വീട്ടിലെ പൊടിശല്യം കുറയ്ക്കാം; ഇതാ ചില എളുപ്പവിദ്യകൾ

dust-broom
SHARE

വീട്ടിലെ പൊടിശല്യം വീട്ടമ്മമാര്‍ക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. വീട്ടില്‍ ആര്‍ക്കെങ്കിലും അലര്‍ജി കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പൊടി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും പൊടിയും അഴുക്കും ഇല്ലാതാക്കാന്‍ പൂര്‍ണമായും കഴിയില്ല. എന്നാല്‍ ചില വിദ്യകള്‍ പരീക്ഷിച്ചാല്‍ വീട്ടിലെ പൊടിശല്യം കുറയ്ക്കാം.

ചില വസ്തുക്കള്‍ പടിക്കു പുറത്ത് - പൊടി അടിഞ്ഞു കൂടാന്‍ കാരണമാകുന്ന ചില വസ്തുക്കള്‍ വീട്ടില്‍ നിന്നും പുറംതള്ളുക എന്നതാണ് പൊടിശല്യം ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്. അനാവശ്യ ഗൃഹോപകരണങ്ങള്‍ പഴയ കാര്‍പറ്റ്‌, ചവിട്ടി, പഴയ കർട്ടൻ, പഴയ മെത്ത, പഴയ പേപ്പറുകളും മാസികകളും എല്ലാം ഇതില്‍ ഉള്‍പ്പെടും.

കാര്‍പറ്റ്‌ - കാര്‍പ്പറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വർധിക്കുന്നതിന് കാരണം. അതുകൊണ്ട് ആദ്യം തന്നെ കാര്‍പറ്റ്‌ പൂര്‍ണമായും ഒഴിവാക്കണം. ഏറ്റവും കൂടുതല്‍ പൊടി കൊണ്ടുവരുന്നതാണ് കാര്‍പറ്റ്‌. ഇനി കാര്‍പറ്റ്‌ ഇട്ടേ കഴിയൂ എന്നുണ്ടെങ്കില്‍ അവ ദിവസവും വൃത്തിയാക്കുക, ഇതിനായി ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കാം.

തുടയ്ക്കാം - ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി എല്ലായിടവും നന്നായി തുടച്ചിടുക.

ചെരുപ്പുകള്‍ - ചെരുപ്പുകളും മറ്റും കഴിവതും വീടിന് പുറത്ത് ഷൂ റാക്കില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഒരിക്കലും വീട്ടിനകത്ത് ചെരിപ്പിട്ട് കയറാനോ ചെരുപ്പ് ഉപയോഗിക്കാനോ പാടുകയില്ല. ചെരുപ്പുകളില്‍ പൊടി വേഗം അടിഞ്ഞു കൂടും . ഒപ്പം പുറത്തെ അഴുക്കും ചെരുപ്പുകളിലൂടെ ഉള്ളിലെത്തും.

ജനലുകള്‍ അടച്ചിടുക- റോഡിനു അടുത്താണ് വീടെങ്കില്‍ ജനലുകള്‍ കഴിവതും അടച്ചിടുക. അതിരാവിലെയും രാത്രിയും ജനലുകള്‍ തുറന്നു വയ്ക്കാം. നല്ല ഡോര്‍ കര്‍ട്ടന്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

ഫര്‍ണിച്ചര്‍ - മരം കൊണ്ടുള്ള ഗൃഹോപകാരങ്ങള്‍ നിത്യവും നല്ല പോലെ തുടയ്ക്കാം. ചിതല്‍ പിടിക്കാതിരിക്കാന്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും വാര്‍ണിഷ് അടിക്കാം. ഇടയ്ക്കിടെ എല്ലാ ഫര്‍ണിച്ചറുകളും തുടയ്ക്കുക. 

ഫാന്‍ - പൊടിഅടഞ്ഞു കൂടി ഇരിക്കുന്ന മറ്റൊരു സ്ഥലം ആണ് വീട്ടിലെ ഫാനുകള്‍. ഫാനിലെ പൊടി ആഴ്ചതേ‍ാറും തുടയ്ക്കണം. 

എസി - ചൂട് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന എസി വാങ്ങുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എയര്‍ കണ്ടിഷണറുകള്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉണ്ടാക്കുന്ന പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍ കഴിവുള്ള 'ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് അബ്‌സോര്‍ബ്ഷന്‍'ഉള്ളവ വാങ്ങുക.

English Summary- Removing Dust from House; Easy Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA