ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? പരിഹാരമുണ്ട്
Mail This Article
തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ചുതന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത്.
ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതുമൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാപ്പ് കൃത്യമായി ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ബർണറിലെ സുഷിരങ്ങൾക്കുള്ളിൽ ഭക്ഷണപദാർത്ഥങ്ങൾ വീണ് ഗ്യാസ് പുറത്തേക്ക് വരാനുള്ള ഭാഗം അടഞ്ഞുപോകുന്നതാവാം മറ്റൊരു കാരണം. പുറമേനിന്ന് നോക്കിയാൽ അത്ര വ്യക്തമായി കാണാൻ ആവാത്ത തരത്തിൽ പൊടിപടലങ്ങൾ അടിയുകയോ നനവ് പടരുകയോ ചെയ്തിട്ടുണ്ടെങ്കിൽ തീ വേണ്ടവിധത്തിൽ കത്താതെ വരും. അതിനാൽ ബർണർ വൃത്തിയാക്കി എടുക്കുകയാണ് മറ്റൊരു മാർഗം.
ചൂടുവെള്ളത്തിൽ വിനാഗിരിയോ നാരങ്ങാനീരോ കലർത്തിയശേഷം ബർണറുകൾ ഏതാനും മണിക്കൂറുകൾ അതിൽ മുക്കി വയ്ക്കുക. പിന്നീട് കൂർത്ത അഗ്രമുള്ള വസ്തുക്കൾ ഉപയോഗിച്ച് സുഷിരങ്ങൾ വൃത്തിയാക്കാം. എന്നാൽ ഇത്തരം വസ്തുക്കൾ സുഷിരങ്ങൾക്കുള്ളിൽ ഒടിഞ്ഞിരുന്നാൽ അത് ഇരട്ടി ബുദ്ധിമുട്ടുണ്ടാക്കും. അല്പം ബലമുള്ള വസ്തുക്കൾ തന്നെ വൃത്തിയാക്കലിനായി തിരഞ്ഞെടുക്കുക. അതിനുശേഷം നനവ് പൂർണമായി നീക്കം ചെയ്ത് ബർണർ സ്റ്റൗവിൽ ഘടിപ്പിക്കുക. പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇത്തരത്തിൽ പരിഹരിക്കാനാവും.