വീട്ടിൽ ഫർണിച്ചർ പണിയിപ്പിക്കുമ്പോൾ / വാങ്ങുമ്പോൾ ഇവ ശ്രദ്ധിക്കുക

furniture-ramco
Representative Image: Photo credit: Gorodenkoff / Shutterstock.com
SHARE

ഫർണിച്ചറിനെക്കുറിച്ച് നേരത്തെ തന്നെ ഒരു ധാരണയുണ്ടാക്കിയാൽ വീടുപണി തീരുമ്പോഴേക്ക് ഫർണിച്ചർ പണിയിക്കാനോ അല്ലെങ്കിൽ ഇഷ്ടപ്പെട്ട ഒന്നു തിരഞ്ഞെടുക്കാനോ ഉളള സമയം കിട്ടും. പലപ്പോഴും അവസാന നിമിഷം സമയക്കുറവു മൂലം തമ്മിൽ ഭേദമെന്നു തോന്നുന്ന ഫർണിച്ചർ തിരഞ്ഞെടുത്ത് തൃപ്തിപ്പെടുകയാണ് പലരും. ആദ്യം തന്നെ ഓരോ മുറികളിലേക്കും വേണ്ട ഫർണിച്ചർ ഏതൊക്കെയെന്ന്് കുറിച്ചുവയ്ക്കുക.

ഫർണിച്ചർ എവിടെ, ഏത് ?

കബോർഡുകൾ കൂടാതെ, ലിവിങ് റൂമിലേക്ക് സോഫയും ടീപോയ്യും, ഫാമിലി ലിവിങ് റൂമിൽ സോഫ, ഊണു മുറിയിൽ ഊണുമേശയും കസേരകളും, കിടപ്പുമുറികളിൽ കട്ടിൽ, സൈഡ് ടേബിൾ, ഡ്രസിങ് ടേബിൾ എന്നിവ അടുക്കളയിൽ ബ്രേക് ഫാസ്റ്റ് കൗണ്ടറിനരികിലേക്കുളള കസേരകൾ എന്നിവയാണ് പ്രധാനമായും ഒരു വീട്ടിലേക്ക് വേണ്ടി വരുന്ന ഫർണിച്ചർ. ഓരോരുത്തരുടെയും ഇഷ്ടവും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് ഇതിൽ ചില വ്യത്യാസങ്ങൾ വരാം.  വീടിന്റെ പ്ലാൻ തയാറാക്കുന്ന സമയത്തു തന്നെ ഫർണിച്ചർ ലേ ഔട്ട് കൂടി തയാറാക്കിയാൽ വീടിനുളളിലെ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാം. എല്ലാത്തിനും അതിൻറേതായ സ്ഥലമുണ്ടായിരിക്കുകയും എല്ലാം ആ സ്ഥലത്തു തന്നെ ആയിരിക്കുകയും ചെയ്യും എന്നതാണ് ഫർണിച്ചർ ലേഔട്ട് കൊണ്ടുളള പ്രയോജനം.

പണിയിക്കും /വാങ്ങും മുമ്പ്

ആദ്യം ഫർണിച്ചറിനായി നമുക്കു നീക്കിവയ്ക്കാൻ പറ്റുന്ന തുകയെക്കുറിച്ച് ഏകദേശ ഗ്രാഹ്യമുണ്ടാക്കണം. ആ ബജറ്റിൽ ഒതുങ്ങുന്ന തടി, തടിക്കു പകരമുളള മറ്റു മെറ്റീരിയലുകൾ ഏതാണെന്ന് കണ്ടെത്തുകയാണ് അടുത്തപടി. വാങ്ങുകയാണെങ്കിൽ നമ്മുടെ ബജറ്റിനും ഇഷ്ടത്തിനും ഒത്തിണങ്ങിയതു കിട്ടാൻ പല കടകൾ കയറിയിറങ്ങേണ്ടി വരും. അതുകൊണ്ട് നേരത്തെ തന്നെ ഫർണിച്ചർ വേട്ട തുടങ്ങാം. നമ്മുടെ ഉയരത്തിനനുസരിച്ചുളള  ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കണം. അറ്റം കൂർത്ത ഫർണിച്ചറിന് അപകട സാധ്യതയുണ്ട്. പഴയ തടികൊണ്ടുളള ഫർണിച്ചറും ഫെറോസിമന്റ് കൊണ്ടുളള ബിൽറ്റ്- ഇൻ ഫർണിച്ചറും ചെലവ് കുറയ്ക്കും.

വീട്ടുകാരൻ കഷ്ടപ്പെടാൻ തയാറാണെങ്കിൽ മില്ലിൽ നിന്ന് തടി വാങ്ങുന്നതിനേക്കാൾ ലാഭം മരം വാങ്ങി തടി അറപ്പിക്കുന്നതാണ്. പക്ഷേ ഇതേക്കുറിച്ച് അറിവുളള വിദഗ്ധരെ കൂടെ കൂട്ടണം. തേക്കിനു പകരം ചെലവു കുറഞ്ഞ വേങ്ങ, പുന്ന, വേപ്പ് തുടങ്ങിയ നാടൻ മരങ്ങൾ ഉപയോഗിക്കാം. കടക്കാർ പറയുന്ന  തടി തന്നെയാണോ ഫർണിച്ചറിന് ഉപയോഗിച്ചിരിക്കുന്നതെന്ന് അറിയാൻ ആശാരിയെ കൂടെ കൂട്ടാം. പ്ലൈവുഡ്, എംഡിഎഫ്, എച്ച്ഡിഎഫ് എന്നിവ പല നിലവാരത്തിലുളളവ ലഭ്യമാണ്. ഇവയുടെ ഗുണനിലവാരമനുസരിച്ചിരിക്കും ഫർണിച്ചറിന്റെ  ഈടും.

പല കാര്യങ്ങളും കണക്കിലെടുക്കണം...

മുറിയിൽ എവിടെയൊക്കെയാണ് ജനലും വാതിലും വരുന്നതെന്നൊക്കെ നോക്കി വേണം ഫർണിച്ചറിന്റെ സ്ഥാനം നിശ്ചയിക്കാൻ. ജനലിനോടു ചേർന്ന് കട്ടിൽ വേണമെന്നും വേണ്ടായെന്നുമുളളവരുണ്ടാകും. അതനുസരിച്ചുവേണം കട്ടിലിന്റെ സ്ഥാനം നിശ്ചയിക്കാൻ. ലൈറ്റ് പോയിന്റുകൾ എവിടെ വരുന്നുവെന്നതും ഫർണിച്ചറിൻറെ സ്ഥാനം തീരുമാനിക്കുന്നതിൽ പങ്കു വഹിക്കുന്നു. ഉദാഹരണത്തിന് കട്ടിലിൽ കിടക്കുമ്പോൾ മുഖത്തേക്ക് വെളിച്ചമടിക്കുമോ എന്നു ശ്രദ്ധിക്കണം. പ്ലഗ് പോയിന്റിനോട് ചേർന്നുവേണം സൈഡ് ടേബിളിടാൻ.

മുറിയിലേക്ക് പ്രവേശിക്കുന്നത് എതിലേയാണെന്ന് നോക്കുക. വാതിൽപ്പാളി തുറക്കുന്നത് അകത്തേക്കോ പുറത്തേക്കോ ? അകത്തേക്കാണെങ്കിൽ പൂർണമായും തുറക്കാൻ സാധിക്കണം. ഫർണിച്ചർ ഇട്ട് വാതിൽ തുറക്കാൻ പ്രയാസം ഉണ്ടാക്കരുത്. ഇനി ഈ മുറി മറ്റൊരു മുറിയിലേക്കുളള വഴിയാണോ എന്നു നോക്കണം. അങ്ങനെയെങ്കിൽ അതിനുളള പാത ഒഴിച്ചിട്ടിട്ടു വേണം ഫർണിച്ചർ ഇടാൻ. 

വീട് വിഡിയോസ് കാണാം...

English Summary- Furniture Selection for House; Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS