ബീഡെ ക്ലോസറ്റിന്റെ ഉപയോഗത്തെ കുറിച്ച് ചോദിച്ചുകൊണ്ടുള്ള ഒരു സുഹൃത്തിന്റെ മെസേജാണ് ഇതെഴുതാൻ പ്രചോദനമായത്. ബീഡെ ക്ലോസറ്റും ബീഡെ ഫ്ലോർബേസിനും എന്റെ സഹോദരിയുടെ വീട്ടിൽ വർഷങ്ങളായി ഉപയോഗിക്കുന്നതുകൊണ്ട് ഇതേകുറിച്ച് ഞാൻ ചെറിയ വിവരണം തരുന്നു.
1994ൽ സ്കൂൾവാൻ മറിഞ്ഞു എന്റെ സഹോദരിക്ക് സാരമായ പരുക്ക് പറ്റുകയുണ്ടായി. ആ അപകടത്തിൽ സഹോദരിയുടെ കൈവിരലുകൾ ചിലത് അറ്റുപോയിരുന്നു. ഷവർ പിടിക്കാനൊ കൈകൊണ്ട് കപ്പ് എടുക്കാനൊ ശരിക്ക് പറ്റാത്ത അവസ്ഥയുമുണ്ട്. അതിന് പരിഹാരമായാണ് ബീഡെ ക്ലോസറ്റിനെ കുറിച്ചും ബീഡെ ഫ്ലോർബേസിനെ കുറിച്ചും ഞങ്ങൾ അന്വേഷിക്കുന്നതും അത് വാങ്ങിക്കുകയും ചെയ്യുന്നത്.

സഹോദരിക്ക് അതുകൊണ്ട് ലഭിച്ച ഗുണം ചെറുതല്ല. ശാരീരിക വൈകല്യമുള്ളർക്കും (പ്രത്യേകിച്ച് കൈക്ക് എന്തങ്കിലും പ്രശ്നമുള്ളവർക്ക്) പ്രായാധിക്യം ചെന്നവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ബീഡെ ടോയ്‌ലറ്റും വാഷ് ബേസിനും. ബീഡെ ഫ്ലോർ ബേസിനിലെ വാട്ടർ പൈപ്പ് രണ്ടു രീതിയിലുണ്ട്. ഇരുന്നാൽ നമ്മുടെ പിൻവശത്ത് വെള്ളം പമ്പ് ചെയ്യുന്നതും, നേരെ താഴെ നിന്ന് വെള്ളം പമ്പു ചെയ്യുന്നതുമായ രീതി.

വാട്ടർ ടാങ്കിൽ നിന്ന് അത്യാവശ്യം ശക്തിയിൽ താഴെ പൈപ്പിലേക്ക് വെള്ളം കിട്ടുന്നുവെങ്കിലാണ് ഇതിന്റെ ഗുണം ശരിക്ക് ലഭിക്കുന്നത്. വെള്ളത്തിന് ശക്തി കുറവാണങ്കിൽ ഇതിന്റെ ഗുണം ശരിക്ക് ലഭിക്കണമെന്നില്ല. ബീഡെ ക്ലോസറ്റ് എല്ലാ വീട്ടിലും അത്യാവശ്യമില്ലെങ്കിൽതന്നെയും, ബീഡെ ഫ്ലോർ ബേസിൻ ഒരെണ്ണം എല്ലാ വീട്ടിലും (ബാത്റൂമിൽ) വയ്ക്കുന്നത് ഉപകരിക്കും ( ഏത് പ്രായത്തിലും അപ്രതീക്ഷിത സാഹചര്യങ്ങളിലൂടെ അനാരോഗ്യം വരാമല്ലോ). പ്രായാധിക്യം ചെന്നവരും അവശത അനുഭവിക്കുന്നവരും വീട്ടിലുണ്ടെങ്കിൽ പ്രത്യേകിച്ചും!
English Summary- Bidet Toilet Bidet Floor Basin- Useful Information