വീടിനകം ഭംഗിയാക്കാൻ കർട്ടൻ, ബ്ലൈൻഡ്‌സ്

Mail This Article
വീട്ടിനുള്ളിൽ ആവശ്യാനുസരണം വെളിച്ചം ക്രമീകരിക്കാനുള്ള ഉപകരണം മാത്രമല്ല ഇപ്പോൾ കർട്ടനുകൾ. വീടിന്റെ അകത്തളത്തിനു ഭംഗി കൂട്ടുന്നതിനും വീടിനു വ്യക്തിത്വം സമ്മാനിക്കുന്നതിനും കർട്ടന്റെ പങ്കു വളരെ വലുതാണ്. മുറിയുടെ വലുപ്പം, ജനലിന്റെ സ്ഥാനം, മുറിയിൽ അടിച്ചിരിക്കുന്ന പെയിന്റിന്റെ നിറം, മുറിയുടെ സ്വഭാവം ഇവയൊക്കെ പരിഗണിച്ചാണു കർട്ടൻ തിരഞ്ഞെടുക്കുന്നത്.
കർട്ടനുകളും ബ്ലൈൻഡുകളും
പ്ലീറ്റഡ് കർട്ടൻ, പെൽമറ്റ്, സ്കാലപ്പ്, ലൂപ് കർട്ടനുകൾ, നൂൽ കർട്ടനുകൾ, വാലൻസ് കർട്ടനുകൾ, എന്നിങ്ങനെ പലതരം കർട്ടനുകൾ വിപണിയിൽ ലഭ്യമാണ്. തുണി കൊണ്ടുള്ള കർട്ടനുകൾക്കു പകരം, പാളിപാളിയായി കിടക്കുന്ന മുളകൊണ്ടും പ്ലാസ്റ്റിക് കൊണ്ടും ഫൈബർ കൊണ്ടുമെല്ലാം ഉള്ള ബ്ലൈൻഡുകളും വിപണിയിൽ ലഭ്യമാണ്. ഇപ്പോൾ തുണി കർട്ടനുകൾക്കു പകരം ബ്ലൈൻഡുകളിലേക്കു ചേക്കേറുന്നവരും വളരെ കൂടുതലാണ്. ഓഫിസുകളിലും മറ്റുമാണ് ബ്ലൈൻഡുകൾ കൂടുതലായി ഉപയോഗിക്കുന്നത്.
അഴകായ് പ്ലീറ്റഡ് കർട്ടൻ
ഞൊറി ഇട്ടു തയ്ക്കുന്ന കർട്ടനാണ് പ്ലീറ്റഡ് കർട്ടൻ. കർട്ടൻ നിർമാണത്തിലെ സർവസാധാരണമായ രീതിയാണ് ഇത്. നാല്, അഞ്ചു പ്ലീറ്റ് കർട്ടനുകൾക്കാണ് ആവശ്യക്കാർ ഏറെയും. 4 പ്ലീറ്റഡിന് 10 ഇഞ്ച് വീതിയാണ് ഉള്ളത്. ജനലിന്റെ വലുപ്പം കൂടി അടിസ്ഥാനപ്പെടുത്തിയാണ് പ്ലീറ്റഡ് കർട്ടനുകൾ തിരഞ്ഞെടുക്കുന്നത്. നെറ്റ് കർട്ടനുകൾ ഇതിനായി ഉപയോഗിക്കാം.
ലേറ്റസ്റ്റ് , ലൂപ് കർട്ടനുകൾ
കർട്ടനുകളിൽ മടക്ക് ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകൾ പിടിപ്പിക്കുന്നവയാണ് ലൂപ് കർട്ടനുകൾ. ഓപ്പൺ ഹാളുകളിൽ ഇതു കൂടുതൽ ഭംഗി നൽകും. ലൂപ്പുകളുടെ പുറത്തേക്കു തുണിക്കിണങ്ങുന്ന വിധം ഫാൻസി ബട്ടണുകൾ, മുത്തുകൾ എന്നിവയും ഇതിൽ പിടിപ്പിക്കാം. ഏറ്റവും ലളിതമായി കർട്ടനടിക്കുന്ന രീതിയാണിത്.
ഹിറ്റാണ് ബ്ലൈൻഡുകൾ
കർട്ടനുകളെ അപേക്ഷിച്ചു ചെലവു കുറവാണ് വൃത്തിയാക്കാൻ എളുപ്പമാണ് എന്നീ കാര്യങ്ങളാണ് ബ്ലൈൻഡുകളെ കൂടുതൽ ജനകീയമാക്കുന്നത്. പല നിറങ്ങളിലും ഷെയ്ഡുകളിലും ബ്ലൈൻഡുകൾ ലഭ്യമാണ്. മുളകളിൽ തീർത്ത ബ്ലൈൻഡുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഗാർഡനോടു ചേർന്നും ഓപ്പൺ ആയ സിറ്റൗട്ടിലും എല്ലാം തന്നെ ബാംബൂ ബ്ലൈൻഡുകൾ ഉപയോഗിക്കുന്നു. ബ്ലൈൻഡുകൾക്കു പ്രചാരം വർധിച്ചു വരുന്നുണ്ട് എങ്കിലും സ്വീകരണമുറി, മാസ്റ്റർ ബെഡ്‌റൂം തുടങ്ങിയ ഇടങ്ങളിൽ കർട്ടനുകൾക്കു തന്നെയാണ് ഡിമാൻഡ്.
English Summary- Curtain Blinds for House Interiors