ADVERTISEMENT

വീടിന് സുരക്ഷ നൽകുന്നതിൽ വാതിലുകൾക്കും ജനലുകൾക്കും അനിഷേധ്യമായൊരു ധർമം തന്നെയുണ്ട്. വീടിന് അടച്ചുറപ്പ് നൽകുന്നതിനൊപ്പം തന്നെ മഴ, വെയിൽ എന്നിവയിൽ നിന്ന് സുരക്ഷയും വീടിന് സ്വകാര്യതയും നൽകുന്നത് ജനലുകളും വാതിലുകളുമാണ്.  വാതിലുകളും ജനലുകളുമെല്ലാം പരമ്പരാഗത രീതിയിൽ മരത്തിന്റെ തന്നെ നിർമിക്കണമെന്നില്ല. പൂർണമായും മരത്തില്‍ നിർമിക്കാൻ പോയാൽ ചെലവ് കൂടും. 

ജനലുകളുടെയും വാതിലുകളുടെയും ചട്ടക്കൂട്, പ്രധാന വാതിലുകൾ എന്നിവയ്ക്കു മാത്രം മരം ഉപയോഗിച്ച് മറ്റു വാതിലുകൾക്ക് ബദൽ മെറ്റീരിയലുകൾ ഉപയോഗിക്കുന്നതാണ് നിലവിലുള്ള രീതി. മരത്തിന്റെ അതേ രൂപഭംഗിയിലും വ്യത്യസ്ത അളവുകളിലും ഡിസൈനുകളിലും ലഭിക്കുന്ന ഗാൽവനൈസ്ഡ് സ്റ്റീൽ വിൻഡോകൾ പോലുള്ള ബദൽ മെറ്റീരിയലുകൾക്ക് പ്രചാരം ഏറിക്കൊണ്ടിരിക്കുകയാണ്. പോളിവിനൈൽ, ഫൈബർ ഗ്ലാസ്, വെനീർ, സ്റ്റീൽ, യുപിവിസി, അലൂമിനിയം എന്നിങ്ങനെ  മരത്തിനു പകരമായി ഉപയോഗിക്കുന്ന നിരവധി ബദൽ മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ഉണ്ട്. 

ഇത്തരം മെറ്റീരിയലുകൾ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസരിച്ച് വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാത്തതിനാൽ അടയ്ക്കാനും തുറക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടില്ല. മരത്തെക്കാൾ സുരക്ഷിതമാണ് ഈ മെറ്റീരിയലുകളിൽ പലതും. ഏറെ നാള്‍ ഈടുനിൽക്കുന്ന ഈ മെറ്റീരിയലുകൾ ചിതൽ, തുരുമ്പ് എന്നിവയോ പ്രതിരോധിക്കും. മാത്രമല്ല, മരത്തെ അപേക്ഷിച്ചു നോക്കുമ്പോൾ 50 ശതമാനത്തോളം ലാഭകരമാണ് ഇവയുടെ ഉപയോഗം. മാത്രമല്ല, പെട്ടെന്നു ഘടിപ്പിക്കാൻ സാധിക്കുന്ന ഇവ സമയലാഭവും നൽകുന്നു. 

ബാത്റൂമുകൾക്ക് വേണ്ടി പിവിസി, ഫൈബർ ഡോറുകളും ഉപയോഗിക്കാറുണ്ട്. പൗഡർ കോട്ടഡ് അലൂമിനിയം, പൗഡർ കോട്ടഡ് സ്റ്റീൽ, ഗാൽവനൈസ്ഡ് സ്റ്റീൽ എന്നിവകൊണ്ട് ജനലിന്റെ ഫ്രെയിം, ഷട്ടർ എന്നിവ പണിയുന്നത് ലാഭകരമാണ്. അലൂമിനിയം, ഗ്ലാസ് എന്നിവ ഉപയോഗിച്ചുള്ള ബാത്റൂം വെന്റിലേഷനും വിപണിയിൽ ലഭ്യമാണ്. എച്ച്ഡിഎഫ്, വെനീർ, ട്രീറ്റഡ് വുഡ്, മോഡേൺ ലുക്കിലുള്ള ടഫൻഡ് ഗ്ലാസ്സ് വാതിലുകള്‍ എന്നിവയും വിപണിയിൽ ലഭിക്കും. പഴയ തടി വാങ്ങി പുനരുപയോഗിക്കുന്നതും ചെലവ് കുറയ്ക്കും. ഇത് 40–50 ശതമാനത്തോളം ലാഭം നൽകും. അകത്തെ വാതിലുകൾ കനം കുറച്ചു നൽകാം. തടി അത്രയും ലാഭിക്കാന്‍ ഇതു സഹായിക്കും. ഭിത്തി കുറച്ചുള്ള ഓപ്പൺ പ്ലാനിൽ വാതിലിന്റെയും ജനലിന്റെയും എണ്ണം കുറയ്ക്കാം. 

English Summary: Window Door Cost cutting Furnishing Tips 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com