വീടുപണിയിൽ മലയാളികൾ ഏറ്റവും പണം ചെലവഴിക്കുന്നത് ഇന്റീരിയർ ഫർണിഷിങ്ങിനാണ്. അനാവശ്യ ചെലവ് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഡിസൈനർ അരുൺ മുരളി (ഇൻസൈറ്റ് ആര്‍ക്കിടെക്ചറൽ ഐഡിയാസ്) സംസാരിക്കുന്നു.
∙ വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ ഇന്റീരിയർ ഡിസൈനിനെക്കുറിച്ച് ഒരു ധാരണ നമുക്ക് ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഒരു സ്ട്രക്ചർ പണിതു കഴിയുമ്പോൾ തന്നെ സാമ്പത്തികമായി നമ്മൾ ടൈറ്റ് ആകും. പിന്നീട് ഇന്റീരിയർ എങ്ങനെയെങ്കിലും ചെയ്തു തീർക്കാം എന്ന രീതിയിലേക്ക് പോകുന്ന രീതിയാണ് കണ്ടുവരുന്നത്. അതിനായി ഗുണനിലവാരമില്ലാത്ത സാമഗ്രികൾ തിരഞ്ഞെടുക്കും. കുറച്ചുവർഷത്തിനുള്ളിൽ അകത്തളം പൊളിഞ്ഞിളകി വൃത്തികേടാകും. ഇതൊഴിവാക്കാൻ സ്ട്രക്ചർ നിർമിക്കുന്ന സമയത്തുതന്നെ ഇന്റീരിയറിനായി എത്ര തുക വകയിരുത്താം എന്ന് ഉറപ്പിക്കണം.
∙ ഒരു വീടിന് ഒരു തീമുണ്ടായിരിക്കണം. ഒരു കന്റെംപ്രറി വീടാണ് പണിയുന്നതെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയലുകളെല്ലാം കന്റെംപ്രറി സ്റ്റൈലിലേക്ക് വരുന്ന മെറ്റീരിയലായിരിക്കണം. അല്ലെങ്കിൽ ഒരു ട്രെഡീഷണൽ വീടാണ് പണിയുന്നതെങ്കിൽ ആന്റിക് ആയിട്ടുള്ള മെറ്റീരിയലുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പരസ്പരം കൂട്ടിക്കുഴച്ചാൽ മാച്ച് ആകാതെ പോകും. മ്മുടെ വീട്ടിൽ ഏത് തീമാണോ ഉപയോഗിച്ചിരിക്കുന്നത്. ആ തീമിന് അനുസരിച്ച് തന്നെ ഉള്ള മെറ്റീരിയലുകൾ സെലക്റ്റ് ചെയ്യുക.
∙വീട് ഇന്റീരിയർ ഡിസൈൻ ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം ഈടും ഗുണനിലവാരവുമാണ്. ഇപ്പോഴത്തെ പോലെ മോഡേൺ ടൈപ്പ് രീതിയിൽ വീട് പണിയുമ്പോൾ വീടിന്റെ ആയുസ് 20 വർഷമായി ചുരുങ്ങിയിട്ടുണ്ട്. 20 വർഷം കൊണ്ട് വീട് ചീത്തയാകും എന്നല്ല പറയുന്നത്. മറിച്ച് ഒരു ജനറേഷൻ മാറി അടുത്ത ജനറേഷൻ വരുമ്പോൾ അവർ വീട് പൊളിച്ച് അവരുടെ സ്‌റ്റൈലിലേക്ക് മാറ്റും അല്ലെങ്കിൽ പൊളിച്ചു പണിതിട്ട് പുതിയ വീടുനിർമിക്കും. അതുകൊണ്ട് ഇനിയുള്ള കാലത്ത് സാധാരണവീടുകളിൽ ഹൈകോസ്റ്റുള്ള മെറ്റീരിയൽ ഇന്റീരിയറിനു വേണ്ടി ഉപയോഗിക്കുന്നതിനകത്ത് വലിയ അർഥമുണ്ടെന്ന് തോന്നുന്നില്ല.
∙സ്ഥല ഉപയുക്തത (Space utilization) വളരെ പ്രധാനമാണ്. അതായത് സ്പെയ്സിനനുസരിച്ച് ഫർണിച്ചർ പണിയുക. അല്ലെങ്കിൽ മൾട്ടി പർപ്പസായിട്ട് ഫർണിച്ചർ പണിയുക. ഡൈനിങ്ങ് ടേബിളിന്റെ കസേരകൾ ഫാമിലി ഏരിയയിലേക്ക് യൂസ് ചെയ്യാൻ പറ്റുന്നതുപോലെയും, കട്ടിലാക്കി മാറ്റാൻ പറ്റാവുന്ന സോഫകൾ അല്ലെങ്കിൽ വാർഡ്രോബിന്റെ ഡിസൈൻ, ബുക് ഷെൽഫ്, ക്രോക്കറി എല്ലാം കൂടി മിക്സ് ചെയ്ത് ചെയ്യാം. അങ്ങനെയൊക്കെ ചെയ്യുന്ന സമയത്ത് ഒരുപാട് കോസ്റ്റ് കുറയ്ക്കാൻ സാധിക്കും. അതുപോലെ തന്നെ വീടിനെ വളരെ ഭംഗിയുളളതാക്കി മാറ്റാനും സാധിക്കും. ഇതൊക്കെയാണ് ഇന്റീരീയർ ഫർണിച്ചറിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ഓരോരുത്തരുടെയും അഭിരുചി അനുസരിച്ച് ഡിസൈൻ കൊണ്ടു വരാൻ ശ്രമിക്കണം. വീടിനുള്ളിലെ എല്ലാവരോടും അഭിപ്രായം ചോദിച്ചതിനു ശേഷം മാത്രം ഡിസൈൻ ചെയ്യുക. എല്ലാവരുടേയും അഭിപ്രായം സ്വീകരിക്കുക. അതുവഴി ചെലവ് കുറഞ്ഞ, ഈടുനിൽക്കുന്ന അകത്തളങ്ങൾ ഒരുക്കാൻ സാധിക്കും.
English Summary- Interior Furnishing Tips Video- Malayalam