കുളിമുറി ആഡംബരത്തിനല്ല, ആവശ്യത്തിന്

Mail This Article
ബാത് ടബ്, ഷവർ, ക്യൂബിക്കിൾ എന്നിങ്ങനെ എല്ലാ ബാത്റൂമുകളിലും ആഡംബരത്തിനു പ്രാധാന്യം നൽകാൻ പോയാൽ കയ്യിലിരിക്കുന്ന പണം ചോർന്നു പോകുന്ന വഴിയറിയില്ല. കൈ പൊള്ളുന്ന വില കൊടുത്ത് ഇത്തരം ഫിറ്റിങ്സുകൾ വാങ്ങിയിട്ട് ഒരിക്കൽപോലും ഉപയോഗിക്കാതെ ഇരിക്കുന്നവരെ നമുക്ക് ചുറ്റുവട്ടത്തു കാണാം. അതുപോലെതന്നെയാണ് ബാത് ടബുകളുടെ കാര്യവും. നിങ്ങളുടെ പ്രദേശത്ത് വെള്ളം ആവശ്യത്തിന് കിട്ടുന്നില്ലെങ്കിൽ എല്ലാ ബാത്റൂമിലും ബാത് ടബ് വച്ചിട്ട് എന്തു പ്രയോജനം?
ബാത്റൂമുകളിൽ വൈറ്റ്, ഡ്രൈ ഏരിയകൾ വേർതിരിക്കുന്നതു നല്ലതാണ്. കുളിക്കാനുള്ള ഏരിയയെ ഡ്രൈ ഏരിയയിൽ നിന്നും അൽപം താഴ്ത്തി നൽകുന്നതാണ് ഉത്തമം. ഡ്രൈ–വെറ്റ് ഏരിയകൾ തമ്മിൽ ചുരുങ്ങിയത് രണ്ടിഞ്ച് എങ്കിലും ഉയരവ്യത്യാസം വേണം. വാഷ് ബെയ്സിനും ക്ലോസറ്റും ഡ്രൈ ഏരിയയിലാണു നൽകേണ്ടത്.
കുളിമുറിയുടെ പൊക്കത്തിൽ നിന്ന് രണ്ടര അടി താഴ്ത്തിയാണ് ഷവർ വയ്ക്കേണ്ടത്. അതുപോലെ വാഷ്ബേസിന്റെ പൊക്കം 85 മുതൽ 90 സെ.മീ വരെയാകാം. ബാത്റൂമിൽ ഷവർ ക്യൂബിക്കിൾ നൽകുന്നുണ്ടെങ്കിൽ വെന്റിലേഷൻ ഷവർ ക്യൂബിക്കിളിൽ നിന്നു നീങ്ങി നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സങ്കീർണ ഡിസൈനുകൾ വേണ്ട
സാനിറ്ററി വെയറുകൾക്ക് ചുരുങ്ങിയതു മൊത്തം ചെലവിന്റെ 30 ശതമാനം വേണ്ടി വരും. പ്ലമിങ്ങിനു ചെലവാകുന്ന ബാക്കി തുകയുടെ 10 ശതമാനം ബെൻഡുകൾ, ബൂസ്റ്ററുകൾ, സാനിറ്ററി വെയറും ടാപ്പുകളും ഉറപ്പിക്കാനുള്ള സാധനങ്ങള്‍ എന്നിവയ്ക്കു മാറ്റിവയ്ക്കണം.
യൂറോപ്യൻ ക്ലോസറ്റുകളോട് ഭൂരിഭാഗം ആളുകൾക്കും താല്‍പര്യം. ചെലവു കുറയ്ക്കണമെങ്കില്‍ പിവിസി ഫ്ളഷ് ടാങ്കുകൾ ഉപയോഗിക്കാം. ഭിത്തിയിലേക്ക് േനരിട്ടു പിടിപ്പിക്കുന്ന വാൾ മൗണ്ടിങ് ക്ലോസറ്റുകൾക്കാണ് ഇപ്പോൾ ഡിമാൻഡ്. ഭിത്തിയിൽ പിടിപ്പിക്കുന്നതുകൊണ്ട് ബാത്ത്റൂമിൽ സ്ഥലനഷ്ടം കുറയും. തറ വൃത്തിയാക്കാനും എളുപ്പമാണ്. ക്ലോസറ്റും ഫ്ളഷും ഒറ്റപ്പീസ് ആയ ഡിസൈനുകളുമുണ്ട്. ഇത്തരം ക്ലോസറ്റുകൾക്ക് അധികം ജോയിന്റുകൾ ഇല്ലാത്തതിനാൽ ഭംഗി കൂടും.
ക്ലോസറ്റിന്റെ ഫ്ളഷ് പുറത്തു കാണാത്ത രീതിയിൽ ചുമരിന് അകത്ത് ഒളിപ്പിക്കുന്ന ഡിസൈനും പ്രചാരമുണ്ട്. വലിയൊരു ടാങ്കിനു പകരം ഭിത്തിയിലെ ബട്ടൺ മാത്രമേ കാണാൻ കഴിയൂ. ബാത്റൂമിൽ കൂടുതൽ സ്ഥലം കിട്ടുമെന്നൊരു മെച്ചം കൂടി ഇതിനുണ്ട്. ആളനക്കം മനസ്സിലാക്കി തനിയെ ഫ്ളഷ് ചെയ്യുന്ന ഓട്ടോമാറ്റിക് ഫ്ളഷുകളും ഇപ്പോഴുണ്ട്. സെൻസർ ഘടിപ്പിച്ച ഇത്തരം ഫ്ളഷിന് വില കൂടുതലാണ്. സങ്കീർണമായ ഡിസൈനുകളുള്ള ഇത്തരം ക്ലോസറ്റുകൾ, ഷവറുകൾ, ടാപ്പുകൾ എന്നിവ ഒഴിവാക്കുകയാണ് നല്ലത്. കാരണം, അത്തരം ഡിസൈനുകൾ കേടുവരുമ്പോൾ പരിപാലനത്തിനും നല്ല ചെലവു വരും. മാത്രമല്ല, ഇത്തരം ഡിസൈനുകൾക്ക് താരതമ്യേന വിലയും കൂടുതലാണ്.
English Summary- Things to Note while Designing Bathrooms in House