വീട്ടുജോലികൾ ചെയ്തു തീർക്കാൻ പ്രയാസപ്പെടുന്നവർക്ക് വാഷിങ് മെഷീനോളം ഉപകാരമുള്ള മറ്റൊന്ന് ഉണ്ടാവില്ല. തുണി അലക്കുന്ന ജോലി മെഷീനുകൾ ഏറ്റെടുത്തതോടെ പലർക്കും ദിവസത്തിലെ ഏറെ സമയം ലാഭിക്കാനുമാവുന്നുണ്ട്. എന്നാൽ വാഷിങ് മെഷീനുകളുടെ ഉപയോഗത്തിൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ വിധത്തിലല്ല ഉപയോഗിക്കുന്നത് എങ്കിൽ പെട്ടെന്ന് കേടായെന്നു വരാം. എല്ലാ വാഷിങ് മെഷീനുകളും ഒരുപോലെയല്ല എന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ട കാര്യം.
ഏതുതരം ഡിറ്റർജന്റാണ് നിങ്ങളുടെ മെഷീനിന് അനുയോജ്യമെന്ന് ആദ്യം തന്നെ കണ്ടെത്തി അവ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അനുവദിച്ചിരിക്കുന്ന പരിധിയിൽ കൂടുതൽ ഭാരത്തിൽ വസ്ത്രങ്ങൾ ഇടുന്നതും അവ വേഗത്തിൽ കേടാകാൻ കാരണമാകും. വാഷിങ് മെഷീൻ ഉപയോഗിക്കും മുമ്പ് ശ്രദ്ധിക്കേണ്ട മറ്റു ചില പ്രധാന കാര്യങ്ങൾ നോക്കാം.
വസ്ത്രങ്ങൾ തരം തിരിക്കാം

എല്ലാത്തരം വസ്ത്രങ്ങളും ഒന്നായി വാഷിങ് മെഷീനിൽ ഇടുന്നത് നല്ല പ്രവണതയല്ല. പ്രത്യേക കരുതലോടെ കൈകാര്യം ചെയ്യേണ്ട തുണികളിൽ പ്രത്യേകമായി തന്നെ അത് എഴുതിവച്ചിട്ടുണ്ടാവും. അലക്കുന്നതിനു മുൻപായി നിത്യോപയോഗത്തിനുള്ള വസ്ത്രങ്ങൾ, പ്രത്യേക പരിചരണം വേണ്ടവ എന്നിങ്ങനെ തരംതിരിച്ചു വയ്ക്കുകയാണ് ആദ്യപടി. വാഷിങ് മെഷീനുകളിൽ കേടുകൂടാതെ ഉപയോഗിക്കാനാവുന്നവ മാത്രം എളുപ്പത്തിൽ തിരഞ്ഞെടുക്കാനും അല്ലാത്തവ അബദ്ധത്തിൽ മെഷീനിനുള്ളിലേക്ക് ഇടാതിരിക്കാനും ഇതിലൂടെ സാധിക്കും.
നിറം ഇളകുന്നവ
പുതിയതായി വാങ്ങിയ തുണിത്തരങ്ങൾ വാഷിങ് മെഷീനിൽ ഇടുംമുൻപ് നിറം അനുസരിച്ച് വേർതിരിച്ചു വയ്ക്കേണ്ടതുണ്ട്. ഇളംനിറത്തിലുള്ള തുണികളും കടും നിറത്തിലുള്ളവയും പ്രത്യേകമായി തന്നെ അലക്കിയെടുക്കണം. ജീൻസുകളുടെ കാര്യമെടുത്താൽ അവ മാത്രമായി വേണം മെഷീനുകളിൽ ഇടാൻ. ഭാരമേറിയ ഇത്തരം തുണിത്തരങ്ങൾ ഇടുന്ന സമയത്ത് അതിനായുള്ള പ്രത്യേക ഫങ്ഷൻ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
കറപിടിച്ച തുണികൾ
കറയോ അഴുക്കോ പിടിച്ച തുണികൾ ഉണ്ടെങ്കിൽ അവയും പ്രത്യേകമായി വേണം വാഷിങ് മെഷീനിൽ അലക്കിയെടുക്കാൻ. കറകളും പാടുകളും നീക്കം ചെയ്യാനുള്ള സ്റ്റെയ്ൻ റിമൂവർ സൊല്യൂഷനുകളും സ്പ്രേകളും വിപണിയിൽ ലഭ്യമാണ്. മെഷീനിൽ ഇടുന്നതിന് മുൻപ് കറകളിൽ ഇവ പ്രയോഗിക്കുക. സൊല്യൂഷൻ നന്നായി തുണിയിൽ പിടിച്ച ശേഷം മാത്രം മെഷീനിലിട്ട് അലക്കാനും ശ്രദ്ധിക്കുക. കറകൾ വേഗത്തിൽ നീക്കം ചെയ്യാൻ ഇത് സഹായിക്കും.
കൃത്യമായ പ്രോഗ്രാം തിരഞ്ഞെടുക്കാം

അലക്കാനായി തിരഞ്ഞെടുക്കുന്ന തുണിയുടെ പ്രത്യേകത അനുസരിച്ച് വ്യത്യസ്ത സൈക്കിളുകൾ തിരഞ്ഞെടുക്കുന്നതാണ് അവസാനത്തേതും ഏറ്റവും പ്രധാനവുമായ ഘട്ടം.
• നോർമൽ സൈക്കിൾ
നിത്യോപയോഗത്തിനുള്ള തുണികൾ അലക്കാൻ നോർമൽ സൈക്കിൾ പ്രോഗ്രാം തിരഞ്ഞെടുക്കുക. ഇവയ്ക്കായി ചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കാം.
• സെൻസിറ്റീവ് സൈക്കിൾ
താരതമ്യേന നേർത്ത തുണിത്തരങ്ങൾക്ക് സെൻസിറ്റീവ് സൈക്കിളാണ് തിരഞ്ഞെടുക്കേണ്ടത്. ഇത്തരം തുണിത്തരങ്ങൾക്ക് കോട്ടം സംഭവിക്കാതിരിക്കാനായി തണുത്ത വെള്ളം തന്നെ തിരഞ്ഞെടുക്കുക.
• കമ്പിളി തുണികളും ഭാരമേറിയ തുണിത്തരങ്ങളും
കമ്പിളി പുതപ്പുകൾ, ജാക്കറ്റുകൾ, സ്വറ്ററുകൾ എന്നിവയ്ക്കെല്ലാം പൊതുവായി ഉപയോഗിക്കാനാവുന്ന സൈക്കിളുകളും മിക്ക വാഷിങ് മെഷീനുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം തുണിത്തരങ്ങൾ വൃത്തിയായി അലക്കുന്നതിന് ഈ സൈക്കിളുകൾ തന്നെ തിരഞ്ഞെടുക്കണം.
അതേപോലെ ജീൻസുകൾ, ബെഡ്ഷീറ്റുകൾ തുടങ്ങിയവ അലക്കിയെടുക്കുന്നതിനായി ഹെവി ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. അധികം അഴുക്കില്ലാത്ത തുണികൾ ക്വിക്ക് വാഷ് ഓപ്ഷൻ തിരഞ്ഞെടുത്ത് കഴുകിയെടുക്കാം. ഇത്തരത്തിൽ തുണിയുടെ പ്രത്യേകതയും അതിനായി നിങ്ങളുടെ വാഷിങ് മെഷീനിൽ ഉൾപ്പെടുത്തിയിട്ടുള്ള സവിശേഷ ഓപ്ഷനുകളും കൃത്യമായി മനസ്സിലാക്കി ഉപയോഗിച്ചാൽ പരമാവധി കാലം വാഷിങ് മെഷീനുകൾ കേടുകൂടാതെ ഉപയോഗിക്കാനും വസ്ത്രങ്ങൾക്ക് പുതുമ നഷ്ടപ്പെടാതെ കാക്കാനും സാധിക്കും.
English Summary- Proper Methods to Use Washing Machine- Home Tips Malayalam