ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ഏറ്റവും തലവേദനയുള്ള കാര്യമാണ് അടുക്കള വൃത്തിയാക്കുക എന്നത്. തിരക്കുള്ള ദിവസങ്ങളിലാണെങ്കിൽ പാത്രങ്ങളിലെയും മറ്റ് അടുക്കള ഉപകരണങ്ങളെയും കറയും അഴുക്കും വൃത്തിയാക്കാനായി മാത്രം ഏറെസമയം ചിലവിടേണ്ടി വരുന്നത് പലർക്കും അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. എന്നാൽ മണിക്കൂറുകൾ ചിലവിടാതെതന്നെ എളുപ്പത്തിൽ അടുക്കള ഉപകരണങ്ങൾ വൃത്തിയാക്കാനുള്ള ചില നുറുങ്ങുവിദ്യകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
മൈക്രോവേവ് അവ്നുകൾ വൃത്തിയാക്കാൻ
ഭക്ഷണം എളുപ്പത്തിൽ പാകം ചെയ്യാനും ചൂടാക്കാനും മൈക്രോവേവ് അവ്നുകൾ ഏറ്റവും ഉപകാരപ്രദമാണെങ്കിലും അവ വൃത്തിയാക്കുന്നത് നിസ്സാരകാര്യമല്ല. ഭക്ഷണസാധനങ്ങളുടെ ഗന്ധം ഉള്ളിൽ തങ്ങിനിൽക്കുന്നതാണ് പ്രധാന പ്രശ്നം. ഇത് ഒഴിവാക്കാൻ മൈക്രോവേവിൽ വയ്ക്കാവുന്ന ചെറിയ ഒരുബൗൾ എടുത്തശേഷം കഷ്ണങ്ങളായി നാരങ്ങ മുറിച്ചിടുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വിനാഗിരിയും അല്പം ഉപ്പും കൂടി ചേർക്കുക. ഇത് അവ്ന് ഉള്ളിൽ വച്ചശേഷം രണ്ടു - മൂന്നു മിനിറ്റ് നേരം മൈക്രോവേവ് ചെയ്യാം. ആവശ്യത്തിന് ആവി നിറഞ്ഞശേഷം മെഷീൻ ഓഫ് ചെയ്ത് ഉണങ്ങിയ സ്പോഞ്ച് കൊണ്ട് വൃത്തിയായി തുടച്ചെടുക്കുക.
പാത്രങ്ങൾ തിളങ്ങാൻ
കാഴ്ചയ്ക്ക് ഏറെ ഭംഗിയുണ്ടെങ്കിലും ഇളം നിറങ്ങളിലുള്ള പാത്രങ്ങളിൽ പറ്റിപ്പിടിച്ച ഭക്ഷണപദാർത്ഥങ്ങളുടെ കറകൾ അത്ര എളുപ്പത്തിൽ നീക്കം ചെയ്യാനാവില്ല. ഇത്തരം കറകൾ നീക്കം ചെയ്യാനും പാത്രത്തിന്റെ മങ്ങലകറ്റാനും ഒരു ബൗളിൽ അല്പം ബേക്കിങ് സോഡ എടുത്ത് അതിലേക്ക് ചെറുചൂടുവെള്ളവും നാരങ്ങയുടെ നീരും ചേർത്ത് യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കുക. ഇത് പാത്രങ്ങളിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റോളം അതേ നിലയിൽ തുടരാൻ അനുവദിക്കണം. പിന്നീട് സാധാരണ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയെടുത്തു നോക്കൂ. പാത്രങ്ങൾ പുതുപുത്തൻ പോലെ തിളങ്ങുന്നത് കാണാം.
ചായ കപ്പുകളിലെ കറ നീക്കം ചെയ്യാൻ
കപ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചായക്കറ കഴുകിയാലും മാറ്റാനാവാത്ത അവസ്ഥയുണ്ടോ ? എന്നാൽ ഒരു പാത്രത്തിൽ അല്പം ബേക്കിങ് സോഡ, നാരങ്ങാനീര്, ഡിഷ് വാഷ് എന്നിവ കലർത്തി പേസ്റ്റ് രൂപത്തിലാക്കിയ ശേഷം അത് കറയുള്ള കപ്പുകളിൽ തേച്ച് അല്പസമയം അതേ നിലയിൽ വച്ചുനോക്കൂ. അതിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിയെടുക്കുമ്പോൾ ചായക്കറ അപ്രത്യക്ഷമായിരിക്കുന്നത് കാണാം.
ചോപ്പിങ് ബോർഡ് വൃത്തിയാക്കാൻ

ജോലി എളുപ്പമാക്കുമെങ്കിലും ചോപ്പിംഗ് ബോർഡുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പച്ചക്കറികളുടെ കറകൾ അവയുടെ ഭംഗി നശിപ്പിക്കും. ഇത് നീക്കം ചെയ്യാനായി കല്ലുപ്പിലേക്ക് അല്പം നാരങ്ങാനീര് ചേർത്ത ശേഷം അത് ചോപ്പിംഗ് ബോർഡിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ നേരം ഇതേനിലയിൽ വച്ചശേഷം ഡിഷ് വാഷും സ്ക്രബറും ഉപയോഗിച്ച് വൃത്തിയായി കഴുകിയെടുക്കാം. പിന്നീട് അല്പസമയം ചെറുചൂടുവെള്ളത്തിൽ ബോർഡ് മുക്കിവയ്ക്കണം. ഇനി ഉണങ്ങിയ തുണിയെടുത്ത് തുടച്ച് സൂക്ഷിച്ചോളൂ.
സ്റ്റൗവിലെ എണ്ണക്കറ
സ്റ്റൗവിലെ എണ്ണക്കറ നീക്കം ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെങ്കിൽ അതിനും പരിഹാരമുണ്ട്. അല്പം ബേക്കിങ് സോഡ എടുത്ത ശേഷം അതിൽ ഡിഷ് വാഷ്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് ചെറുചൂടുവെള്ളം ഒഴിച്ച് മിശ്രിതമാക്കുക. ഈ മിശ്രിതം എണ്ണക്കറയുള്ള ഭാഗങ്ങളിൽ നന്നായി തളിച്ച് 20 മിനിറ്റ് വച്ച ശേഷം അമർത്തി തുടച്ചെടുത്താൽ മതിയാകും.
English Summary- Tips to Clean Kitchen and Utensils-Home Tips in Malayalam