ADVERTISEMENT

സുഖകരമായ ഉറക്കം ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്. ശാരീരിക അവസ്ഥകൾക്ക് പുറമേ കിടക്കുന്ന മെത്തയ്ക്കും ഉറക്കം സുഖകരമാക്കുന്നതിൽ വലിയ പങ്കുണ്ട്. കാഴ്ചയ്ക്ക്  കുഴപ്പമൊന്നുമില്ല എന്ന് തോന്നുമെങ്കിലും ചില മെത്തകൾ അതിന്റെ ഉപയോഗകാലാവധി കഴിഞ്ഞവയാവാം. അതിനാൽ യഥാസമയത്ത് പഴയത് മാറ്റി പുതിയ മെത്തകൾ വാങ്ങാൻ ശ്രദ്ധിക്കുക. എന്നാൽ പുതിയതായി മെത്തകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം: 

 

വ്യക്തിഗത പ്രത്യേകതകൾ അറിഞ്ഞ് മെത്ത തിരഞ്ഞെടുക്കാം 

എല്ലാ മുറികളിലേക്കും ഒരേതരം കിടക്കകളാണ് പൊതുവേ എല്ലാവരും തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഉപയോഗിക്കുന്ന  വ്യക്തികളുടെ പ്രായം, ഭാരം, ഉയരം എന്നിവയെല്ലാം മെത്ത വാങ്ങുമ്പോൾ കണക്കാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് അൽപം പ്രായമായവർക്ക് കൂടുതൽ സോഫ്റ്റായ മെത്തൾക്ക് പകരം അൽപം ദൃഢമായതാവും യോജിച്ചത്. ശരീരഭാരം അധികമുള്ളവർക്കും തീരെ മൃദുവായ മെത്തകൾ  യോജിച്ചെന്നു വരില്ല. 

 

വില മാത്രം കണക്കാക്കരുത് 

മെത്ത വാങ്ങാൻ തീരുമാനിച്ചാൽ  വിലയാവും ഏവരും ആദ്യം പരിഗണിക്കുക. ഏറ്റവും കുറഞ്ഞ വിലയിൽ കാണാൻ ഭംഗിയുള്ള മെത്തകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ  ഇത് ആരോഗ്യത്തിന് അത്ര നല്ലതായിരിക്കില്ല. കിടക്കുമ്പോൾ മൃദുലത അനുഭവപ്പെടുന്നതും അതേസമയം ശരീരത്തിന് മികച്ച രീതിയിൽ താങ്ങുനൽകുന്നതുമായ മെത്തകൾ മാത്രമേ തിരഞ്ഞെടുക്കാവൂ. കട്ടിലിന്റെ അളവിന് മെത്തകൾ പാകമാണന്ന് ഉറപ്പുവരുത്തുക. 

 

പരീക്ഷിച്ച ശേഷം വാങ്ങാം 

മെത്ത കണ്ടിഷ്ടപ്പെട്ടതുകൊണ്ട് മാത്രം അവ വാങ്ങാതെ അൽപസമയം അതിൽ കിടന്നു പരീക്ഷിക്കാം. ഉദ്ദേശിക്കുന്ന ഗുണനിലവാരം ഉണ്ടോ എന്നും  കിടക്കുമ്പോൾ സുഖം പ്രദാനം ചെയ്യുന്നതാണോ എന്നും തിരിച്ചറിയാൻ ഇത് സഹായിക്കും. ദൃഢത അധികമുള്ള മെത്തകളും  ഏറെ മൃദുവായ മെത്തകളും തിരഞ്ഞെടുക്കാതിരിക്കുകയാണ് നല്ലത്. ശരീരത്തിന്റെ പുറംഭാഗത്തെ സ്വാഭാവിക വളവിന് സപ്പോർട്ട് ചെയ്യുന്ന  തരത്തിലുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക. 

 

മെത്തക്കടകളിൽ നിന്ന് തന്നെ വാങ്ങാം 

മെത്തകൾ മാത്രമായി വില്പനയ്ക്ക് വച്ചിരിക്കുന്ന കടകൾ ധാരാളമുണ്ട്. ഇത്തരം കടകളിൽ നിന്നും മെത്തകൾ വാങ്ങിയാൽ പലതരം മെത്തകൾ താരതമ്യം ചെയ്ത് ആവശ്യമുള്ളവ തിരഞ്ഞെടുക്കാൻ സാധിക്കും. ഇത്തരം കടകളിലെ വിൽപനക്കാർക്കും മെത്തകളെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ മികച്ചവ തിരഞ്ഞെടുക്കാൻ അവർ സഹായിക്കും. പുറംവേദന പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ  ഇക്കാര്യം മുൻകൂട്ടി പറഞ്ഞാൽ  അത് അനുസരിച്ചുള്ള മെത്തകൾ തിരഞ്ഞെടുക്കാനും സാധിക്കും. 

 

വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ 

സുഖമായി കിടക്കാൻ സാധിക്കുന്ന മെത്തയാണെങ്കിലും പലപ്പോഴും തലയിണകൾ അവയ്ക്ക് യോജിച്ചതല്ലെങ്കിൽ കഴുത്ത് വേദനയടക്കമുള്ള പ്രശ്നങ്ങൾ നിത്യസന്ദർശകരായിരിക്കും. അതിനാൽ മെത്തയ്ക്കൊപ്പം തലയിണകളും കൂടി നൽകുന്ന കമ്പനികൾ തന്നെ തിരഞ്ഞെടുക്കുക. നല്ല ഇനം മെത്തകൾക്ക് കുറഞ്ഞത് പത്ത് വർഷംവരെ വാറണ്ടി പല കമ്പനികളും നൽകാറുണ്ട്. ഈ കാലയളവിനുള്ളിൽ മെത്തയ്ക്കുവരുന്ന കേടുപാടുകൾ പരിഹരിക്കാൻ കമ്പനിയെ തന്നെ സമീപിക്കാവുന്നതാണ്. അതിനാൽ മെത്ത വാങ്ങുംമുമ്പ് വാറന്റി നോക്കാൻ മറക്കരുത്.

English Summary- Mattress Buying Tips; Homecare Tips Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com