തുണികളിലെ കറ, ജീൻസിലെ ദുർഗന്ധം; പരിഹരിക്കാൻ എളുപ്പവഴികൾ

stains-in-dress
SHARE

ഒരു വീട്ടിലെ ഏറ്റവും വലിയ പണി എന്താണെന്ന് ചോദിച്ചാല്‍ അത് തുണിയലക്കല്‍ ആണെന്ന് പറയും വീട്ടമ്മമാര്‍. ഇനി കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ പറയുകയും വേണ്ട. അഴുക്കും കറയും തുണികളില്‍ ഉണ്ടാകും എന്നതില്‍ സംശയം വേണ്ട. തുണി അലക്കാന്‍ എല്ലാവർക്കും അറിയാം. പക്ഷെ തന്ത്രപരമായ ചില പൊടികൈകള്‍ പ്രയോഗിച്ചാല്‍ തുണി അലക്കുന്ന പണി എളുപ്പത്തിലാക്കാം. അതിനു ആദ്യം ഓരോ തരത്തിലെ തുണികളും എങ്ങനെയാണ് വൃത്തിയാക്കേണ്ടത് എന്നറിയണം. കോട്ടന്‍ തുണി കഴുകുന്ന പോലെ അല്ല ടവല്‍ കഴുകുക. ടവല്‍ കഴുകുന്ന പോലെയാവില്ല വെള്ളവസ്ത്രം കഴുകുക. അപ്പോള്‍ ഓരോ തുണിയുടെയും രീതി അറിഞ്ഞു വേണം കഴുകാന്‍ എന്ന് സാരം. 

ഡിറ്റർജന്റ് പൗഡർ പകുതി ചേര്‍ത്തു വിനാഗിരിയും ബേക്കിങ് സോഡയും ചേര്‍ത്താണ് മൃദുവായ പതുപതുപ്പുള്ള ടവലുകള്‍ കഴുകേണ്ടത്. ടവലുകൾ കഴുകുമ്പോൾ ഡ്രയർ ഷീറ്റ്സും ഫാബ്രിക്ക് സോഫ്റ്റനറും ഉപയോഗിക്കുന്നത് ഒഴിവാക്കുക.

തുണികള്‍ ബ്ലീച്ച് ചെയ്ത പോലെയാകാന്‍ വാഷിങ് സോഡ ഉപയോഗിക്കാം. പഴയ ടവലുകള്‍ വിനാഗിരിയും ബേക്കിങ് സോഡയും ഉപയോഗിച്ച്‌ വൃത്തിയാക്കുക. അവ പുതിയത് പോലെയാകും.

ജീന്‍സ് വല്ലപ്പോഴും കഴുകുന്ന ഒരു വസ്ത്രമാണ് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ സ്ഥിരമായ ഉപയോഗം മൂലം ജീന്‍സില്‍ ദുര്‍ഗന്ധം വരാന്‍ സാധ്യത ഉണ്ട്. അതിനൊരു പോംവഴിയുണ്ട്. ജീന്‍സ് മാസത്തിലൊരിക്കല്‍ ഫ്രീസറില്‍ വച്ചാല്‍ ദുര്‍ഗന്ധം ഇല്ലാതെയിരിക്കും.

jeans-cleaning

വ്യായാമം ചെയ്യുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങളിൽ ധാരാളം വിയർപ്പും അഴുക്കും അടിയാറുണ്ട്. ഇത് അലക്കുമ്പോൾ ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക. കറകൾ പെട്ടെന്നു പോകാനും ദുർഗന്ധം മാറാനും സഹായിക്കും.

കഴുകിയാലും അഴുക്ക് പോകാതെ ചിലപ്പോള്‍ തുണികളില്‍ പറ്റിപിടിച്ചു ഇരിക്കാറുണ്ട്. ഇതില്‍ പ്രധാനം ആണ് കോളര്‍. കോളറിലെ അഴുക്ക് കളയാൻ ടൂത്ത് ബ്രഷിൽ സോപ്പ് പുരട്ടി ഉരയ്ക്കുക.

എങ്ങനെയെങ്കിലും തുണികളില്‍ രക്തം പുരണ്ടു എന്ന് വയ്ക്കുക. പേടിക്കണ്ട. രക്തക്കറ മാറ്റാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം. അതുപോലെ കക്ഷത്തിലെ കറ കളയാൻ നാരങ്ങനീരും ബേക്കിങ് സോഡയും ഉപയോഗിക്കുക. കടുത്ത നിറമുള്ള തുണികളും ജീൻസും മറിച്ചിട്ട് അലക്കുക. നിറം മങ്ങാതെയിരിക്കും

നിറം ഇളകുന്ന വസ്ത്രങ്ങള്‍ ഒരിക്കലും മറ്റു വസ്ത്രങ്ങള്‍ക്കൊപ്പം ഇട്ടു കഴുകരുത്‌. നല്ല വെളുത്ത തുണി കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കുക. നിറമുള്ള തുണികൾക്ക് തണുത്ത വെള്ളമാണ് നല്ലത്. നിറമുള്ള തുണികൾ കഴുകാൻ തണുത്ത വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഡിറ്റർജന്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

washing-machine

തുണികള്‍ കഴുകുന്ന പോലെ തന്നെ പ്രധാനം ആണ് അവ കഴുകുന്ന വാഷിംഗ് മെഷിന്റെ വൃത്തിയും. മാസത്തിലൊരിക്കൽ വാഷിംഗ് മെഷീൻ വൃത്തിയാക്കേണ്ടതുണ്ട്‌. വാഷിങ് മെഷീനിൽ ദുർഗന്ധം അനുഭവപ്പെട്ടാൽ ചൂടുവെള്ളം നിറച്ച് വിനാഗിരിയും ബേക്കിങ് സോഡയുമിട്ട് പ്രവർത്തിപ്പിക്കുക. മെഷീൻ വൃത്തിയാകും.

English Summary- Cleaning Stains from Clothes, Easy Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA