ADVERTISEMENT

തേക്കിനോടുള്ള അന്ധമായ പ്രണയം പലപ്പോഴും പാഴ്ചെലവുകളാണ് മലയാളിക്ക് സമ്മാനിക്കുന്നത്. വീടിന്റെ വാതിലുകൾക്കും ജനലുകൾക്കും പാനലിങ്ങിനും സീലിങ്ങിനും തുടങ്ങി തൂവാനം വർക്കിനു പോലും തേക്ക് ഉപയോഗിക്കുന്നവരുണ്ട്. ഒരു ബജറ്റ് വീട് പണിയാനുള്ളത്രയും തുക അവിടെ തേക്കിനും പണിക്കൂലിയുമായി പാഴാക്കിക്കളയും! ഇത്തരത്തിലുള്ള ധൂർത്തുകൾ വീടു നിർമാണത്തിന്റെ ബജറ്റ് തെറ്റിക്കുക മാത്രമല്ല, പ്രകൃതിവിഭവങ്ങളെ ദുരുപയോഗം ചെയ്യുക കൂടിയാണെന്നു പറയാതെ വയ്യ.

ഈട്ടിയിലും തേക്കിലുമൊക്കെ കൊത്തുപണികളുള്ള വാതിലുകൾ മലയാളിയുടെ ഗൃഹാതുരത്വമായിരിക്കും. എന്നാൽ ബജറ്റ് നോക്കി വേണം ഇത്തരം ഗൃഹാതുരത്വത്തിനു പിറകെ പോകുന്നത്. റബർ പോലുളള പ്ലാന്റേഷൻ തടികൾ ട്രീറ്റ് ചെയ്ത് തേക്കിന്റെയും ഈട്ടിയുടെയുമെല്ലാം സ്റ്റെയിൻ നൽകി ഉപയോഗിക്കുന്ന രീതികൾ ഇന്നുണ്ട്. കാഴ്ചയ്ക്ക് വലിയ വ്യത്യാസമൊന്നും കാണില്ലെന്നു മാത്രമല്ല, ഇവയ്ക്ക് ചെലവും നല്ല രീതിയിൽ കുറയും. 

വേങ്ങ, കരിമരുത്, കരുവേലം, തെങ്ങ്, പന, വേപ്പ് എന്നിങ്ങനെ നാടൻ തടികൾ നിരവധിയുണ്ട്. ഉറപ്പു കുറയാതെ ചെലവു കുറയ്ക്കാൻ ഇത്തരം തടികൾ ഉപയോഗിക്കുന്നതു നന്നായിരിക്കും. തെങ്ങും പനയും പണിയെടുക്കാൻ പ്രയാസമാണെന്ന് കാർപെന്റർമാർ പറയാറുണ്ട്. എന്നാൽ ചിലർ അതിനു തടസ്സം നിൽക്കാറുമില്ല. ആര്യവേപ്പിനും വേങ്ങയ്ക്കും ഔഷധ ഗുണവുമുണ്ട്. തേക്കിനെക്കാൾ ലാഭകരമായ പണിയാവുന്ന മറ്റൊരു മരം പ്ലാവാണ്. ആകർഷകമായ മഞ്ഞനിറവും പ്ലാവിന്റെ പ്ലസ്പോയിന്റാണ്. 

വീടിനകത്തെ വാതിലുകൾക്ക് കട്ടിള വേണമെന്നില്ല. കട്ടിളയില്ലാതെ വാതിൽ പിടിപ്പിക്കാൻ സാധിക്കും. ഇത് മരം നല്ലൊരളവു വരെ ലാഭിക്കാനും സഹായിക്കും. സുരക്ഷയെക്കാൾ കാഴ്ചയെ മറയ്ക്കുക എന്നാണല്ലോ വീടിനകത്തെ വാതിലുകളുടെ പ്രധാന ഉത്തരവാദിത്തം. അതിന് ഫൈബർ, പോളിത്തീൻ എന്നിവകൊണ്ടുള്ള ഭാരം കുറഞ്ഞ വാതിലുകൾ തന്നെ ധാരാളം. നല്ല സുരക്ഷ വേണം എന്നുള്ളിടത്ത് മരം പോലെ ഇരിക്കുന്ന സ്റ്റീൽ വാതിലുകൾ ഉപയോഗിക്കുകയുമാകാം. ഇവയ്ക്ക് മരത്തിനെക്കാൾ വില കുറവാണ്. വീടിനകത്തെ വാതിലുകൾക്കെല്ലാം ഒരേ ഉയരം തന്നെ നൽകുന്നതാണ് ഉത്തമം. അല്ലെങ്കിൽ ലിന്റൽ പല തട്ടുകളായി വാർക്കേണ്ടി വരും. എന്നാൽ വാതിലുകളുടെ വീതി എല്ലാം ഒരേ അളവിൽ വേണമെന്നില്ല. ബെഡ്റൂം വാതിലുകൾക്ക് 80–90 സെമീ വീതിയാണ് സാധാരണ നൽകുന്നത്. എന്നാൽ ടോയ്‌ലറ്റ് വാതിലുകൾക്ക് 70–80 സെമീ വീതി തന്നെ ധാരാളമാകും. 

ഒരിക്കൽ ഉപയോഗിച്ച് തടിയുടെ മാർക്കറ്റുകള്‍ നിരവധിയുണ്ട്. വീടിന് അനുയോജ്യമായ ജനാലകളും വാതിലുകളും ഇവിടെ നിന്നു കിട്ടും. പഴയ തടിയായതിനാൽ ഉറപ്പിന്റെ കാര്യത്തിൽ സംശയവും വേണ്ട. പുതിയ വാതിലുകളും ജനാലകളും ഉണ്ടാക്കുന്ന െചലവിനോടു താരതമ്യം ചെയ്താൽ പകുതിയോളം തുക ലാഭിക്കുകയുമാകാം. പഴയ തടി വാങ്ങി ജനാലകളും വാതിലുകളും നിർമിക്കുകയുമാകാം. 

English Summary- Wood door safety and House Budget- Things to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com