ADVERTISEMENT

മഴക്കാലമായതോടെ എലിശല്യം രൂക്ഷമാവുകയാണ്. മാളങ്ങളിൽ വെള്ളം കയറുമ്പോൾ, സൗകര്യംനോക്കി അവ വീടുകളിൽ കയറിക്കൂടുകയാണ് പതിവ്. ഭക്ഷണസാധനങ്ങൾ നാശമാക്കുന്നതിനൊപ്പം ഇവ ഉയർത്തുന്ന രോഗഭീഷണിയും വളരെ വലുതാണ്. കെണിവച്ചും എലിവിഷം ഉപയോഗിച്ചും ഇവയെ തുരത്താമെങ്കിലും പിടികൂടുന്നവയെ കൊന്നുകളയുന്നതും ചത്ത എലികളെ നീക്കം ചെയ്യുന്നതും അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. എലികൾ വരാതെ നോക്കുകയാണ് എളുപ്പവഴി. എലിശല്യം കൊണ്ട് പൊറുതിമുട്ടിയെങ്കിൽ അവയെ തുരത്താനുള്ള ചില എളുപ്പമാർഗ്ഗങ്ങൾ നോക്കാം. 

മോത്ത് ബോൾസ് 

moth-balls
Shutterstock By Peggy Hazelwood

എലികളെ തുരത്താനുള്ള എളുപ്പവഴിയാണ് വിപണിയിൽ ലഭ്യമായ മോത്ത് ബോൾസ്. എലികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള  സ്ഥലങ്ങളിൽ  മോത്ത് ബോൾസ് വയ്ക്കുക. എന്നാൽ മനുഷ്യർക്ക് മോത്ത് ബോൾസിന്റെ മണം ദോഷകരമായതിനാൽ കിടപ്പുമുറികളിൽ വയ്ക്കുകയോ കൈകൾകൊണ്ട് നേരിട്ട് അവയിൽ തൊടുകയോ ചെയ്യരുത്. 

കർപ്പൂരതുളസി തൈലം 

കർപ്പൂരതുളസിതൈലം പഞ്ഞിയിൽ മുക്കി എലികൾ കയറി വരാനിടയുള്ള വഴികളിൽ വയ്ക്കുക. ഇതിന്റെ ഗന്ധമേറ്റാൽ എലികൾ ആ വഴി വരില്ല. എലികളെ തുരത്തുന്നതിനൊപ്പം വീടുകൾ സുഗന്ധപൂരിതമാക്കി വയ്ക്കാൻ ഉപയോഗിക്കാവുന്ന ഒരു പൊടിക്കൈ കൂടിയാണിത്.  

ഗ്രാമ്പു, കറുവയില, പുതിനയില 

ഗ്രാമ്പുവിന്റെ വാസനയും എലികൾക്ക് അത്ര പഥ്യമല്ല. ഗ്രാമ്പൂ തുണികൊണ്ട് പൊതിഞ്ഞ് എലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചാൽ അവയെ ഒഴിവാക്കാം. സമാനമായ രീതിയിൽ ഉണങ്ങിയ കറുവയില വിതറുന്നതും പുതിനയുടെ മണമുള്ള കിഴികൾ പലഭാഗത്തായി വയ്ക്കുന്നതും ഗുണം ചെയ്യും. 

അമോണിയ 

ഒരു പാത്രത്തിൽ കാൽ ഗ്ലാസ് വെള്ളമെടുത്ത് അതിൽ രണ്ട് സ്പൂൺ സോപ്പുപൊടി, രണ്ട് കപ്പ് അമോണിയ എന്നിവ നന്നായി യോജിപ്പിച്ച് എലിശല്യം രൂക്ഷമായ ഭാഗങ്ങളിൽ വയ്ക്കുക. അമോണിയയുടെ ഗന്ധം താങ്ങാനാവാതെ അവ പമ്പകടക്കും. 

കുരുമുളകും  ചുവന്നമുളകും 

ചുവന്ന മുളകിന്റെയും കുരുമുളകിന്റെയും തീക്ഷ്ണഗന്ധവും എലികൾക്ക് ഭയമാണ്. എലികളുടെ ഒളിസങ്കേതം കണ്ടെത്തി അവിടെ കുരുമുളകുപൊടിയോ ചുവന്നമുളകോ വിതറാം. കുഞ്ഞുങ്ങളോ അലർജിയുള്ളവരോ ഉണ്ടെങ്കിൽ  ഈ മാർഗ്ഗം പരീക്ഷിക്കും മുൻപ് പ്രത്യേകശ്രദ്ധ വേണം. 

സവാള 

എലികൾക്ക് പിടിക്കാത്ത മറ്റൊരു ഗന്ധം സവാളയുടേതാണ്. സവാള മുറിച്ച നിലയിൽ എലിശല്യം ഉള്ളിടത്ത് വയ്ക്കുന്നത് ഇവയെ അകറ്റും. 

ബേക്കിങ് സോഡ

എലികളെ മാത്രമല്ല വീട്ടിൽ കയറിക്കൂടുന്ന മറ്റു കീടങ്ങളെയും തുരത്താനുള്ള കഴിവ് ബേക്കിങ് സോഡയ്ക്കുണ്ട്. സുരക്ഷിതമായി ഉപയോഗിക്കാം എന്നതാണ് മറ്റൊരു മേന്മ. എലികൾ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ ബേക്കിങ് സോഡ വിതറിയശേഷം രാവിലെതന്നെ അവ നീക്കംചെയ്യുക. കുറച്ചുദിവസം ഈ രീതി പിന്തുടരാവുന്നതാണ്. 

English Summary- Get Rid of Rats at Home; Easy Cleaning Tips; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com