ADVERTISEMENT

റസ്റ്ററന്റിനകത്തേക്കു കടന്നു വരുന്ന പച്ചപ്പ്, പുറത്തു പച്ചപ്പിനടുത്തിരുന്ന് ഓപ്പൺ എയറിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യം. ഒന്നാം നിലയ്ക്കിടയിലൂടെ കയറി വരുന്ന മാവിന്റെ തണലിൽ വരാന്തയിലിരുന്നും രുചി ആസ്വദിക്കാം.  ഭക്ഷണത്തെപ്പോലെ സ്വാദുള്ളതാകണം പരിസരവുമെന്നു കരുതിയ തോംസൺ ഗ്രൂപ്പ് ഉടമകളുടെ സ്വപ്നമാണ് ഈ റസ്‌റ്ററന്റ്. അതുണ്ടാക്കാ‍ൻ അവർ കൂടെ കൂട്ടിയത് ഈ രംഗത്തു ചുവടുവച്ചു തുടങ്ങിയൊരു ചെറുപ്പക്കാരനെയും. ഇക്കണ്ട വാരിയർ റോഡിലെ തോംസൺസ് കാസയെന്ന റസ്‌റ്ററന്റ് ഒരുക്കിയിരിക്കുന്നതു പച്ച നിറഞ്ഞ ഭക്ഷണാനുഭവമാണ്. എല്ലായിടത്തും പച്ചപ്പ്, മതിലുകളിലെല്ലാം വെർട്ടിക്കൽ ഗാർഡന്റെ സമൃദ്ധി. പുതിയ ഒരു കാര്യം തുടങ്ങുമ്പോൾ അത് എല്ലാംകൊണ്ടും പുതിയതാകണമെന്നു തോന്നി– തോംസൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.ടി. ഡേവിസ് പറയുന്നു.

Thomsons-Casa
തോംസൺസ് കാസ

രണ്ടു തട്ടുപോലെ കിടന്ന ഭൂമി അതുപോലെ നിലനിർത്തിയാണ് ഈ റസ്റ്ററന്റ് നിർമിച്ചത്. പറമ്പിലെ ഒരുമരവും മുറിച്ചില്ല. നടുവിലുണ്ടായിരുന്ന ഏക മാവ് ഒന്നാം നിലയുടെ വരാന്തയിലൂടെ തുളച്ചു വളർന്നു പുറത്തേക്കു നിൽക്കുന്നു. തൃശൂരിലെ കാലടെൽ ഡവലപ്പേഴ്സാണ് ഇത് ആസൂത്രണം ചെയ്തത്. പ്രകൃതിയുടെ ശാന്തതയിൽ ഇരുന്നു ഭക്ഷണം കഴിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നു കാലടെൽ സിഇഒ ആകാശ് ആനന്ദ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ബ്രോയ്‌ലർ ഫാം ശൃംഖലയുടേയും ക്വാറികളുടെയും ഉടമകളായ തോംസൺ ഗ്രൂപ്പ് ആദ്യമായാണു റസ്റ്ററന്റ്  രംഗത്തേക്കു കടക്കുന്നത്.

പ്രോപ്പർട്ടിയുടെ 40% പച്ചപ്പിനായി ഉപയോഗിച്ചിരുന്നു. റസ്റ്ററന്റിന്റെ മതിലുകൾ കൂടി ചേർത്താണിതു ചെയ്തിരിക്കുന്നത്. മതിലിനു പകരം ഒരു വശത്തു 12 അടിയോളം ഉയരത്തിൽ വള്ളികൾ പടർത്തിയിരിക്കുകയാണ്. കാട്ടിൽ വളരുന്നതെന്നു തോന്നുന്ന വലിയ ഇലകളുള്ള വാഴകളെപ്പോലെ തോന്നിക്കുന്ന ചെടികൾ നൽകുന്നതു വന്യ സൗന്ദര്യമാണ്. പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം പ്രത്യേകതരം ചാക്കുകളാണു വെർട്ടിക്കൾ ഗാർഡന് ഉപയോഗിച്ചിരിക്കുന്നത്. ചെടികളുടെ വേരുകളുകൾ ഇതിലൂടെ പുറത്തേക്കു വളർന്നു ചുമരിനെ പതിയെ പച്ചകൊണ്ടു പൊതിയും. വെൽട്ടിക്കൽ ഗാർഡനിലെ ചെടികളെല്ലാംതന്നെ പച്ചയുടെ പല വകഭേദങ്ങളാണ്. എല്ലാം ഒരേ തരത്തിൽ വളരുന്നവ. ഒരു ചെടി വളർന്നു മറ്റൊരു ചെടിയുടെ ഭംഗി ഇല്ലാതാക്കാതെ നോക്കിയിരിക്കുന്നു. 

പലയിടത്തുനിന്നായി കൊണ്ടു വന്ന പാലകളും മറ്റു മരങ്ങളും ഇവിടെ നട്ടിരിക്കുന്നു. നല്ല പ്രായമുള്ള മരങ്ങൾതന്നെയാണു പറിച്ചു നട്ടിരിക്കുന്നത്. പാല മരങ്ങളുടെ അടിയിലെ കുളത്തിൽ നിറയെ മീനുകളാണ്. ചെടികൾക്ക് ഇടയിലാണ് ടേക്ക് എവെ കൗണ്ടറുകളിലൊന്ന്. മഴ ഒഴിയുന്നതോടെ ഇവിടേയും ഡൈനിങ് ടേബിളുകൾ ഇടും. പച്ചമതിലിനു താഴെ ഇരുന്നു കഴിക്കാനായി അരമതിൽ ഇരിപ്പിടമാക്കി മാറ്റിയിരിക്കുന്നു. 55 സെന്റ് സ്ഥലമാണ് തോംസൺ മനോഹരമായ ഭക്ഷണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. 

തൃശൂർ കൂർക്കഞ്ചേരി ഗ്രീൻ പ്ലാനറ്റ് ലാന്‍ഡ് സ്കേപ്പിങ്ങിലെ കെ.എം.വിഷ്ണുവെന്ന ചെറുപ്പക്കാരനാണ് ആകാശിനൊപ്പം ചേർന്ന് ഈ പച്ചപ്പുണ്ടാക്കിയെടുത്തത്. ഇലകളുടെ നിറങ്ങളും വലിയ ഇലകളും ചെറിയ ഇലകളും ചേർന്നുള്ള കോംപിനേഷനുമാണ് ഇത്തരമൊരു പച്ചപ്പിനു വഴിയൊരുക്കിയതെന്നു വിഷ്ണു പറഞ്ഞു. 12 വർഷമായി ലാൻഡ് സ്കേപ്പുകൾ ചെയ്യുന്ന വിഷ്ണവും ആകാശും ആന്ധ്രയിൽനിന്നുമാണ് ഈ ചെടികളിൽ ഭൂരിഭാഗവും കൊണ്ടുവന്നത്. തോംസൺ ഗ്രൂപ്പു നൽകിയ സ്വാതന്ത്രവും ആകാശ് എന്ന ആർക്കിടെക്റ്റിനു ചെടികളോടുള്ള പ്രേമവുമാണു പച്ചവിരിക്കാൻ ആവേശമായതെന്നു വിഷ്ണു  പറഞ്ഞു. അലോകേഷ്യ, കലാത്തിയ, മൊസ ഒറാന്റ തുടങ്ങി പാല വരെ പല തരത്തിലുള്ള മരങ്ങളും ചെടികളും ഇവിടെയുണ്ട്.

Thompson-Restaurant--2jpg
തോംസൺ ഗ്രൂപ്പ് എംഡി പി.ടി.ഡേവിസ്, ആകാശ് ആനന്ദ്, കെ.എം.വിഷ്ണു

 

റസ്റ്ററന്റ് – തോംസൺ കാസ, ഇക്കണ്ട വാരിയർ റോഡ്, തൃശൂർ. 

ആർക്കിടെക്റ്റ്– കാലടെൽ ഡവലപ്പേഴ്സ്, തൃശൂർ

ഗാർഡൻ – കെ.എം.വിഷ്ണു, ഗ്രീൻ പ്ലാനറ്റ്, കൂർക്കഞ്ചേരി, തൃശൂർ.

English Summary- Thomsons Restaurant with Mango Tree Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com