വാതിലിന്റെ വശത്ത് പതുങ്ങിയിരിക്കുന്ന പല്ലികളെ അറിയാതെ ഒരു തവണയെങ്കിലും വാതിലടച്ച് കൊല്ലാത്ത മലയാളികൾ കാണുമോ? ആരോഗ്യപ്രശ്നം കൂടിയാണ് പല്ലികള്‍ ഉണ്ടാക്കുന്നത്. ആഹാരം പാകം ചെയ്യുമ്പോഴും തുറന്നു വയ്ക്കുമ്പോഴും മറ്റും ഇവയുടെ ശല്യം ഉണ്ടെങ്കില്‍ പേടിക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാൻ വേറൊന്നും വേണ്ട. എന്നാല്‍ എങ്ങനെയാണ് ഇവയെ ഓടിക്കുന്നത്?
പ്രാണികള്‍ -മഴക്കാലത്ത് പ്രാണികള്‍ പെരുകുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ പല്ലിശല്യം ഉണ്ടാകുക. ചെറിയപ്രാണികള്‍, ഈയല്‍ എന്നിവയുടെ സാന്നിധ്യം ആണ് ഇവ പെരുകാന്‍ കാരണം. അടുക്കളയും വീടും വൃത്തിഹീനം അല്ലെങ്കിലും പല്ലികള്‍ വീടുകളില്‍ താവളമടിക്കും. ഇതിനുള്ള സാഹചര്യം ഒഴിവാക്കുക.
മുട്ടത്തോട് - പല്ലിയെ ഓടിക്കാന്‍ ഫലപ്രദമായ വഴിയാണ് മുട്ടത്തോട് പ്രയോഗം. മുട്ടയുടെ ഗന്ധം പല്ലികള്‍ക്ക് പിടിക്കില്ല അതിനാല്‍ മുട്ടത്തോട് ഇരിക്കുന്ന ഇടങ്ങളില്‍ പല്ലി വരില്ല.
കാപ്പിപ്പൊടി - കാപ്പിപ്പൊടി , കുരുമുളക് സമം ചേര്‍ത്തു പല്ലി വരുന്ന ഇടങ്ങളില്‍ വയ്ക്കുക. ഇവ കഴിച്ചു പല്ലി ചത്തുകൊള്ളും.
വെളുത്തുള്ളി - വെളുത്തുള്ളി പ്രയോഗം പല്ലിയെ ഓടിക്കാന്‍ പറ്റിയതാണ്. ഇത് പല്ലി വരുന്ന സ്ഥലങ്ങളില്‍ വച്ചാല്‍ പല്ലി പിന്നെ അടുക്കില്ല.
കുരുമുളക് സ്പ്രേ - ഇതും പല്ലിയെ തുരത്താന്‍ പറ്റിയതാണ്. കുരുമുളക് അല്‍പ്പം മുളകും ചേര്‍ത്തു കുപ്പിയിലാക്കി അല്‍പ്പം വെള്ളം ഒഴിക്കുക. ഇത് എന്നിട്ട് സ്പ്രേ ചെയ്‌താല്‍ മതിയാകും.
ഉള്ളി - മറ്റൊരു മാര്‍ഗ്ഗമാണ് ഉള്ളി. സവാള ഉള്ളി മുറിച്ചു ജനലഴികളില്‍ വച്ചാല്‍ പല്ലി പിന്നെ അടുക്കില്ല.
പൂച്ച - പല്ലിയുടെ മറ്റൊരു ശത്രു ആണ് പൂച്ച. പൂച്ചയെ വീട്ടില്‍ വളര്‍ത്തിയാല്‍ അവ പല്ലിയെ പിടിച്ചു കൊന്നുകൊള്ളും.
പാറ്റകളെ ഓടിക്കാം
രാത്രിയിൽ അടുക്കളയിൽ പോയി ലൈറ്റിട്ടാൽ പാറ്റകളുടെ സംസ്ഥാന സമ്മേളനം കണ്ടിട്ടില്ലാത്ത എത്ര വീടുകളുണ്ട് കേരളത്തിൽ! വീട്ടമ്മമാരുടെ നിത്യശത്രു കൂടിയാണ് ഇവൻ. പാത്രങ്ങളിലും ഷെല്‍ഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്താനും ഈ പാറ്റകള്‍ കാരണമാവുന്നുണ്ട്. എങ്ങനെയാണ് ഈ പാറ്റകളെ വീടുകളില്‍ നിന്നും പുറത്താക്കേണ്ടത്? ഇതാ സംഗതി നിസ്സാരം.
വൃത്തി പ്രധാനം
എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നത് പാറ്റാശല്യത്തിനുള്ള ഒരു പ്രധാനപ്രതിരോധനടപടിയാണ്. അടുക്കും ചിട്ടയും ഉള്ള വീടുകളില്‍ പാറ്റ ശല്യം കുറവായിരിക്കും. അവയ്ക്ക് കയറി ഇരിക്കാനും ഒളിക്കാനും സ്ഥലം ഇല്ലെങ്കില്‍ തന്നെ പാറ്റകള്‍ അധികം പെരുകില്ല. വൃത്തിഹീനമായ അടുക്കള , ശുചിമുറി എന്നിവിടങ്ങള്‍ പാറ്റകള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങള്‍ ആണ്. അതുപോലെ അലമാരകള്‍ , ബുക്ക് ഷെല്‍ഫ് എല്ലാം. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കിയാല്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് നല്ലൊരുപരിധിവരെ നമുക്ക് പരിഹാരം കാണാവുന്നതാണ്.
പാറ്റഗുളിക- പാറ്റഗുളിക ഒരു പരിധി വരെ പാറ്റകളെ ഇല്ലാതാക്കും. അലമാരകളിലും വാഷ്‌ബേസിനിലും ഒക്കെ ഇത് ഒരെണ്ണം ഇട്ടു വച്ചാല്‍ പാറ്റശല്യം കുറയും. പല വിധത്തിലുള്ള പാറ്റഗുളികകള്‍ ലഭ്യമാണ്. എന്നാല്‍ ചെറിയ കുട്ടികള്‍ ഉള്ള വീടുകളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. കുട്ടികള്‍ ഇവ എടുത്തു അറിയാതെ വായില്‍ ഇടാനുള്ള സാധ്യത അപകടം ഉണ്ടാക്കും.
ലോഷന്‍-രൂക്ഷഗന്ധമുള്ള ദ്രാവകം ഉപയോഗിച്ച് തറ പതിവായി തുടയ്‌ക്കുക. ഭക്ഷണം അന്വേഷിച്ച് എത്തുന്ന പാറ്റകളെ ഇത്തരം രൂക്ഷഗന്ധങ്ങള്‍ തുരത്തി ഓടിക്കും. അതേസമയം തറ വൃത്തിയാക്കുമ്പോള്‍ അധികം നനവ് വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഫിനോയില്‍ ഉപയോഗിച്ച് തറ തുടക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.
മുറി തണുപ്പിക്കാം- മുറികള്‍ എസി ഓണ്‍ ആക്കി ഇടക്കിടെ തണുപ്പിക്കുന്നത് പാറ്റയെ ഓടിക്കും. തണുപ്പില്‍ പാറ്റകള്‍ക്ക് അധികം നിലനില്‍ക്കാനാവില്ല. പാറ്റകള്‍ വേനല്‍ക്കാലത്തും ചൂടിലും ആണ് സജീവമാകുന്നത്. ഇവയ്‌ക്ക് ചിറക് ലഭിക്കുന്നതും പറക്കുന്നതും ഇക്കാലയളവിലാണ്. എന്നാല്‍ തണുപ്പ് കാലത്ത് ഇവ നിഷ്‌ക്രിയമായിരിക്കും.
English Summary- 7 Tips to Prevent Lizard and Cockroaches at Home