ADVERTISEMENT

സാധാരണ ഒരു വീട്ടമ്മയ്ക്ക് ഏറ്റവും മടുപ്പ് ഉണ്ടാക്കുന്ന ജോലികളിലൊന്നാണ് പാത്രം കഴുകൽ. എല്ലാ ദിവസങ്ങളിലും രണ്ടോ മൂന്നോ പ്രാവശ്യം എങ്കിലും ചെയ്യേണ്ടി വരുന്ന കാര്യം. ബാക്കിയെല്ലാ ജോലികളും കഴിഞ്ഞു അവസാനം എങ്ങനെയെങ്കിലും തീർത്താൽ മതിയെന്നു കരുതി ചെയ്യുന്ന ജോലികളിൽ ഒന്ന്... ഭർത്താവോ അല്ലെങ്കിൽ മറ്റാരെങ്കിലുമൊ സഹായിച്ചിരുന്നെങ്കിൽ എന്ന് ഭാര്യ ആഗ്രഹിക്കുന്നതായ ഒരു സംഗതി.(ഇത് അറിയാവുന്നത് കൊണ്ട് ഞാൻ ഉള്ളപ്പോൾ പാത്രംകഴുകി കൊടുക്കാറുണ്ട് കേട്ടോ)

ഒരു വീട്ടിൽ ഏറ്റവും കൂടുതൽ കാശ് മുടക്കുന്ന സ്ഥലങ്ങളിൽ ഒന്നായ അടുക്കളയിൽ ഈ ജോലി കുറച്ചു കൂടി എളുപ്പത്തിൽ ആക്കാൻ ഉള്ള കാര്യങ്ങൾക്ക് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട് നമ്മൾ?...

ഈ ജോലി കുറച്ചു കൂടി എളുപ്പത്തിൽ ആക്കാനുള്ള ഒരു മാർഗമാണ്, ഡബിൾ സിങ്ക്. ഇപ്പോൾ പണിയുന്ന കുറച്ചു വീടുകളിൽ ഇത് വച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും കൂടുതലും പേർ ഇപ്പോഴും ഇത് ചെയ്യുന്നില്ല. (ഇത് വച്ചവരെക്കാൾ വളരെ കൂടുതൽ പേർ ഇത് വയ്ക്കാത്തവരാണ്). അതിനുള്ള കാരണം ഒന്ന് വില കൂടുതൽ ആണെന്നുള്ളത് തന്നെയാണ്, രണ്ട് നേരത്തേ സ്ലാബ് വാർത്തിട്ടുണ്ടെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്.

എന്റെ ഭാര്യ, ഞങ്ങളുടെ വീട്ടിൽ ഉറപ്പായിട്ടും വേണം എന്ന് നിർബന്ധം പറഞ്ഞ നാലഞ്ചു കാര്യങ്ങളിൻ ഒന്ന് ഇതായിരുന്നു. കാരണം, അഞ്ചു വർഷത്തോളം ഇത് ഉപയോഗിച്ച പരിചയം ഉണ്ടായിരുന്നു. തുടക്കം ഉപയോഗിച്ച് തുടങ്ങുമ്പോൾ വലിയ പ്രത്യേകതകൾ ഒന്നും തോന്നില്ലെങ്കിലും കുറച്ചു നാൾ ഉപയോഗിച്ച് കഴിഞ്ഞിട്ട് പിന്നെ സിംഗിൾ സിങ്ക് ഉപയോഗിക്കുമ്പോൾ മനസ്സിലാകും ഇത് എത്രത്തോളം മികച്ചതായിരുന്നെന്ന്..

ഇത് കൊണ്ടുള്ള ഗുണങ്ങൾ- എളുപ്പത്തിൽ പണി തീർക്കാൻ പറ്റും, പിന്നെ വളരെ കുറച്ചു വെള്ളമേ ഫ്ലോറിലേക്ക് തെറിക്കുകയുള്ളു (അത്രയും അഴുക്കും ചെളിയും അടുക്കളയിൽ കുറയും )പിന്നെയുള്ളത് സമയലാഭം ആണ്, കുറച്ചു സമയമേ ലാഭിക്കുന്നുള്ളൂ എന്ന് തോന്നിയാലും അത് എല്ലാ ദിവസവും രണ്ടും മൂന്നും പ്രാവശ്യം ആകുമ്പോൾ അതൊരു വലിയ കാര്യം തന്നെയാണ്.

ഇനിയുള്ളവർ എങ്കിലും കുറച്ചു കാശ് കൂടിയാലും കഴിയുമെങ്കിൽ ഇത് വയ്ക്കണം എന്നാണ് എന്റെ അഭിപ്രായം, ആരെങ്കിലും എന്നെങ്കിലും ഒക്കെ വരും എന്ന് പ്രതീക്ഷിച്ചു അതിഥിമുറികൾക്ക് വരെ കാശ് മുടക്കുന്ന നമ്മൾ, എല്ലാ ദിവസവും ഉപകരിക്കുന്ന ഈ കാര്യത്തിന് കുറച്ചു കാശ് പോയാലും കുഴപ്പം ഇല്ല.(കാശ് കുറക്കാൻ വേണ്ടി രണ്ടു സിംഗിൾ സിങ്ക് അടുപ്പിച്ചു വയ്ക്കുന്നവരുമുണ്ട്)

ഇത് വയ്ക്കുന്ന സ്ഥലത്ത്, രണ്ടു പൈപ്പുകൾ കൊടുക്കുന്നുണ്ടെങ്കിൽ അതിൽ ഒന്ന് സോളർ വാട്ടർ ഹീറ്ററിൽ നിന്നും കൊടുത്താൽ ഒന്നിൽ ചൂടുവെള്ളം ആകും, എങ്കിൽ കഴുകൽ കൂടുതൽ എളുപ്പം ആകും. (രണ്ടു വെള്ളവും ഒറ്റ പൈപ്പിലൂടെ കിട്ടുന്ന രീതിയും ഉണ്ട്).ഏറ്റവും പ്രധാനപെട്ട കാര്യം ഇതാണ്- എവിടെയാണ് നമ്മൾ ഉപയോഗിക്കുന്നത് എന്ന് നേരത്തേ മനസ്സിലാക്കി അവിടെയാണ് വയ്ക്കേണ്ടത്. അതായത്, വർക്ക് ഏരിയയിൽ ആണ് നമ്മൾ കൂടുതലും എല്ലാം ചെയ്യുന്നത് എങ്കിൽ ഇത് വയ്‌ക്കേണ്ടത്   അവിടെയാണ്, അതല്ല മെയിൻ അടുക്കളയിൽ ആണെങ്കിൽ അവിടെ. (ഷോ കിച്ചണിൽ ആണെങ്കിൽ ആ കാശ് കളയേണ്ട ) ഇപ്പോൾ ഏത് വലിപ്പത്തിൽ ഉള്ളതു വേണമെങ്കിലും കിട്ടും അതു കൊണ്ട് വലിയ പാത്രങ്ങൾ കഴുകാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നുള്ള പേടി വേണ്ട.

പലരും ഇത് ഇപ്പോഴും ആർഭാടം ആണ്, എന്തിനാ വെറുതെ കാശ് കളയുന്നെ എന്നൊക്കെയാണ് ചിന്തിക്കുന്നത്. അപ്പപ്പോൾ ഉള്ളത് കഴുകിയാൽ പോരേ എന്നൊക്കെ ചോദിക്കും. എന്നാൽ, ഒന്നോ രണ്ടോ പേർ ഉള്ള വീട്ടിൽ അത് നടക്കും. രണ്ടു പിള്ളേരും വയസ്സായവരും ഒക്കെയുള്ള വീട്ടിൽ അപ്പപ്പോൾ കഴുകൽ അത്ര എളുപ്പം അല്ല. പശുവോ, ആടോ, പട്ടിയോ, ചെടികളോ പച്ചക്കറികളോ ഉണ്ടെങ്കിൽ പറയുകയേ വേണ്ട. നിലം തൊടാനുള്ള സമയം ഉണ്ടാകില്ല. 

അടുക്കളയിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക്, അത് ഭാര്യ ആയാലും അമ്മ ആയാലും മറ്റാരായാലും അവർക്കു കൊടുക്കുന്ന ഏറ്റവും നല്ല ഒരു സമ്മാനം ആയിരിക്കും ഇത്, തീർച്ച...

English Summary- Double Kitchen Sink to ease Kitchen chores; Expert talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com