നതും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA