കുറഞ്ഞ ചെലവിൽ വീട്ടിലൊരു മിനി ജിം; ഇവ ശ്രദ്ധിക്കുക

Mail This Article
കനത്ത ഫീസും കൊടുത്ത് ഫിറ്റ്നസ് സെന്ററില്‍ പോയി കഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ സിക്സ് പാക്കും ഫിറ്റ് ബോഡിയും കിട്ടുകയുള്ളൂ എന്നുകരുതേണ്ട. വീട്ടില്‍ തന്നെ ഒരു ജിംനേഷ്യം ഒരുക്കിയാല്‍ പോരെ, അതും കുറഞ്ഞ ചിലവില്‍. ഹോം ജിം എന്ന ആശയത്തിന് നമ്മുടെ നാട്ടിലും പ്രചാരമേറി വരികയാണ്.
വീടൊരുക്കുമ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യാനൊരിടം എന്ന രീതിയില്‍ ഒരു മുറി സെറ്റ് ചെയ്യുന്നത് ഇന്ന് ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ജിമ്മില്‍ പോയി ആയിരങ്ങള്‍ മുടക്കി ട്രെയിനറുടെ ചിട്ടകള്‍ക്കൊപ്പം വര്‍ക്ക് ഔട്ട് ചെയ്യാതെ വീട്ടില്‍ തന്നെ ഇരുന്നു ആരോഗ്യം സംരക്ഷിക്കുന്നത് നല്ലതല്ലേ എന്നാണു ഹോം ജിം കൊണ്ട് പലരും ഉദേശിക്കുന്നത്.
ഇന്ന് ഓണ്‍ലൈന്‍ വഴി ജിംനേഷ്യത്തിലേക്ക് വേണ്ട ഉപകരണങ്ങള്‍ ഓഫറില്‍ വാങ്ങുന്നവര്‍ അനവധിയാണ്. സ്കിപ്പിങ് റോപ്പ്, ഡംബല്‍, ബാര്‍, പുഷ് അപ്പ് ബാറുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട ഹോം ജിം പാക്കുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോള്‍ സുലഭമാണ്. ജോലിത്തിരക്കുകള്‍ ഉള്ളവര്‍ക്ക് ജിമ്മിലെ സമയക്രമം നോക്കാതെയും വ്യായാമം ചെയ്യാം എന്നതാണ് ഇതിന്റെ ഗുണം.
ഒരു ചെറിയ ഹോം ജിം ഒരുക്കാന്‍ എന്തൊക്കെ വേണം എന്ന് നോക്കാം.
ഡംബല്സ്- തുടക്കകാര്‍ക്ക് പറ്റിയ ആദ്യത്തെ വ്യായാമ ഉപകരണം ആണ് ഡംബല്സ്.. ഒരു കിലോ മുതല്‍ മുകളിലോട്ട് ഡംബലുകള്‍ ലഭ്യമാണ്. ഒരു കിലോയുടെ സെറ്റ് തുടങ്ങി മുകളിലേക്ക് നാലോ അഞ്ചോ സെറ്റ് ഡംബലുകള്‍ തുടക്കത്തില്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വെയ്റ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ഡംബലുകളും ലഭ്യമാണ്.
ഡിസ്ക് - രണ്ടു കിലോയില്‍ തുടങ്ങി ഡിസ്കുകള്‍ ഇന്ന് ലഭിക്കും. സാധാരണ ഒരാള്‍ക്ക് എളുപ്പത്തില്‍ 10 കിലോയുടെ ഡിസ്ക് ഇട്ട് ബാര്‍ ബെല്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.
അഡ്ജസ്റ്റബിള് ബെഞ്ച്- ഹോം ജിമ്മില്‍ അത്യാവശ്യമായി വേണ്ടുന്ന ഒരു ഉപകരണമാണ് ഇത്. പല രീതിയില്‍ ബെഞ്ച് അഡ്ജസ്റ്റ് ചെയ്ത് ഡംബല്‍ ഉപയോഗിച്ചും ബാര്‍ ഉപയോഗിച്ചും ഡിസ്ക് ഉപയോഗിച്ചും ഒക്കെ ചെയ്യാവുന്ന പലതരം വ്യായാമ മുറകളുണ്ട്. ബെഞ്ച് പ്രസ്, സിംഗിള്‍ ആം റോ, പുള്‍ ഓവര്‍, ഷോള്‍ഡര്‍ പ്രസ്, റിവേഴ്സ് ഫ്ൈളസ് അങ്ങനെ വിവിധതരം വ്യായാമമുറകള്‍ക്ക് ഉപകാരപ്രദമാണ് അഡ്ജസ്റ്റബിള് ബെഞ്ച്.
ബാര്‍ ബെല്‍ - മെഷീന് എക്സര്‍സൈസ് അല്ലാതെ പല രീതിയില്‍ ശരീരഭാഗത്തിനനുസരിച്ച് മാറി മാറി ചെയ്യാവുന്ന ഒന്നാണ്. കൈ, കാല്, നെഞ്ച്, വിംഗ്സ്, വയര്‍ അങ്ങനെ മാറി മാറി ഓരോ വ്യായാമമുറകള്‍ ബാര്‍ ബെല്‍ ഉപയോഗിച്ച് ചെയ്യാം.
മാറ്റ്, റോപ്, എയര്‍ റോവര്‍, പുഷ് അപ് സ്റ്റാന്റ്, എക്സര്‍സൈസ് ബോള്‍, പുള്‍ അപ്പ് ഫ്രെയിം തുടങ്ങിയവയും ഹോം ജിമ്മിലേക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ ആണ്.