ADVERTISEMENT

വീട് പണിയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചിന്തിക്കുന്ന ഒരു പ്രധാന കാര്യമാണ്, എങ്ങനെ ആയിരിക്കണം അടുക്കള എന്നുള്ളത്. ഒരു വീടിന്റെ ഏറ്റവും പ്രധാനഭാഗമാണ് കിച്ചൻ. നമ്മൾ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ കാശ് ചെലവാക്കുന്നതും എന്നാൽ കുറച്ചു പേരെങ്കിലും ഏറ്റവും കുറവ് ഉപയോഗിക്കുന്നതും (ചിലർ ഉപയോഗിക്കാറേ ഇല്ല, ഷോകിച്ചൻ), ചിലർ പകൽ കൂടുതൽ സമയം ആയിരിക്കുന്നതും (സാധാരണ വീടുകളിൽ) അടുക്കളയിലായിരിക്കും. അടുക്കള കൂടുതൽ ജെൻഡർ ന്യൂട്രൽ ആകേണ്ട കാലമാണ് ഇപ്പോൾ.

വലിയ ബജറ്റിൽ അല്ലാതെ സാധാരണ പണിയുന്ന വീടുകളിൽ അടുക്കള എങ്ങനെ ആയിരിക്കണമെന്ന് എന്റെ കാഴ്ചപ്പാടിൽ നിങ്ങളോട് പറയാൻ ശ്രമിക്കുകയാണ്.

1. ആദ്യം എങ്ങനെയുള്ള അല്ലെങ്കിൽ ഏത് ഷേപ്പിൽ ഉള്ളത് വേണം എന്ന് തീരുമാനിക്കണം, എന്നിട്ട് അതിനനുസരിച്ചാണ് പ്ലാൻ വരയ്ക്കേണ്ടത് (L ഷേപ്പിൽ, U ഷേപ്പിൽ, സ്ട്രെയ്റ്റ് ആയി )

അതിനനുസരിച്ചു കിച്ചനുള്ള മുറി എടുക്കണം. എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്. അതു കിച്ചൻ ക്ളീൻ ആയി കിടക്കാൻ സഹായിക്കും.

2. ഉപയോഗിക്കുന്ന ആളുടെ ഹൈറ്റിന് അനുസരിച്ചു ആയിരിക്കണം സ്ലാബ് വരേണ്ടത്. അതു ജോലി അനായാസം ആക്കാൻ ഉപകരിക്കും. (സാധാരണ 80cm മുതൽ 90cm വരെ ആണ് എടുക്കാറുള്ളത്, 85മുതൽ 90വരെ ആണ് ഏറ്റവും നല്ലത്). അടുപ്പും സിങ്കും ഫ്രിഡ്ജും ഒരു കയ്യകലത്തിൽ വരുന്നതാണ് ഏറ്റവും നല്ലത്. അത് ജോലി അനായാസമാക്കും .

3. കിച്ചൻവാളിൽ പരമാവധി വൈറ്റ് ടൈൽ അല്ലെങ്കിൽ ലൈറ്റ് കളർ ടൈൽ ഇടുന്നതാണ് ഏറ്റവും നല്ലത്. ഒന്ന് അഴുക്ക് പെട്ടെന്ന് അറിയുകയും അറിയാതെ ക്ളീൻ ചെയ്തു പോകുകയും ചെയ്യും. മറ്റൊന്ന്, ഇതിൽ ഏത് കബോർഡ് വച്ചാലും കൂടുതൽ ഭംഗി കിട്ടും. മാത്രമല്ല കൂടുതൽ വെളിച്ചം തോന്നിക്കുകയും ചെയ്യും. (എനിക്ക് സ്വന്തം വീട്ടിൽ അബദ്ധം പറ്റിയതാണ്, അതുകൊണ്ടാണ് പറഞ്ഞത് )

4. കൂടുതൽ ഉപയോഗം ഉണ്ടെങ്കിൽ ഡബിൾ സിങ്ക് വളരെ നല്ലതാണ്. ഇതു ജോലി എളുപ്പം ആക്കുകയും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുകയും സമയം ലാഭിക്കുകയും അടുക്കളയിൽ വെള്ളം തെറിച്ചു അഴുക്കാകുന്നത് പരമാവധി കുറയ്ക്കും. മാത്രമല്ല കുട്ടികൾക്ക് വരെ എളുപ്പത്തിൽ ഉപയോഗിക്കാനും പെട്ടെന്ന് ജോലി തീർക്കാൻ രണ്ടു പേർക്ക് ഒരുമിച്ചു ചെയ്യാനും പറ്റും. (ഒരാൾ സോപ്പിട്ടു കൊടുക്കുന്നു മറ്റയാൾ കഴുകുന്നു)

5. സിങ്ക് എപ്പോഴും വിൻഡോയോട് ചേർന്ന് വരുന്ന ഭിത്തിക്കു താഴെ കൊടുക്കുന്നതാണ്  നല്ലത്. കാരണം കഴുകിയെടുക്കുന്ന പാത്രങ്ങൾ, നേരെ മുകളിൽ വരുന്ന കബോർഡിൽ വച്ചാൽ, അടുക്കളയിൽ വെള്ളം ആകുന്നത് വളരെ കുറയും. വെളിച്ചത്തിനു കുറവ് ഉണ്ടാകുകയും ഇല്ല. അടിയിൽ ട്രെ വെക്കുകയോ ഓപ്പൺ ആക്കിയിടുകയോ അല്ലെങ്കിൽ എവിടെയാണ് വെള്ളം വീഴേണ്ടത് എന്ന് നോക്കി ഒരു ഹോൾ ഇട്ടുകൊടുത്താൽ വെള്ളം സിങ്കിൽ തന്നെ വീഴും. (സാധാരണ മിക്കവരും വിൻഡോയുടെ താഴെ ആണ് സിങ്ക്  വയ്ക്കാറുള്ളത് )

6. കഴിയുമെങ്കിൽ അടുക്കളയിൽ നാലു പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ടേബിൾ ഇടുന്നത് വളരെ നല്ലതാണ്. ചില സമയങ്ങളിൽ എളുപ്പത്തിൽ ഭക്ഷണം കഴിക്കുക മാത്രമല്ല, വീട്ടുകാരിയെ അടുക്കളകാര്യങ്ങളിൽ അല്ലറചില്ലറ സഹായിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യും. ഇനി സഹായിച്ചില്ലെങ്കിലും വീട്ടിലുള്ളവർക്ക് ഇരുന്ന് കുശലം പറയുകയും ഒപ്പം പണി നടക്കുകയും ചെയ്യും. ഈ ടേബിൾ ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും.

7. എപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന ഉപ്പ്, പഞ്ചസാര, കറി പൗഡറുകൾ മുതലായ സാധനങ്ങൾ കബോർഡിനുള്ളിൽ വയ്ക്കാതെ കൈ എത്തുന്ന രീതിയിൽ ഒരു സ്റ്റാൻഡിൽ പുറത്തു വയ്ക്കുന്നതാണ് നല്ലത്. അത് എപ്പോഴും ഡോർ തുറന്ന് അടയ്ക്കുന്നത് ഒഴിവാക്കും (മെയിന്റനൻസ് കുറയ്ക്കും) . കഴിയുന്നതും സ്റ്റീൽ പാത്രങ്ങളോ ഗ്ലാസ്‌ കുപ്പികളോ ഉപയോഗിക്കാൻ ശ്രമിക്കുക.

8. ഗ്യാസ് സിലിണ്ടർ കിച്ചന്റെ പുറത്തു വയ്ക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ഇത്തരം ജിഐ കൂടുകൾ ഇപ്പോൾ വീടുകളിൽ ആളുകൾ ചെയ്തുതുടങ്ങിയിട്ടുണ്ട്.

9. എപ്പോഴും ഉപയോഗിക്കുന്ന കിച്ചൺ ആണെങ്കിൽ ഏതു കളർ സ്ലാബ് വേണമെങ്കിലും ഇടാം, ഉപയോഗം വളരെ കുറവുള്ള കിച്ചൻ ആണെങ്കിൽ ലൈറ്റ് കളർ സ്ലാബ് ഇടുന്നതാണ് നല്ലത്, കാരണം ഉറുമ്പ് പോലുള്ള ചെറുജീവികൾ വന്നാൽ പെട്ടെന്ന് കാണാൻ സാധിക്കും. സിങ്കിന്റെ അടിയിൽ ഒരു വേസ്റ്റ് ഇടുന്ന പാത്രം വയ്ക്കാം, അല്ലെങ്കിൽ ക്ളീനിങിനുള്ള ലോഷനുകൾ പോലുള്ള സാധനങ്ങൾ വയ്ക്കാൻ പറ്റും. ഫ്ലോറും കബോർഡിന്റെ ഡോറും തമ്മിൽ 7 മുതൽ 10 cm വരെ ഗ്യാപ്പ് ഉണ്ടാകണം. ഇല്ലെങ്കിൽ ഡോർ തുറക്കുമ്പോൾ കാലിന്റെ വിരൽ ഇതിനടിയിൽ പെടും. (എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട് )

10. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം എങ്കിലും ക്ളീൻ ചെയ്യും എന്ന് ഉറപ്പുണ്ടെങ്കിൽ ചെറുത് ആയാൽ പോലും ഒരു സ്റ്റോർ റൂം വളരെ നല്ലതാണ്. ഇതു അടുക്കള ഒരുപരിധിവരെ നീറ്റ് ആയി കിടക്കാൻ സഹായിക്കും. സാമ്പത്തിക ഞെരുക്കമുള്ളവർ അത്യാവശ്യത്തിനു മാത്രം ഫർണിഷ് ചെയ്ത ചെയ്തിട്ട്, പിന്നീട് പണംവരുന്നമുറയ്ക്ക് കൂട്ടിച്ചേർത്താൽമതി. അപ്പോൾ ഉള്ളത് നല്ല ക്വാളിറ്റിയിൽ ഈടു നിൽക്കുന്ന മെറ്റീരിയൽ ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കും.

English Summary- How Kitchens Could be Improved in our Houses; Expert Talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com