ADVERTISEMENT

ഇന്റീരിയർ ഒരുക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടാണ് ഇപ്പോൾ വീടുകൾ നിർമ്മിക്കപ്പെടുന്നത്. കെട്ടിടം നിർമ്മിച്ച ശേഷം അകത്തളം ഒരുക്കുന്നതിനായി ഡിസൈനിങ് കമ്പനികളെ ഏൽപ്പിക്കുകയാണ് പതിവ്. കേരളത്തിൽ ഭൂരിഭാഗവും ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും പ്രവർത്തിക്കുന്ന കമ്പനികളാണ്. പക്ഷേ ഒരു ന്യൂനപക്ഷമെങ്കിലും കള്ളനാണയങ്ങളുമുണ്ട്. ഉപഭോക്താക്കളുടെ അജ്ഞതയാണ് ഇക്കൂട്ടർക്ക് ധൈര്യമാകുന്നത്. വീടുപണിക്ക് നേരിട്ട് മേൽനോട്ടം വഹിക്കാത്ത പ്രവാസികളും, ഇതിനെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാരുമാണ് കൂടുതലും പറ്റിക്കപ്പെടുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ  ഇത്തരം തട്ടിപ്പുകളിൽ പണം നഷ്ടപ്പെടാതെ  രക്ഷപ്പെടാനാകും. 

 

മെറ്റീരിയൽ കൃത്യമാണെന്ന് ഉറപ്പിക്കണം 

കബോർഡുകളും ഷെൽഫുകളുമൊക്കെ സ്ഥാപിക്കുന്നതിന് മുൻപ് നിർദ്ദേശിച്ച മെറ്റീരിയൽ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഏതു മെറ്റീരിയൽ ഉപയോഗിക്കണമെന്നതുമായി ബന്ധപ്പെട്ട് ഉടമസ്ഥരുമായി ധാരണയിൽ എത്തിയശേഷം  നിർമ്മാണസമയത്ത്  അതേ മെറ്റീരിയൽ എന്ന് തോന്നിപ്പിക്കുന്ന ഗുണനിലവാരം കുറഞ്ഞവ ഉപയോഗിക്കുന്നവരുണ്ട്. ഒറ്റനോട്ടത്തിൽ മെറ്റീരിയൽ കണ്ടാൽ സംശയം തോന്നിയെന്ന് വരില്ല. എന്നാൽ  താമസം തുടങ്ങി ഏതാനും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാവും  മെറ്റീരിയലിൽ തട്ടിപ്പ് നടന്ന വിവരം മനസ്സിലാക്കുന്നത്. ഗുണനിലവാരം കുറഞ്ഞവ ആയതിനാൽ ഇവയ്ക്ക് വേഗം കേടുപാടുകൾ സംഭവിക്കുകയും  ചുരുങ്ങിയ കാലത്തിനുള്ളിൽ  മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വരികയും ചെയ്യും. 

 

റീപ്ലേസ്മെന്റ് വാറന്റി തട്ടിപ്പ് 

ഇന്റീരിയർ വർക്കുകൾക്ക് പത്തുവർഷം വരെ വാറന്റിയും ഇതിനുപുറമേ സർവീസ് വാറന്റിയും നൽകുന്ന ഡിസൈനിങ് കമ്പനികളുണ്ട്.  യൂണിറ്റ് റീപ്ലേസ്മെന്റ് വാറന്റി എന്ന തരത്തിലാണ് ഈ മേഖലയിൽ പ്രധാനമായും വാറന്റി തട്ടിപ്പ് നടക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള ഉത്പന്നങ്ങൾ ഒന്നായി ചേർത്താണ്  ഡിസൈനിങ് കമ്പനികൾ ഒരു യൂണിറ്റ് തയ്യാറാക്കുന്നത്. യൂണിറ്റ് റീപ്ലേസ്മെന്റ് വാറന്റി എന്ന് കേൾക്കുമ്പോൾ ഒരു യൂണിറ്റിൽ എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ അത് അപ്പാടെ മാറ്റി സ്ഥാപിക്കും എന്നാവും നാം മനസ്സിലാക്കുക.  അത് ഏറെ ഗുണകരമാണെന്ന് കരുതി കരാറിൽ ഏർപ്പെടുകയും ചെയ്യും. എന്നാൽ യൂണിറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന ഏതെങ്കിലുമൊരു പ്രോഡക്റ്റിന് മാത്രമാണ്  കേടുപാടു സംഭവിച്ചിരിക്കുന്നത് എങ്കിൽ  യൂണിറ്റ് അപ്പാടെ മാറ്റിസ്ഥാപിച്ചു തരില്ല എന്നതാണ് സത്യം. അതിനാൽ വാറന്റിയും റീപ്ലേസ്മെന്റും എങ്ങനെയാണെന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ ധാരണയിലെത്താവു. 

 

ബജറ്റിനും ആവശ്യത്തിനും ചേരാത്ത മെറ്റീരിയൽ 

ബജറ്റിനുള്ളിൽ നിൽക്കുന്ന ഏറ്റവും ഗുനിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച്  അകത്തളം ഭംഗിയാക്കാനാകും ഏവരും ആഗ്രഹിക്കുന്നത്. ഇതിന് അനുയോജ്യമായ മെറ്റീരിയൽ ഏത് എന്നതിനെക്കുറിച്ച് മുൻധാരണയും ഉണ്ടാവും. ഉപഭോക്താക്കളുടെ ഈ ആവശ്യങ്ങളറിഞ്ഞ് കൃത്യമായി  ഇന്റീരിയർ നിർമിച്ചു നൽകുന്ന കമ്പനികൾ ധാരാളമുണ്ട്. 

എന്നാൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കൂടുതൽ ലാഭം കൊയ്യാൻ ശ്രമിക്കുന്ന കള്ളനാണയങ്ങളും ഉണ്ടെന്ന് ഓർക്കണം. വീട്ടുടമസ്ഥർ തിരഞ്ഞെടുത്തിരിക്കുന്ന മെറ്റീരിയലിനേക്കാൾ മെച്ചപ്പെട്ടത് എന്ന തരത്തിൽ കമ്പനി സ്ഥിരമായി ഉപയോഗിക്കുന്ന മെറ്റീരിയൽ തന്നെ  തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചെന്നു വരാം. കെട്ടിടനിർമ്മാണത്തിൽ തങ്ങളെക്കാൾ അറിവുള്ളവർ പറയുന്നതിനാൽ ഇത് ശരിയായിരിക്കും എന്ന് കരുതുന്ന ഉപഭോക്താക്കൾ ഇത്തരം ക്യാൻവാസിങ്ങിൽ വീഴുകയും ചെയ്യും. ഉദ്ദേശിച്ച ബജറ്റിൽ നിൽക്കാതെ ഇന്റീരിയർ ഡിസൈനിങ്ങിനു അധിക തുക നീക്കിവയ്‌ക്കേണ്ട നിലയിലേക്ക് ഇത് എത്തിച്ചെന്ന് വരാം.  

അതിനാൽ ആരെയും കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക. നിങ്ങൾ ശരാശരി മാത്രം സാമ്പത്തികമുള്ള ആളാണെങ്കിൽ കഴിവതും വീട് അലങ്കരിക്കാൻ ഒരുപാട് പണം ചെലവഴിക്കാതിരിക്കുന്നതാണ് ഉത്തമം. അത് തിരിച്ചുകിട്ടാത്ത നിക്ഷേപമാണെന്ന് ഓർക്കുക.

English Summary- Interior Design Wrong Practices; Veedu Magazine 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com