ADVERTISEMENT

വീട് നിർമിച്ചുകഴിഞ്ഞാൽ ആവശ്യം മാത്രം നോക്കി ഏതെങ്കിലുമൊക്കെ ഫർണിച്ചറുകൾ വാങ്ങി നിറച്ചിരുന്ന കാലം കഴിഞ്ഞു.  അകത്തളത്തിലെ പ്രത്യേക തീമിന് അനുസരിച്ച് ഓരോകോണും ആകർഷകമാക്കുന്ന വിധത്തിലും വ്യത്യസ്തതകൾ നിറഞ്ഞ ഫർണിച്ചറുകളും അലങ്കാരവസ്തുക്കളും കണ്ടെത്തുന്നതാണ് ഇപ്പോൾ ട്രെൻഡ്. ചൂരൽ കസേരകളും മേശകളും ഒക്കെ നമുക്ക് ഏറെ പരിചിതമാണെങ്കിലും അവയിൽ തന്നെ വ്യത്യസ്തതകളൊരുക്കി അകത്തളത്തിന്റെ ലുക്ക് മാറ്റുന്ന ഉത്പന്നങ്ങൾ പുറത്തിറക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ വിക്കർ സ്റ്റോറി എന്ന കമ്പനി. 

പ്രിയങ്ക നരൂല എന്ന വനിതയുടെ സ്വപ്നസാക്ഷാത്കാരമാണ് വിക്കർ സ്റ്റോറി എന്നു പറയാം. ആർക്കിടെക്ചർ പ്രവർത്തനമേഖലയായി തിരഞ്ഞെടുത്ത പ്രിയങ്ക ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്നതിനായി നാടൻ വസ്തുക്കൾ ഉപയോഗിക്കുന്ന രീതി എത്രത്തോളം സുസ്ഥിരമായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇത്തരമൊരു ഉദ്യമത്തിലേക്ക് കടന്നത്. പരമ്പരാഗതമായ നിർമ്മാണ രീതിയും അധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ചൂരൽ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. 

cane-furniture-view

വ്യത്യസ്ത ആകൃതിയിൽ അമൂല്യമായ ഉത്പന്നങ്ങളാണ് നിർമ്മിച്ചെടുക്കുന്നത്. ആധുനികരീതിയിലും പരമ്പരാഗത രീതിയിലും നിർമിക്കപ്പെട്ട വീടുകളിൽ ഒരേപോലെ ചേർന്നുപോകുന്നവയാണ് ചൂരൽകൊണ്ടുള്ള ഫർണിച്ചറുകൾ. ഇതിനുപുറമേ ഏത് സ്ഥലത്താത്താണോ ഫർണിച്ചർ ഇടാൻ ഉദ്ദേശിക്കുന്നത് അവിടെ കൃത്യമായി ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ നിർമ്മിച്ചെടുക്കാൻ സാധിക്കും എന്നതും ഒരു സാധ്യതയാണ്. എന്നാൽ ആവശ്യാനുസരണം മാത്രം നിർമ്മിച്ചുനൽകുന്നതിനാൽ തുടക്കകാലത്ത് അത്ര എളുപ്പത്തിൽ പ്രചാരം നേടാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല. ലോക്ക്ഡൗൺ കാലം വന്നതോടെ കരകൗശല ഉൽപന്നങ്ങളുടെ വിപണന സാധ്യത കൂടിയത് ചൂരൽ ഫർണിച്ചർ നിർമ്മാണത്തിനും ഗുണകരമായി വന്നു. 

വാളൻപുളിയുടെ ആകൃതിയിലുള്ള ചൂരൽ ബഞ്ചാണ് വിക്കർ സ്റ്റോറിയിൽ ആദ്യമായി നിർമിക്കപ്പെട്ടത്. ഇന്നിപ്പോൾ ആവശ്യാനുസരണം എൻവലപ്പിന്റെയും പൂക്കളുടെയും പവിഴച്ചെപ്പിന്റെയുമടക്കം പ്രകൃതിവൈവിധ്യങ്ങളുടെ ആകൃതിയിലുള്ള കസേരകളും ലാംപ് ഷേഡുകളും വ്യത്യസ്തതരം തൂണുകളും അലങ്കാരവസ്തുക്കളുമെല്ലാം ഇവിടെ നിർമ്മിച്ചു നൽകുന്നുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിരവധി അവാർഡുകളും കമ്പനിയെ തേടിയെത്തി. 

ആവശ്യാനുസരണം നിർമിച്ചുനൽകുന്നവ ആയതിനാൽ ഫർണിച്ചറുകൾക്ക് അൽപം പണച്ചെലവുണ്ട്. ഉദാഹരണത്തിന് ഇംലി എന്ന പേര് നൽകിയിരിക്കുന്ന വാളൻപുളിയുടെ ആകൃതിയിലുള്ള ബെഞ്ചിന് 42,000 രൂപയാണ് വില. എങ്കിലും വ്യത്യസ്തമായും പ്രൗഢമായും വീട് അലങ്കരിക്കാൻ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നായി  വിക്കർ സ്റ്റോറിയെ തേടിയെത്തുന്നവർ ഇന്ന് ധാരാളമുണ്ട്. ഇന്ത്യയ്ക്ക് പുറത്തേക്ക് ഉൽപന്നങ്ങൾ എത്തിക്കാനുള്ള സാധ്യതകൾ തേടുകയാണ് ഇപ്പോൾ പ്രിയങ്ക.

English Summary- Furniture from Cane Success Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com