ADVERTISEMENT

കോവിഡും ലോക്ഡൗണും എല്ലാം ആളുകളുടെ ക്രിയാത്മകത വർധിപ്പിച്ചിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നത്. തിരക്കേറിയ ജോലിക്കും ജീവിതത്തിനും ഇടയിൽ, വീട് പലർക്കും അന്തിയുറങ്ങാനുള്ള ഒരിടം മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ലോക്ഡൗണിനെ തുടർന്ന് വീട്ടിൽ തന്നെ  കുത്തിയിരിക്കേണ്ട വന്നപ്പോൾ വീടിനെ കൂടുതലായി സ്നേഹിക്കാനും വീട് മോടി പിടിപ്പിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യാനും തുടങ്ങി.

അങ്ങനെയാണ് അലമാരയിൽ ഉപയോഗശൂന്യമായി, സ്ഥലം മെനക്കെടുത്തി ഇരുന്നിരുന്ന പഴയ ജീൻസുകൾക്ക് പൂന്തോട്ടത്തിലേക്ക് സ്ഥാനമാറ്റം കിട്ടിയത്. വിദേശ രാജ്യങ്ങളിൽ പ്രാബല്യത്തിലുള്ള ജീൻസ് റീസൈക്ലിംഗിന്റെ കേരള വേർഷൻ പരീക്ഷിക്കാൻ ആകെ വേണ്ടത് ഉപയോഗ ശൂന്യമായ ജീൻസും കുറച്ച് ക്രിയാത്മകതയും ചെടികളോടുള്ള സ്നേഹവുമാണ്.

വീടിന്റെ മതിലുകളിലും പ്രത്യേകമായി തയ്യാറാക്കിയ ഇരിപ്പിടങ്ങളിലും മരത്തണലുകളിലും ജീൻസ് പൂച്ചട്ടികൾ സ്ഥാപിക്കാവുന്നതാണ്.  നീല നിറത്തിലുള്ള ജീൻസുകളാണ് പൂന്തോട്ടങ്ങൾക്ക് അഴക് പകരുന്നത്. ഒരു വ്യക്തിയുടെ കാഴ്ചയിലേക്ക് ഇത് പെട്ടന്ന് തന്നെ കയറി ചെല്ലുന്നതിനാൽ ഇത് പൂന്തോട്ടത്തെ ജീവസുറ്റതാക്കുന്നു. പൂന്തോട്ടത്തിൽ ഒരു വ്യക്തി ഇരിക്കുന്ന പ്രതീതിയാണ് ജീൻസ് പൂച്ചട്ടികൾ നൽകുന്നത്.

 

jeans-gardens

ജീൻസിൽ ചെടി വളർത്തുമ്പോൾ..

ആർക്കും പരീക്ഷിക്കാവുന്ന ഒന്നാണ് ജീൻസിൽ ചെടി വളർത്തൽ എങ്കിലും അടിസ്ഥാനപരമായ ചില കാര്യങ്ങൾ അറിഞ്ഞശേഷം ഈ മേഖലയിൽ കൈ വയ്ക്കുന്നതാണ് ഉചിതം. ആദ്യമായി എവിടെയാണ് ജീൻസ് പൂച്ചട്ടി വയ്ക്കുന്നത് എന്ന് മുൻകൂട്ടി ഉറപ്പിക്കണം. മതിലിന് മുകളിൽ ആണെങ്കിൽ കാലുകൾ തൂക്കിയിട്ട പൊസിഷനിൽ മണ്ണ് നിരക്കുന്നതാണ് ഉചിതം. ബാൽക്കണികളിൽ ആണെങ്കിൽ ജീൻസ് ആവശ്യമുള്ള വലുപ്പത്തിൽ വെട്ടിയൊതുക്കണം.

മണ്ണ് താഴേക്ക് പോകാതിരിക്കുന്നതിനായി അടിഭാഗം കെട്ടിയിടണം. കൂടുതൽ ഒറിജിനാലിറ്റി വേണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉപയോഗശൂന്യമായ ഷൂസ് ജീൻസിന്റെ കീഴ്ഭാഗത്തായി ഘടിപ്പിക്കാം. കാറ്റിലും മഴയിലും കേടുപാടുകൾ സംഭവിക്കാതിരിക്കണം എങ്കിൽ ജീൻസിൽ പൂർണമായും മണ്ണ് നിറയ്ക്കുകയാണ് ഉചിതം.  ജീൻസിന്റെ അരഭാഗം വരുന്നിടത്താണ് ചെടികൾ നടുക. ഈ ഭാഗത്ത് അതെ ആകൃതിയിലുള്ള ചെടിചട്ടിയോ  പാത്രമോ ഇറക്കി വച്ച് അതിൽ മണ്ണ് നിറയ്ക്കാം. ഇത് ചെടിയുടെ വേര് ജീൻസിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ സഹായിക്കും.

അടുത്തായി ശ്രദ്ധിക്കേണ്ടത് നടാൻ തെരഞ്ഞെടുക്കുന്ന ചെടിയുടെ കാര്യമാണ്. പടർന്നു പന്തലിക്കാത്ത ബുഷ് മോഡൽ ചെടികളും പുൽച്ചെടികളുമാണ് ഇത്തരം ഗാർഡനിംഗ് രീതികൾക്ക് നല്ലത്. അപൂർവമായി പൂക്കൾ ഉണ്ടാകുന്ന നീളത്തിൽ വളരുന്ന ചെടികളും നട്ടുകാണാറുണ്ട്. വെള്ളം തളിച്ച് കൊടുക്കുന്ന ചെടികളാണ് ധാരാളം വെള്ളവും വളവും അനിവാര്യമായ ചെടികളെക്കാൾ നല്ലത്.

ഇനി ഇത്രയേറെ പണിപ്പെടാൻ താല്പര്യമില്ലാത്ത വ്യക്തികളാണ് എങ്കിൽ അരഭാഗത്ത് ചെടിച്ചട്ടി ഇറക്കി വച്ച ശേഷം, താഴേക്ക് താങ്ങി കിടക്കുന്ന കാൽഭാഗത്ത് ഉപയോഗശൂന്യമായ തുണി, കാർഡ്ബോർഡ് എന്നിവ നിറച്ചും ചെടി നടാം. അപ്പോൾ ഇനി ഉപയോഗശൂന്യമായ ജീൻസ് എടുത്ത് വലിച്ചെറിയും മുൻപ് സ്വന്തം പൂന്തോട്ടത്തിലേക്ക് ഒന്ന് നോക്കാവുന്നതാണ്...

English Summary- Lockdown Garden Creativity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com