പണ്ടൊക്കെ വീടുകളില്‍ ആഹാരം പാകം ചെയ്യുന്ന ഇടം എന്നതിലുപരി അടുക്കളയ്ക്ക് യാതൊരുവിധ പ്രാധാന്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കാലം മാറി. അടുക്കളയ്ക്ക് വീട്ടിലെ സ്വീകരണമുറിക്ക് ലഭിക്കുന്ന പ്രാധാന്യം ആളുകള്‍ നല്‍കി തുടങ്ങി. അത്ര പ്രാധാന്യത്തോടെ ആണ് ഇന്ന് ആളുകള്‍ അടുക്കള ഡിസൈന്‍ ചെയ്യുന്നത്.
സ്വപ്നതുല്യമായ മാറ്റമാണ് ഇന്ന് കിച്ചനുകള്‍ക്ക് ഉള്ളത്. മോഡുലാര്‍ കിച്ചന്റെ വരവോടെയാണ് കിച്ചനുകള്‍ക്ക് ഇത്രയും മാറ്റം ഉണ്ടായത്.വിവിധതരംസ്റ്റോറേജ് കാബോഡുകള്‍ , സിങ്ക്, ഹൂഡ്, ഹോബ് എന്നിവ അടങ്ങുന്നതാണ് മോഡുലാര്‍ കിച്ചനുകള്‍. ഉപയോഗിക്കുന്ന മെറ്റീരിയല്‍ അനുസരിച്ചാണ് ഇതിന്റെ വില. തടി കൊണ്ടുള്ള മോഡുലാര്‍ കിച്ചനുകളെക്കാള്‍ ഇന്ന് കിച്ചന്‍ ഡിസൈനുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് അലൂമിനിയം കിച്ചനുകളാണ്.
അലൂമിനിയം കോമ്പോസിറ്റ് പാനലുകള്‍ ഉപയോഗിച്ചുള്ള കിച്ചനുകള്‍ ശരിക്കും വീടുകള്‍ക്ക് ക്ലാസ്സിക് ലുക്ക് ആണ് നല്‍കുന്നത് . ദീര്‍ഘകാല ചെലവിന്റെ കാര്യം നോക്കിയാലും ഇവ ഗുണകരം തന്നെ. ആവശ്യക്കാരുടെ ഇഷ്ടത്തിനും തീമിനും അനുസരിച്ച് കിച്ചന്‍ പാറ്റേൺ നിര്‍ണ്ണയിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
താമസസ്ഥലം മാറുമ്പോള്‍ ഇത് അവിടേക്ക് മാറ്റി സ്ഥാപിക്കാനും സാധിക്കും. കൂടാതെ ചിതലരിക്കില്ല, ഈര്‍പ്പമില്ല, അങ്ങനെ പല ഗുണങ്ങളുമുണ്ട്. സ്‌പേസിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി കൊണ്ടാണ് അലൂമിനിയം കിച്ചനുകള്‍ ചെയ്യുക. സ്ഥലപരിമിതി മറികടക്കാന്‍ സാധിക്കുന്ന L ഷേപ്പ് കിച്ചനുകള്‍, വലുപ്പം തോന്നിപ്പിക്കുന്ന U ഷേപ്പ് കിച്ചനുകള്‍ തുടങ്ങി ഐലന്റ് കിച്ചന്റെ വരെ ഭാഗമാക്കി അലൂമിനിയം കിച്ചനെ മാറ്റാന്‍ കഴിയും.
അടപ്പുകള്‍ ചേരാതെ വരിക , ഫ്രെയിമുകളുടെ രൂപം നഷ്ടമാകുക എന്നിങ്ങനെ തടി കൊണ്ടുള്ള കിച്ചന്റെ ന്യൂനതകള്‍ പരിഹരിക്കാന്‍ അലൂമിനിയം കിച്ചന് സാധിക്കും. പണിപൂര്‍ത്തിയായ വീടുകളില്‍ പോലും എളുപ്പത്തില്‍ അലൂമിനിയം കിച്ചന്‍ സ്ഥാപിക്കാം. അലൂമിനിയം കിച്ചനായി പ്രത്യേകം സ്ലാബുകള്‍ ഒന്നും നീക്കി വയ്ക്കണ്ട. പകരം അടുക്കളയ്ക്കുള്ള ഇടം മാത്രം ഒഴിച്ചിട്ടാല്‍ മതിയാകും. ഗ്രാനൈറ്റ് കൗണ്ടർടോപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ നല്ല ഗുണനിലവാരവും ഉറപ്പും നല്‍കുന്നതാണ് ഇവ. ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം ബജറ്റിനും ഇണങ്ങുന്നതാണ് അലൂമിനിയം കിച്ചന്‍ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ്.
English Summary- Aluminium Kitchen for Cost Cutting