അടുക്കളയിലെ സ്പോഞ്ച് അപകടകാരിയാകുന്നത് ഇങ്ങനെ...

sponge-kitchen
SHARE

എത്രയൊക്കെ വൃത്തിയാക്കി വച്ചാലും വീട്ടിനുള്ളില്‍ നിങ്ങളുടെ ശ്രദ്ധ പതിയാതെ ഒരു വില്ലന്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? മറ്റാരുമല്ല നിങ്ങള്‍ പാത്രം കഴുക്കാന്‍ ഉപയോഗിക്കുന്ന സ്പോഞ്ച് അല്ലെങ്കിൽ സ്‌ക്രബർ തന്നെ.. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചിൽ അണുക്കൾ ഒളിച്ചിരിക്കുന്ന കാര്യം ആരും ചിന്തിക്കാറില്ല. എല്ലാത്തരം ആഹാരപദാര്‍ഥങ്ങളും കഴുകി വൃത്തിയാക്കുന്ന സ്പോഞ്ചില്‍ അവയുടെ അംശം ധാരാളം ഉണ്ടാകും. ഇത് കോടികണക്കിന് അണുക്കളുടെ വിഹാരകേന്ദ്രമാക്കി സ്പോഞ്ചിനെ മാറ്റും. മൃദുവും വഴക്കമുള്ളതുമായ പോളിയൂറത്തീന്‍ ഫോം ഉപയോഗിച്ചാണ്‌ സ്‌പോഞ്ചുകള്‍ നിര്‍മ്മിക്കുന്നത്‌. ഇവയ്‌ക്ക്‌ ജലാംശം ആഗിരണം ചെയ്യാനും ശേഖരിച്ച്‌ വയ്‌ക്കാനും കഴിയും. 

അടുത്തിടെ നടത്തിയ ഒരു ഗവേഷണം പറയുന്നത് ചൂട് വെള്ളത്തില്‍ ഇട്ടു കഴുകിയാല്‍ പോലും സ്പോഞ്ചിലെ കീടാണുക്കള്‍ മുഴുവനും നീങ്ങുന്നില്ല എന്നാണ്. അപ്പോള്‍ പിന്നെ അവ വരുത്തി വയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഓർത്തുനോക്കൂ. റിസ്ക് ഗ്രൂപ്പ് 2 ബാക്ടീരിയ അടങ്ങിയതാണ് അടുക്കളയിലെ സ്പോഞ്ച്. മുട്ട , ഇറച്ചി തുടങ്ങിയ അവശിഷ്ടങ്ങള്‍ പാത്രങ്ങളില്‍ നിന്നും വൃത്തിയാക്കുന്ന സ്പോഞ്ചില്‍ അപകടകാരികളായ വൈറസുകള്‍, സൂക്ഷ്‌മാണുക്കള്‍ എന്നിവ വളരാന്‍ സാധ്യതയുണ്ട്‌. ഇവ പതിവായി അണുവിമുക്തമാക്കാതിരുന്നാല്‍ ആഹാരത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങളായ സാല്‍മോണല്ല, ഹെപ്പറ്റൈറ്റിസ്‌ എ മുതലായവ ബാധിക്കും. 

sponge-kitchen-problem

എങ്ങനെയാണു ഇവ വൃത്തിയാക്കേണ്ടത് എന്ന് നോക്കാം. അടുക്കള സ്പോഞ്ച് രണ്ടു ദിവസം കൂടുമ്പോള്‍ അണുവിമുക്തമാക്കണം. അതുപോലെ ഒരിക്കലും മറ്റു അവശിഷ്ടങ്ങള്‍ ഇതില്‍ പറ്റിപിടിച്ചിരിക്കാന്‍ ഇടവരരുത്. ഉപയോഗം കഴിഞ്ഞാല്‍ നന്നായി ഈര്‍പ്പം കളഞ്ഞു വേണം ഇവ സൂക്ഷിക്കാന്‍. ഒരിക്കലും രാത്രി മുഴുവന്‍ സ്പോഞ്ച് വെള്ളത്തില്‍ ഇട്ടുവയ്ക്കരുത്.

മൈക്രോവേവ് ഉണ്ടെങ്കില്‍ സ്പോഞ്ച് അടിക്കടി വൃത്തിയാക്കാം. ഒരു മൈക്രോവേവ്‌ സേഫ്‌ ബൗളില്‍ അരക്കപ്പ്‌ തണുത്ത വെള്ളം എടുത്ത്‌ അതില്‍ സ്‌പോഞ്ച്‌ മുക്കിവയ്‌ക്കുക. ബൗള്‍ മൈക്രോവേവ്‌ അവ്നിൽ വയ്‌ക്കുക. അതിനുശേഷം ഏറ്റവും ഉയര്‍ന്ന ചൂടില്‍ രണ്ടു മിനിറ്റ്‌ നേരം അവ്ൻ പ്രവര്‍ത്തിപ്പിക്കുക. എന്നാല്‍ ഇതുവഴി ദുർബലമായ ബാക്ടീരിയകൾ മാത്രമേ ഇല്ലാതാകൂ എന്ന് ഓര്‍ക്കുക. അടിക്കടി അടുക്കള സ്പോഞ്ച് മാറ്റി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒരു മാസം പോലും ഒരു സ്പോഞ്ച് ഉപയോഗിക്കരുത്. ഇതിന്റ കാര്യത്തില്‍ ലാഭം പിടിക്കുന്നതിനെ പറ്റി ചിന്തിക്കണ്ട. 

English Summary- Kitchen Sponge Scrubber Use; Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA