ADVERTISEMENT

കണ്ണൊന്നുതെറ്റിയാൽ ഭക്ഷണ സാധനത്തിൽ വന്നിരിക്കുന്ന ഈച്ചയും, ചുവരും തറയും വൃത്തികേടാക്കുന്ന പല്ലിയും, സ്റ്റോർറൂമുകൾ വിഹാരകേന്ദ്രമാക്കുന്ന പാറ്റയുമൊക്കെ ഉണ്ടാക്കുന്ന ശല്യം ചില്ലറയല്ല. അകത്തളങ്ങൾ വൃത്തികേടാകുന്നതിനുപുറമേ  ഇവയുടെ സാന്നിധ്യം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഇത്തരം കീടങ്ങളുടെ ശല്യം അകറ്റിനിർത്താനുള്ള ചില മാർഗങ്ങൾ നോക്കാം

അടുക്കളയുടെ വൃത്തി 

നനഞ്ഞ പ്രദേശങ്ങളിലാണ് ഈച്ചകൾ കൂടുതലായി വന്നുപറ്റുന്നത്. എപ്പോഴും വെള്ളം ഉപയോഗിക്കുന്നതുകൊണ്ടും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതുകൊണ്ടും അടുക്കളയിൽ കീടങ്ങളുടെ ശല്യം അധികമായിരിക്കും. അതിനാൽ അടുക്കള എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. കൗണ്ടർടോപ്പുകളിലും ഷെൽഫുകളിലും സ്റ്റൗവിലും ഡ്രോയറുകളിലും നനവില്ല എന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തുക. അണുനാശിനി അടങ്ങിയ ക്ലീനർ ഉപയോഗിച്ച് വേണം അടുക്കള തുടയ്ക്കുവാൻ. രാത്രികാലങ്ങളിൽ ഭക്ഷണ സാധനങ്ങൾ അടുക്കളയിൽ തുറന്ന നിലയിൽ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

അടുക്കള പോലെതന്നെ എപ്പോഴും ജലാംശമുള്ള ഇടമാണ് ബാത്ത്റൂമുകളും. അതിനാൽ ബാത്ത്റൂമുകളുടെ വൃത്തിയും പ്രധാനമാണ്. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ  തടസ്സപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

പരിസരശുചിത്വം 

വീടിനു ചുറ്റുമുള്ള ഇടങ്ങളിലൊന്നും വെള്ളം കെട്ടികിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. അഴുക്കുചാലുകൾ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണെങ്കിൽ അവിടെയാവും ഇത്തരം കീടങ്ങൾ പെറ്റുപെരുകുന്നത്. അതിനാൽ അകത്തളത്തിലെ വൃത്തിക്കൊപ്പം പുറംഭാഗത്തെ വൃത്തിയും പ്രധാനമാണ്. 

ബാത്റൂമുകളിലെ ബക്കറ്റുകൾ നനവില്ലാതെ ഉണക്കി സൂക്ഷിക്കുക. എയർ കണ്ടീഷൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൽ നിന്നുംവരുന്ന വെള്ളം പാത്രങ്ങളിൽ ശേഖരിച്ച് വയ്ക്കാതെ പുറത്തേക്ക് പോകുവാൻ പൈപ്പ് ഘടിപ്പിക്കുക.  പാത്രങ്ങളിൽ ശേഖരിക്കാനുള്ള സൗകര്യം മാത്രമേ ഉള്ളുവെങ്കിൽ വെള്ളം ദിവസവും നീക്കം ചെയ്യുകയും  പാത്രം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. 

ഭക്ഷണം അടച്ചു സൂക്ഷിക്കാം 

തുറന്നുവച്ച ഭക്ഷണവും പഴങ്ങളുമൊക്കെയാണ് കീടങ്ങളെ കൂടുതലായി ആകർഷിക്കുന്നത്. അതിനാൽ പഴങ്ങൾ മുറിച്ച നിലയിൽ അധികനേരം വയ്ക്കാതെ സൂക്ഷിക്കണം. അധികം പഴുത്ത പഴങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ. പഴങ്ങൾ ഭക്ഷിക്കാൻ എത്തുന്ന ഫ്രൂട്ട് ഫ്ലൈസിനുപുറമേ ഉറുമ്പ്, പല്ലി, ഈച്ച എന്നിവ  കൂടുതലായി  എത്താൻ  ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ തുറന്നുവയ്ക്കുന്നത് കാരണമാകും. 

ഭക്ഷണ മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കരുത്  

അടുക്കള മാലിന്യങ്ങൾ അന്നന്നു നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ചെറു കീടങ്ങൾക്കൊപ്പം എലികൾ കൂടുതലായി അടുക്കളയിൽ കയറിക്കൂടാൻ  കാരണമാകും. ഇത് വരുത്തിവച്ചേക്കാവുന്ന രോഗ സാധ്യതകൾ ചെറുതല്ല. വളർത്തുമൃഗങ്ങളും കുട്ടികളും വീട്ടിലുണ്ടെങ്കിൽ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

പുറമെ ഉപയോഗിക്കുന്ന വസ്തുക്കൾ പുറത്തുതന്നെ സൂക്ഷിക്കാം

പുറംപണികൾക്കും മറ്റുമായി ഉപയോഗിക്കുന്ന വസ്തുക്കൾ വീടിനുള്ളിലേയ്ക്ക് കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്.  അവയിലൂടെ കീടങ്ങളും അകത്തേക്ക് വന്നേക്കാം. കുട്ടികൾക്കുള്ള ഔട്ട്ഡോർ ടോയ് കാറുകൾ അടക്കമുള്ളവയുടെ കാര്യത്തിൽ ഇത് ബാധകമാണ്. അഥവാ വീടിനുള്ളിൽ ഇവ സൂക്ഷിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ  വൃത്തിയാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. 

ജനാലകളിലും വെന്റിലേഷനിലും നെറ്റ് ഉപയോഗിക്കാം 

കൊതുകുശല്യം രൂക്ഷമായ സ്ഥലങ്ങളിലെ വീടുകളിൽ  ജനാലകളിൽ നെറ്റ് അടിക്കുന്നത് പതിവാണ്. കൊതുകുകളെ മാത്രമല്ല മറ്റു കീടങ്ങളെ അകറ്റിനിർത്താനും  ഇത് ഉപകരിക്കും. വെന്റിലേഷൻ വിസ്താരമുള്ളതാണെങ്കിൽ അവിടെയും നെറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ജനൽപാളികളിൽ പൊട്ടലോ വിടവോ ഉണ്ടെങ്കിൽ അതുവഴി പ്രാണികൾ കയറുന്നില്ല എന്ന് ഉറപ്പുവരുത്തണം. 

അനാവശ്യ വസ്തുക്കൾ  നീക്കംചെയ്യാം 

ഉപയോഗമില്ലാത്ത ധാരാളം വസ്തുക്കൾ എപ്പോഴെങ്കിലും ഉപയോഗം വന്നേക്കാം എന്ന കണക്കുകൂട്ടലിൽ വീടിനുള്ളിൽ സൂക്ഷിക്കുന്നവർ ഏറെയാണ്.  കബോർഡുകൾക്കുള്ളിലും മറ്റും വേണ്ടത്ര ശ്രദ്ധയില്ലാതെ സൂക്ഷിക്കുന്ന ഇത്തരം വസ്തുക്കൾ കീടങ്ങളുടെ താവളമാവുകയാണ് പതിവ്. കാർഡ്ബോർഡ് ബോക്സുകൾ, പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയവ അത്യാവശ്യ ഉപയോഗത്തിനുള്ളതല്ലെങ്കിൽ വീടിനുള്ളിൽ നിന്നും നീക്കം ചെയ്യുകയാണ് നല്ലത്..

വീട് വിഡിയോ കാണാം
English Summary:

Pest Control Measures inside House- Home Cleaning Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com