വാഷിങ് മെഷീൻ ഉപയോഗം- തെറ്റുകൾ ഒഴിവാക്കാം, കറണ്ട് ലാഭിക്കാം
Mail This Article
പലതരം വാഷിങ് മെഷീൻ കമ്പോളത്തിൽ ലഭ്യമാണ്. മാനുവൽ, സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളിൽ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകൾ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികൾ വാരി ഇടണം. ഓട്ടമാറ്റിക് വാഷിങ് മെഷീനുകളിൽ എല്ലാ പ്രവൃത്തിയും ഒന്നിച്ചു ചെയ്യാം. ഓട്ടമാറ്റിക് മെഷീനുകൾ രണ്ടു തരത്തിലുണ്ട്.
- മുകളിൽ നിന്ന് നിറയ്ക്കുന്നത്. (ടോപ് ലോഡിങ്)
- മുന്നിൽ നിന്ന് നിറയ്ക്കുന്നത്. (ഫ്രണ്ട് ലോഡിങ്)
∙ടോപ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ് മെഷീനുകൾക്ക് കുറച്ചു വെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളൂ.
∙ഫ്രണ്ട് ലോഡിങ് മെഷീനും ടോപ് ലോഡിങ് മെഷീനും പ്രത്യേകം ഡിറ്റർജന്റുകളാണ് ഉപയോഗിക്കുന്നത്.
∙വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് ആവശ്യമുള്ളതല്ല.
∙നിർദ്ദേശിച്ചിരിക്കുന്ന പൂർണ്ണശേഷിയിൽ തന്നെ പ്രവർത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കുപകരം ആഴ്ചയിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെള്ളവും വൈദ്യുതിയും ലാഭിക്കാൻ സാധിക്കും.
∙അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികൾക്ക് ക്വിക്ക് സൈക്കിൾ മോഡ് ഉപയോഗിക്കാം.
∙വാഷിങ് മെഷീൻ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓൺ ചെയ്യുക.
∙ഉപയോഗം കഴിഞ്ഞാൽ വാഷിങ് മെഷീന്റെ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് എടുത്ത് മാറ്റുക.
∙കഴിവതും വൈകുന്നേരം 6.30 മുതൽ 10 മണിവരെയുള്ള സമയങ്ങളിൽ വാഷിങ് മെഷീൻ ഉപയോഗിക്കാതിരിക്കുക.
English Summary- Washing Machine Energy conservation Tips