വായുമലിനീകരണം എന്ന് കേൾക്കുമ്പോൾ വൻകിട നഗരങ്ങളിലോ വ്യവസായിക മേഖലകളിലോ ഒക്കെ സംഭവിക്കുന്ന ഒന്നാണെന്നാവും ചിന്തിക്കുക. എന്നാൽ യഥാർഥത്തിൽ നമ്മുടെ വീടിന്റെ അകത്തളത്തിലെ വായുപോലും മലിനമാണ്. പൊടിപടലങ്ങൾ, പുക പൂപ്പലുകൾ തുടങ്ങി വീട്ടിലെ വായു മലിനമാക്കുന്ന പല ഘടകങ്ങളും ഉണ്ട്. പലവിധ അസുഖങ്ങളും ഈ വായു നിരന്തരം ശ്വസിക്കുന്നത് മൂലം ഉണ്ടായേക്കാം. അകത്തളത്തിലെ വായു ശുദ്ധമാക്കാനുള്ള ചില മാർഗങ്ങൾ നോക്കാം.
• ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കുക എന്നതാണ് പ്രധാനം. പകൽ സമയങ്ങളിൽ ജനാലകൾ പരമാവധി തുറന്നിടുക. അകത്തളത്തിൽ കെട്ടിക്കിടക്കുന്ന വായു പുറത്തേയ്ക്ക് പോകാനും ശുദ്ധവായു അകത്തേയ്ക്ക് കയറാനും ഇത് അത്യാവശ്യമാണ്.
• ഒരുകാരണവശാലും വീടിനകത്തിരുന്ന് പുകവലിക്കരുത്. പുകയില ഉത്പന്നങ്ങളിൽ നിന്നുള്ള പുക കാർപെറ്റിലും സോഫകളിലും മറ്റും തങ്ങിനിന്ന് വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം നഷ്ടപ്പെടാൻ കാരണമാകും.
• വീടിനുള്ളിൽ വളർത്തുന്ന മൃഗങ്ങളെ പതിവായി കുളിപ്പിക്കുക. അടർന്നു വീഴുന്ന ഇവയുടെ രോമങ്ങളിൽ നിന്നും ത്വക്കിൽ നിന്നുമുള്ള അണുക്കൾ മൂലം അകത്തളത്തിൽ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
• പാചകം ചെയ്യുന്ന സമയത്ത് ഉണ്ടാവുന്ന പുക അകത്തളത്തിൽ തങ്ങിനിൽക്കാതെ നീക്കം ചെയ്യാൻ അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുക. അതേപോലെ നീരാവിയും ഈർപ്പവും ഒഴിവാക്കാൻ ബാത്റൂമുകളിലും എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കാം.
• അകത്തളത്തിൽ ചെരുപ്പ് ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. ഒരു കാരണവശാലും പുറത്ത് ഉപയോഗിക്കുന്ന ചെരുപ്പ് വീടിനുള്ളിലേയ്ക്ക് കയറ്റരുത്. പൊടിപടലങ്ങൾ ഒരു പരിധിവരെ തടയാൻ ഡോർ മാറ്റുകൾ ഉപയോഗിക്കുന്നതിലൂടെയും സാധിക്കും.
• സിന്തറ്റിക് എയർ ഫ്രഷ്നറുകൾ, മണമുള്ള മെഴുകുതിരികൾ എന്നിവ പരമാവധി ഒഴിവാക്കുക. ഇവയിൽ നിന്നുള്ള പുക ശ്വാസസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും.
• പൊടിപടലങ്ങൾ അടിഞ്ഞുകൂടത്തക്ക വിധത്തിൽ സാധനങ്ങൾ കൂട്ടിയിടാതെ എപ്പോഴും വൃത്തിയായി ഒതുക്കി വയ്ക്കുക. ജനാല പടികളും കർട്ടനുകളും അടക്കം പതിവായി വൃത്തിയാക്കുന്നതിലൂടെയും പൊടി ശല്യം ഒഴിവാക്കാം. പ്രതലങ്ങൾ തുടയ്ക്കാനായി കോട്ടൺ തുണികളെക്കാൾ നല്ലത് മൈക്രോഫൈബർ തുണികളാണ്. പൊടിപടലങ്ങൾ കൂടുതലായി വലിച്ചെടുക്കാൻ ഇവയ്ക്ക് സാധിക്കും.
• ഭംഗി വർദ്ധിക്കാൻ സഹായിക്കുമെങ്കിലും കാർപെറ്റുകൾ അപകടകാരികളാണ്. പൊടിപടലങ്ങൾ ഇവയ്ക്കുള്ളിൽ അധികമായി തങ്ങി നിൽക്കുന്നതിനാൽ എത്ര വൃത്തിയാക്കിയാലും കാർപെറ്റുകൾ വിരിച്ച മുറികളിൽ വായുവിന്റെ ഗുണനിലവാരം കുറവായിരിക്കും.
• പൂപ്പലുകൾ ഒഴിവാക്കാനായി അകത്തളത്തിൽ ഈർപ്പത്തിന്റെ അംശം ഇല്ല എന്ന് ഉറപ്പുവരുത്തണം. ഇതിനായി ഡീ ഹ്യൂമിഡിഫയറുകൾ ഉപയോഗിക്കാം. വീടിനുള്ളിൽ ചോർച്ചയുള്ള പൈപ്പുകൾ ഉണ്ടെങ്കിൽ അവ കാലതാമസം കൂടാതെ പരിഹരിക്കണം. വീടിനുള്ളിൽ നനവും പൂപ്പലും പിടിപെടാതിരിക്കാൻ ഇത് അത്യാവശ്യമാണ്.
• സാധാരണ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ പ്രതലങ്ങൾ വൃത്തിയാക്കുമെങ്കിലും ദോഷകരമായ കെമിക്കലുകളും സംയുക്തങ്ങളും പുറത്തേയ്ക്ക് വിടും. അതിനാൽ പരമാവധി രാസവസ്തുക്കൾ അടങ്ങാത്ത സ്വാഭാവിക വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് ഉചിതം.
• അലർജിക്ക് കാരണമാകുന്ന പൊടിപടലങ്ങളും അലർജനുകളും നീക്കം ചെയ്യാൻ പര്യാപ്തമായ ഉയർന്ന ഗുണനിലവാരമുള്ള എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക. എയർ കണ്ടീഷൻ സംവിധാനവും വെന്റിലേഷനും കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും ശ്രദ്ധിക്കുക.
• ഇൻഡോർ പ്ലാന്റുകളുടെ ഉപയോഗമാണ് മറ്റൊരു മാർഗം. സ്പൈഡർ പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ പ്രത്യേക ഇനം ചെടികൾക്ക് വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. വീട്ടിൽ പലയിടങ്ങളിലായി ഇൻഡോർ പ്ലാന്റുകൾ വച്ചു പിടിപ്പിക്കാം.
• വീടിനുള്ളിലെ വസ്തുക്കളിൽ മുള, കമ്പിളി , കോട്ടൺ, ലിനൻ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുക. ബെഡ്ഷീറ്റുകളും സോഫ കവറുകളും കൃത്യമായ ഇടവേളകളിൽ ചൂടുവെള്ളം ഉപയോഗിച്ച് കഴുകിയെടുക്കുക.
• വീടിന്റെ ഉൾഭാഗം സുഗന്ധപരിതമാക്കാനായി എസ്സെൻഷ്യൽ ഓയിലുകൾ ഉപയോഗിക്കുക.
English Summary- Improve Air Quality at House- Home Cleaning Tips