ADVERTISEMENT

എത്ര വൃത്തിയാക്കിയിട്ടാലും ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും പല്ലിക്കാഷ്ഠംകൊണ്ട് ഭിത്തിയും തറയും എല്ലാം വൃത്തികേടായി കിടക്കുന്നത് മിക്ക വീടുകളിലെയും ഒരു പ്രധാന പ്രശ്നമാണ്. വീട് വൃത്തികേടാകും എന്നതിനു പുറമേ പല്ലിക്കാഷ്ഠം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഭീഷണിയാണ്. കണ്ണു തെറ്റിയാൽ അടുക്കളയിലും ആഹാരസാധനങ്ങളിലും എല്ലാം പല്ലികൾ കടന്നുകൂടും. എന്നാൽ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഒരുപരിധിവരെ പല്ലികളെ തുരത്താനാവും. അത് എങ്ങനെയെന്ന് നോക്കാം.

മുട്ടത്തോട്

Egg

ഉപയോഗശേഷം ഉപേക്ഷിച്ചു കളയുന്ന മുട്ടത്തോട് പല്ലിയെ തുരത്താൻ ഏറ്റവും സഹായകരമായ വസ്തുവാണ്. മുട്ടയുടെ മണം പൊതുവേ പല്ലികൾക്ക് അസഹനീയമാണ്. അതിനാൽ മുട്ട ഉപയോഗിച്ച ശേഷം പൊട്ടിച്ചെടുത്ത തോട് തുടച്ചെടുക്കുക. പല്ലികൾ സ്ഥിരമായി കടന്നുകൂടാറുള്ള വാതിലുകൾ, ജനാലകൾ എന്നിവയ്ക്ക് സമീപം ഈ മുട്ടത്തോട് വയ്ക്കാം. ഒരുപരിധിവരെ പല്ലികൾ അകത്തേക്ക് കയറാതെ തടഞ്ഞുനിർത്താൻ ഈ മാർഗത്തിലൂടെ സാധിക്കും. എന്നാൽ പിറ്റേന്ന് തന്നെ മുട്ടത്തോടുകൾ അവിടെ നിന്നും എടുത്തുമാറ്റാനും ശ്രദ്ധിക്കണം.

മുറി തണുപ്പിക്കാം

പല്ലികൾ പൊതുവേ ചൂടുള്ള സാഹചര്യങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. മുറികളിൽ എയർ കണ്ടീഷണർ ഉണ്ടെങ്കിൽ താപനില ഇരുപത്തിരണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയാക്കിയിടുന്നത് പല്ലികളെ അകറ്റിനിർത്താൻ സഹായിക്കും.

 

garlic

വെളുത്തുള്ളിയും സവാളയും

മുട്ടത്തോടു പോലെതന്നെ വെളുത്തുള്ളിയുടെയും സവാളയുടെയും മണം പല്ലികൾക്ക് സഹിക്കാനാവുന്നതല്ല. മുറിയുടെ മൂലകളിലും ജനൽ പടികളിലുമൊക്കെ വെളുത്തുള്ളി അല്ലികളും മുറിച്ചനിലയിലുള്ള സവാളയും വയ്ക്കാം. അല്ലെങ്കിൽ വെളുത്തുള്ളിയുടെയോ സവാളയുടെയോ നീര് വെള്ളത്തിൽ കലർത്തി മുക്കിലും മൂലയിലും സ്പ്രേ ചെയ്താലും മതിയാവും. ഇവയുടെ ഗന്ധം പരക്കുന്നതോടെ പല്ലികൾ സ്ഥലം വിടും. 

 

മുളകും കുരുമുളകും

മുളകിന്റെയും കുരുമുളകിന്റെയും മണം ചെറുത്തുനിൽക്കാനുള്ള കഴിവും പല്ലികൾക്കില്ല. കുരുമുളകുപൊടിയോ ചുവന്ന മുളക് പൊടിയോ വെള്ളത്തിൽ കലർത്തി പല്ലികൾ ധാരാളമായി കയറുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യാവുന്നതാണ്. മുളകുപൊടിക്ക് പകരം ഉണക്കമുളക് വയ്ക്കുന്നതും ഫലം ചെയ്യും.

 

തണുത്ത വെള്ളം

ഇനി പതിവായി പല്ലിശല്യം ഇല്ലാതെ ഒന്നോ രണ്ടോ എണ്ണം കയറിക്കൂടുന്നതാണ് പ്രശ്നമെങ്കിൽ അതിനും പരിഹാരമുണ്ട്. ഫ്രിഡ്ജിൽവച്ച് തണുപ്പിച്ച വെള്ളം അവയുടെ ദേഹത്തേക്ക് തളിച്ചാൽ പല്ലികൾക്ക് അല്പസമയത്തേക്ക് ചലിക്കാൻ സാധിക്കാതെയാവും. ഈ അവസ്ഥയിൽ അവയെ എടുത്ത് പുറത്ത് കളയാവുന്നതാണ്.

 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആഹാരസാധനങ്ങളാണ് പല്ലികളെ കൂടുതലായും വീടിനുള്ളിലേക്ക് ആകർഷിക്കുന്നത്. അതിനാൽ ഭക്ഷണസാധനങ്ങൾ നന്നായി അടച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. ബാക്കിയാവുന്ന ഭക്ഷണപദാർത്ഥങ്ങൾ വീടിനുള്ളിൽ നിന്ന് നീക്കം ചെയ്യുകയും വേണം. കബോർഡുകളുടെ ഉള്ളിലും പതിവായി തുറക്കാത്ത ഇടങ്ങളിലും പല്ലികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക.

English Summary- Get rid of Lizards at House- Organic Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com