ADVERTISEMENT

ദിവസവും അടുക്കളയിൽ കയറി സ്വന്തമായി പാചകം ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ കിച്ചൻ പണിയുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആധികാരികമായി പറയാൻ  സാധിക്കും. കിച്ചനിൽ നല്ല വെളിച്ചവും വായുസഞ്ചാരവും ഉണ്ടാവണം. പകൽ സമയങ്ങളിൽ ലൈറ്റ് ഉപയോഗിക്കാതെതന്നെ കാര്യങ്ങൾ ചെയ്യാനാകണം. ഒരുപകൽ വൈദ്യുതി ഇല്ലെങ്കിൽപോലും  കാര്യങ്ങൾ  നടക്കണമല്ലോ! വലിയ  ജനാലകൾ, വെന്റിലേഷൻ എന്നിവ വയ്ക്കാൻ ശ്രമിക്കുക.

വർക്കിങ് ട്രയാങ്കിൾ– അടുക്കളയിൽ പണി എടുക്കുന്ന വ്യക്തി, ഒരുദിവസം അടുക്കളയിൽ നടക്കുന്ന ദൂരം നേരെനടന്നാൽ 3 kM  അപ്പുറത്തുള്ള അങ്ങാടിയിലെത്തും എന്ന് പഠനങ്ങൾ പറയുന്നു.  ഫ്രിജിൽനിന്ന് സാധനം എടുത്ത് സിങ്കിൽ കഴുകി, സ്റ്റൗവിൽ പാകംചെയ്യാൻ നടക്കുന്ന ദൂരം കഴിവതും കുറയ്ക്കാൻ  ശ്രമിക്കുക. ഇതിനായി Fridge- Sink- Stove എന്നിവ ഒരു ത്രികോണാകൃതിയിൽ ഡിസൈൻ ചെയ്താൽ നടപ്പ് കുറയ്ക്കാം.

കിച്ചൻ കൗണ്ടർ ടോപ്- ഇവിടെ ശ്രദ്ധിക്കേണ്ടത് കൗണ്ടറിന്റെ ഉയരമാണ്. ജോലിചെയ്യുന്ന ആളിന്റെ  പൊക്കത്തിന്റെ പാതി എടുക്കുക, അതിനോട്  5 cm  കൂട്ടുക. അതായത് നിങ്ങളുടെ  പൊക്കം 160 cm ആണെങ്കിൽ 160/2= 80 cm  + 5 cm =85 cm  പൊക്കം. ഇതിനേക്കാൾ പൊക്കം കുറഞ്ഞാൽ കുനിഞ്ഞുനിന്ന്  ജോലി ചെയ്യുമ്പോൾ  നടുവിന്  ആയാസമുണ്ടാകും. കൗണ്ടറിന്റെ വീതി ഏകദേശം 65 cm നൽകുക .

കിച്ചൻ ലൈറ്റിങ്-  നിങ്ങൾ ജോലി ചെയ്യുമ്പോൾ നിഴൽ കൗണ്ടർ ടോപ്പിൽ വീഴാത്തവിധം ലൈറ്റ് പൊസിഷൻ പ്ലാൻ  ചെയ്യുക. നിങ്ങളുടെ വീടിന്റെ പ്ലാൻ അനുസരിച്ചു  കിച്ചൻ  L ഷേപ്പ്, U ഷേപ്പ്, G  shape, parallel, island എന്നിങ്ങനെ പ്ലാൻ ചെയ്യാം.  മിക്സി, അവ്ൻ എന്നിവയ്ക്കുവേണ്ടി പ്ലഗ് പോയിന്റ് പ്ലാൻ ചെയ്യുമ്പോൾ സ്റ്റവിൽനിന്ന് നിശ്ചിത ദൂരമുണ്ടെന്ന് ഉറപ്പുവരുത്തുക. സ്റ്റൗവിന്റെ ചൂടടിച്ച് പ്ലഗ് പോയിന്റ്  ഉരുകി  ഇരിക്കുന്നത് പലയിടത്തും കണ്ടിട്ടുണ്ട് .

കേരളത്തിൽ പലരും ഹുഡ് ചിമ്മിനി വാങ്ങാൻ കാണിക്കുന്ന  ഉത്സാഹം ഉപയോഗിക്കാൻ  കാട്ടാറില്ല. പല വീടുകളിലും അത് ഒരു ഷോപീസായി മാറുന്നു. ഉപയോഗമില്ലാത്തവർ വെറുതെ കാശുകളയാതെ നല്ല എക്സ്ഹോസ്റ്റ് ഫാൻ വാങ്ങിവച്ചാലും മതി. കിച്ചൻ സിങ്കിൽ പലപ്പോഴും ചൂട്  കഞ്ഞിവെള്ളം ഒക്കെ ഒഴിക്കുന്നതിനാൽ, ചൂടിൽ  ഉരുകാത്ത വേസ്റ്റ് പൈപ്പ്  കൊടുക്കാൻ പ്ലമറിനോട്  പറയുക. ഡബിൾ സിങ്ക് ആയാൽ പാത്രം കഴുകൽ വേഗം തീർക്കാം. കിച്ചൻ കബോർഡിന് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ഭംഗിക്കുപകരം ഉപയോഗത്തിനും ഈർപ്പസാഹചര്യത്തിൽ ഈടുനിൽക്കുന്നതിനും മുൻഗണന കൊടുക്കുക. 

പണിയെടുക്കാൻ ഒരു  അടുക്കള, നാട്ടുകാരെ കാണിക്കാൻ  മറ്റൊരു അടുക്കള (ഷോ കിച്ചൻ) എന്ന  പ്രവണത  മാറ്റുക. പണി എടുക്കുന്ന അടുക്കളയിൽ കുറച്ചു മെഴുക്കും ചെളിയും ഒക്കെവരും, അത്  വൃത്തിയാക്കുന്നതിൽ വേണം നമ്മൾ  മത്സരിക്കാൻ. നാട്ടുകാരെ കാണിക്കാൻ നിങ്ങൾ  മുറ്റം  നന്നായി  ലാൻഡ്‌സ്‌കേപ്പ് ചെയ്താൽപോരേ!... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com