ADVERTISEMENT

ദിവസങ്ങളോളം വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്നത് സങ്കൽപിക്കാനേ ആകുമായിരുന്നില്ല പലർക്കും. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ മറ്റു മാർഗമില്ലെന്നിരിക്കേ, ആ വീട്ടിലിരിപ്പ് പരമാവധി സുഖകരമാക്കാനുള്ള ശ്രമമാണു നടത്തേണ്ടത്. വർക്ക് ഫ്രം ഹോം മറ്റുമായി ഏറെ ദിവസം അകത്തിരിക്കുമ്പോൾ ഉണ്ടാകാവുന്ന മാനസിക വ്യതിചലനങ്ങളെ അതിജീവിക്കാൻ പല മാർഗങ്ങളും തേടേണ്ടിവരും. അതിൽ ഏറ്റവും പ്രധാനമാണ് വീടുകളിലെ ഗന്ധങ്ങൾ. മാനസിക വ്യാപാരങ്ങളെ നിയന്ത്രിക്കുന്നതിൽ സുഗന്ധത്തിനുള്ള പങ്ക് നിർണായകമാണ്.

ഗന്ധങ്ങൾ വെറും ഗന്ധങ്ങളല്ല

ഓരോ ഗന്ധത്തിനും മനുഷ്യരെ പല തരത്തിൽ ഉദ്ദീപിപ്പിക്കാൻ കഴിയും. എന്നാൽ അതെല്ലാം കൃത്യമായ സാഹചര്യങ്ങളിൽ ഉപയോഗിക്കണമെന്നു മാത്രം. ഗന്ധങ്ങളെ വെറും ഗന്ധങ്ങളായി മാത്രം കാണേണ്ടതില്ല. നമ്മുടെ മാനസിക താളങ്ങളുടെ താക്കോൽ കൂടിയാണ് അവ.

നാരങ്ങ, ഓറഞ്ച് മുതലായ സിട്രസ് ഗന്ധങ്ങൾ ഉത്കണ്ഠയും പിരിമുറുക്കവും ഗണ്യമായി കുറയ്ക്കും. ലാവൻഡറിന്റെ ലോലമായ ഗന്ധം വൈകാരിക പിരിമുറുക്കം നിയന്ത്രിക്കുന്നു. അതിന്റെ സഹോദര പുഷ്പമായ മുല്ല നാഡികളെ സാന്ത്വനപ്പെടുത്തുകയും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ഉയർത്തുകയും പുതുഊർജം പകരുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ.

റോസ് ജാഗ്രത വർധിപ്പിക്കുകയും, തലവേദനകളും വേദനകളും പേശീവേദനകളും പരിഹരിക്കുകയും, ഓർമശക്തി വർധിപ്പിക്കുന്നതിനോടൊപ്പം ശരീരതളർച്ചയ്ക്കെതിരെ പോരാടുകയും ചെയ്യുന്നു. കറുവാപ്പട്ടയുടെ വൃക്ഷ, പഴജന്യമായ ഗന്ധം ഏകാഗ്രത വർധിപ്പിക്കുകയും മാനസികമായ തളർച്ചയിൽ നിന്ന് ആശ്വാസം പകരുകയും ചെയ്യുന്നുവെന്നാണ് മറ്റൊരു കണ്ടെത്തൽ. ഞൊടിയിടയിൽ ഊർജ്ജവും ചൈതന്യവും പകരുന്നതാണ് പുതിന. ഇത് മസ്തിഷ്കോദ്ദീപനത്തെ സഹായിക്കുകയും ചിന്താ പ്രക്രിയ നേരെയാക്കുകയും ചെയ്യുന്നു.

വീട്ടിൽ പ്രയോഗിക്കാം ചില പൊടിക്കൈകൾ

 

 കിടപ്പുമുറി

കിടപ്പുമുറിയിൽ സൗരഭ്യത്തിനും ഒപ്പം ഊഷ്മളമായ പ്രകാശത്തിനുമായി ഒരു അൾട്രാസോണിക് ഡിഫ്യൂസർ ഉപയോഗിക്കാം. ലാവെൻഡറിലും ഫെന്നെലിലുമുള്ള (ചതകുപ്പ) പില്ലോ മിസ്റ്ററുകൾ ഉപയോഗിക്കുക. ഇത് ഉറക്കം കൂടുതൽ സുഖകരമാക്കും. മുറിയുടെ മൂലയിൽ ഒരു ചെറു പാത്രത്തിൽ സുഗന്ധമുള്ള സാഷേകൾ ഇട്ടുവയ്ക്കാം. 

ബാത്ത് റൂം

ഒന്നുരണ്ട് ടീ ലൈറ്റുകളും ഇഞ്ചിപ്പുല്ലിന്റെ സൗരഭ്യമുള്ള സിറാമിക് ഡിഫ്യൂസറുകളും വയ്ക്കാം

 അടുക്കള

ഇവിടെ സിട്രസ് സുഗന്ധം പരീക്ഷിക്കുക. സിട്രസ് കഷണങ്ങളും ലവൻഡറും പുതിനയും പോലുള്ള സസ്യങ്ങളും ചേർത്ത് ഒരു പാനിൽ വെള്ളം തിളപ്പിക്കുക. 

 ലിവിങ് ഏരിയ

വീട്ടിലെ നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട മൂല തിരഞ്ഞെടുക്കുക. അവിടെ പുഷ്പദലങ്ങളും സൗരഭ്യമുള്ള  മെഴുകുതിരികളും നിറച്ച ഗ്ലാസ്സ് ബൗളുകൾ വയ്ക്കാം. 

 വരാന്ത

ജോലിക്ക് ശേഷമുള്ള സമയം ആനന്ദപ്രദമാക്കാൻ വരാന്തയിൽ, ട്യൂബർറോസിന്റെ സുഗന്ധത്തോടു കൂടിയ കാൻഡിൽ ഹോൾഡർ തൂക്കുക.

 പൂന്തോട്ടം

ഇഞ്ചിപ്പുല്ലും പുൽതൈലവും 

മറ്റ് സസ്യ സത്തുക്കളോടൊപ്പം സംയോജിച്ച് സുഖദായകയമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. 

 

ഗന്ധംകൊണ്ട് നിയന്ത്രിക്കാം തലച്ചോർ

നമ്മുടെ നാഡികളും  മസ്തിഷ്കത്തിലെ ലിംബിക് സംവിധാനവും തമ്മിൽ നേരിട്ടു ബന്ധമുണ്ട്. ലിംബിക് സംവിധാനം മസ്തിഷ്കത്തിന്റെ വികാരങ്ങൾ, പ്രചോദനങ്ങൾ, പഠനം എന്നിവ കൈകാര്യം ചെയ്യുന്ന ഭാഗത്തെ നിയന്ത്രിക്കുന്നു. ഇതിന്റെ അർത്ഥം ഗന്ധത്തിന് നമ്മുടെ മൂഡുകളെയും വികാരങ്ങളെയും എളുപ്പം സ്വാധീനിക്കാനാവും എന്നതാണ്.

ശ്രദ്ധയൂന്നാനോ, ഏകാഗ്രത കൈവരിക്കാനോ, പിരിമുറുക്കം കുറയ്ക്കാനോ, റിലാക്സ് ചെയ്യാനോ സാധിക്കുന്നില്ല എന്ന് തോന്നുന്ന അവസരത്തിൽ അരോമാതെറപ്പി ഒരു പരിഹാരമാകുന്നത് അതുകൊണ്ടാണ്. ചില സുഗന്ധങ്ങൾക്ക് മസ്തിഷ്കത്തിന്റെ ഹൈപോതലാമസിനെ സജീവമാക്കാനും അതുവഴി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകൾ അയയ്ക്കാനും സാധിക്കും. ഹൈപോതലാമസിൽ നിന്നുള്ള ഹോർമോണുകൾ ഊഷ്മാവ് നിയന്ത്രണം, ദാഹം, വിശപ്പ്, ഉറക്കം, മൂഡ്, ലൈംഗിക ചോദനം, ശരീരത്തിനുള്ളിൽ തന്നെയുള്ള മറ്റ് ഹോർമോണുകളുടെ റിലീസ് എന്നിങ്ങനെയുള്ള  പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. അവ പിരിമുറക്കം മൂലമുണ്ടാകുന്ന വേദനകൾ, പേശികളിലെ വേദനകൾ, വിശേഷിച്ചും തോളുകളിലെ വേദന എന്നിവ കുറയ്ക്കും എന്നും പഠനങ്ങൾ പറയുന്നു. ഇവയ്ക്ക് ആന്റി–വൈറൽ, ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ സവിശേഷതകളുമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

English Summary- Improve Work from Home Atmosphere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com