പണിയാൻ പോകുന്ന വീടിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി ഇരിക്കുന്ന വേളയിൽ ആ ചേച്ചി പറഞ്ഞു : "സിറ്റൗട്ടിലെ ടൈൽസ് കുന്നത്തെ ശ്രീദേവിയുടെ വീട്ടിലേതുപോലെ വേണം".
ഞാൻ കേട്ടിട്ടുള്ള സ്ത്രീ രത്നങ്ങളുടെ കൂട്ടത്തിൽ അങ്ങനെയൊരു പേരില്ലാത്തതുകൊണ്ട് ഞാൻ കണ്ണുമിഴിച്ചു ചേച്ചിയുടെ ഭർത്താവിനെ നോക്കി.
"സാറേ, ഒരു സീരിയലിലെ അമ്മായിയമ്മയാണ്.."
സ്ത്രീകളും ടൈൽസും തമ്മിൽ അത്രമാത്രം ആത്മബന്ധമാണുള്ളത്...
ടൈൽ സെലക്‌ഷനെ കുറിച്ചാണ്...
1. വീടിന്റെ ഇന്റീരിയർ ഒരുക്കുന്നതിൽ ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളിൽ ഒന്നാണ് ടൈൽസ്. ഫ്ളോറിങ് ആവശ്യങ്ങൾക്കായി എൻജിനീയറിങ് വൈദഗ്ധ്യത്തോടെ നിർമ്മിക്കപ്പെട്ടതായതിനാൽ ടൈലോ, മാർബിളോ നല്ലത് എന്ന ചോദ്യത്തിന് എനിക്ക് ഒരുത്തരമേ ഉള്ളൂ, ഗുണമേന്മയുള്ള ടൈൽ.
2. ടൈലുകൾ കാണിച്ചു തരുന്ന കൂട്ടത്തിൽ, തീരെ കേട്ടിട്ടില്ലാത്ത പല കമ്പനികളെയും കച്ചവടക്കാർ നമുക്ക് പരിചയപ്പെടുത്തും. ഗുണമേന്മക്കുള്ള ഐഎസ്‌ഐ മാർക്കും കാണിച്ചു തരും. മിക്കവാറും ടൈലിനല്ല, പൊതിഞ്ഞുവന്ന കടലാസു പെട്ടിക്കാവും ഐഎസ്‌ഐ മുദ്ര ലഭിച്ചിട്ടുണ്ടായിരിക്കുക. ഇത് നമ്മൾ തിരിച്ചറിയില്ല.
3. ടൈൽ വാങ്ങുമ്പോൾ കഴിവതും ബ്രാൻഡഡ് കമ്പനികളുടെ തന്നെ വാങ്ങുക. കേട്ടുകേൾവിയില്ലാത്ത പല കമ്പനികളെയും കുറിച്ച് കച്ചവടക്കാർ നന്നായി പറയുന്നത് അത്തരം കമ്പനികൾ വലിയ മാർജിൻ വില്പനക്കാർക്ക് നൽകുന്നത് കൊണ്ടാണ്.
4. ബ്രാൻഡഡ് കമ്പനികൾ മിക്കവാറും ഏറെക്കാലമായി ഈ രംഗത്ത് ഉള്ളവരായതിനാൽ വിപണിയിലെയും, ഉൽപന്ന നിർമ്മാണത്തിലെയും ഒട്ടുമിക്ക പ്രശ്നങ്ങളും അവർക്ക് അറിയാം. അതെല്ലാം പരിഹരിച്ചാണ് അവർ പ്രോഡക്റ്റ് ഇറക്കുന്നത്. പുതിയ കമ്പനികൾക്ക് ഈ അനുഭവസമ്പത്തു കാണില്ല. അതിനാൽ റിസ്ക്ക് എടുക്കണ്ട.
5. വേണ്ടത്ര ടൈൽ എടുത്തു കഴിഞ്ഞാൽ, ഓരോ പാറ്റേണിലേയും മൂന്നോ നാലോ ടൈൽ അധികം എടുക്കുക. ഇത് ഭാവിയിലേക്ക് സൂക്ഷിച്ചു വയ്ക്കാനാണ്. എപ്പോഴെങ്കിലും ഒരുഭാഗത്തെ ഒന്നോ രണ്ടോ ടൈലിനു നാശം സംഭവിച്ചാൽ ഈ സ്റ്റെപ്പിനി ഉപയോഗിക്കാം. ആ സമയത്ത് ഇതേ കമ്പനി ഇതേ വർണ്ണത്തിലും പാറ്റേണിലും ഉള്ള ടൈൽ നിർമ്മിക്കുന്നുണ്ടാവണം എന്നില്ല.
6. ഏതാനും ടൈലുകൾ പൊട്ടിപ്പോവാനുള്ളതുകൊണ്ടു അത് മുൻകൂട്ടി കാണുക.
7. മൊത്തം ടൈൽ കണക്കൂകൂട്ടി വാങ്ങാൻ പോകാതെ ഓരോ റൂമിനുമുള്ളതു പ്രത്യേകം എഴുതി കൂട്ടുക. ടൈലുകൾ കാണുമ്പോൾ ഓരോ റൂമിലേക്കും വേണ്ടുന്ന ടൈലുകൾ മാറ്റുന്നതും, അപ്പോൾ ആ റൂമിന്റെ അളവറിയാതെ പരക്കം പായുന്നതും ഫോൺ വിളിക്കുന്നതും ഒരു നിത്യ സംഭവമാണ്.
8. ജോയിന്റ് ഫ്രീ, ആന്റി സ്കിഡ് എന്നൊക്കെ വെറും വിപണന ഉഡായിപ്പുകൾ മാത്രമാണ്. റോമൻ ശിൽപികൾ വിചാരിച്ചിട്ട് പരിപൂർണ്ണ ജോയിന്റ് ഫ്രീ ഉണ്ടാക്കാൻ പറ്റിയിട്ടില്ല. അതുപോലെ നനഞ്ഞാൽ വഴുക്കാത്ത ഒരു ടൈലും ഞാൻ കണ്ടിട്ടില്ല.
9. വീടിന്റെ പുതുമ എന്നതുപോലെ പഴക്കവും വിളിച്ചുപറയുന്നതാണ് കൃത്രിമ ഫ്ലോറിങ്ങുകൾ. ഉദാഹരണത്തിന് മൊസൈക്കിട്ട ഒരു വീട്ടിൽ പോയാൽ അത് ഏതാണ്ട് തൊണ്ണൂറുകളുടെ മധ്യത്തിൽ ചെയ്തതാണ് എന്ന് ഊഹിക്കാം. അതിനാൽ ഒരുപാട് പാറ്റേണുകൾ ഉള്ള ടൈലിനു പുറകെ പോകാതെ പ്ലെയിൻ നിറങ്ങൾ തെരഞ്ഞെടുക്കുക.
10. ഐവറി, ഗ്രേ, ലൈറ്റ് ബ്ലാക്ക്, വെള്ള തുടങ്ങിയ വർണ്ണങ്ങൾ എക്കാലത്തും പുതുമ തരുന്ന നിറങ്ങളാണ്. പിൽക്കാലത്ത് ഭിത്തിക്ക് നൽകുന്ന ഒട്ടുമിക്ക നിറങ്ങളുമായും ഇവ യോജിച്ചു പോകും. എന്നാൽ ചുവപ്പു ടൈൽസിട്ട ഒരുറൂമിൽ പിന്നീട് ഇളം വയലറ്റ് വർണ്ണം പൂശിയാൽ ലഡ്ഡുവും ചമ്മന്തിയും തമ്മിലെ കോമ്പിനേഷനാവും ഉണ്ടാവുക എന്നോർക്കുക.
(അഭിപ്രായം വ്യക്തിപരം...)
ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Flooring of House- Things to know while Purchasing