മുറിയുടെ സ്ഥാനവും ഉപയോഗവും അനുസരിച്ചാകണം ചവിട്ടി എങ്ങനെ വേണമെന്നു തീരുമാനിക്കാൻ.
∙വീടിന്റെ പുറത്തേക്കുള്ള വാതിലുകൾ എത്രയുണ്ടോ. ഈ വാതിലുകളുടെയെല്ലാം പുറത്തെ പടികളിൽ ചവിട്ടി വേണം. കല്ലും മണ്ണും ഒഴിവാക്കി അകത്തു കയറാൻ പരുക്കൻ പ്രതലമുള്ള ചവിട്ടിയാണ് പുറത്തെ പടികളിൽ വേണ്ടത്. തുളകളുള്ള റബർ ചവിട്ടിയും നാരുകൾ പൊന്തി നിൽക്കുന്ന പരുക്കൻ കയർ ചവിട്ടിയുമെല്ലാം അനുയോജ്യമാണ്.
∙പൊടി തട്ടിക്കളയാൻ കഴിയുന്ന മൃദുവായ നാരുകളുള്ള ചവിട്ടിയാണ് പ്രധാന വാതിലിനു മുന്നിൽ വേണ്ടത്. റബർ, കയർ, ചണം എന്നീ നിർമാണ സാമഗ്രികൾ കൊണ്ടുള്ള ചവിട്ടി ഈ ഉപയോഗത്തിന് ലഭിക്കും.
∙ വെള്ളം വലിച്ചെടുക്കുന്ന കോട്ടൻ ചവിട്ടികളാണ് ബാത്റൂം വാതിലുകളോടു ചേർന്ന് ഇടേണ്ടത്. കട്ടിലിനോടു ചേർന്നിടുന്നത് റഗ്ഗിന്റെയോ കാർപെറ്റിന്റെയോ സ്വഭാവമുള്ള ചവിട്ടികളാണ്. പൊടിയോ ജലാംശമോ കാലിൽ ഉണ്ടെങ്കിൽ തട്ടിക്കളയുകയാണ് ആവശ്യം.
∙കാലാവസ്ഥയനുസരിച്ച് ചവിട്ടി മാറ്റുന്നതു നല്ലതാണ്. മഴക്കാലത്ത് ചെളി നിയന്ത്രിക്കുന്ന ചവിട്ടികളാണ് കൂടുതൽ സ്ഥലങ്ങളിൽ വേണ്ടത്. മറ്റ് സീസണുകളിൽ പൊടി നിയന്ത്രിക്കുന്ന ചവിട്ടിക്കാകണം പ്രാധാന്യം.
∙നിലത്ത് വെള്ളമുണ്ടാകാൻ ഇടയുള്ള സിങ്കിനും ഫ്രിജിനും താഴെ തുണികൊണ്ടുള്ള ചവിട്ടി ഇടുന്നതു നല്ലതാണ്.
∙റബർ ബാക്കിങ് ഉള്ള ചവിട്ടി പൊടി താഴെ സംഭരിക്കും. ഇത് ഇടയ്ക്കിടെ പുറത്തു കൊണ്ടുപോയി തട്ടിക്കളയാം.
∙സമയക്കുറവുള്ളവർ കോട്ടൻ ചവിട്ടി വാങ്ങുമ്പോൾ ഇരുണ്ട നിറമുള്ളതു തിരഞ്ഞെടുക്കുക. കോട്ടൻ ചവിട്ടി കഴുകിയെടുക്കാം. മറ്റുള്ളവ ഇടയ്ക്ക് വെയിൽ കൊള്ളിക്കണം
∙വീടിനു പുറത്തേക്കുള്ള ഓരോ വാതിലിനു മുന്നിലും ചവിട്ടി വേണം. രണ്ട് കാലുകൾ ഒരുമിച്ചു വയ്ക്കാനുള്ള നീളമെങ്കിലും വേണം എന്നതാണ് ചവിട്ടി വാങ്ങുമ്പോഴുള്ള അടിസ്ഥാനതത്വം.
Content Summary : Doormats selection guide and buying tips