ADVERTISEMENT

ദിവസങ്ങളോളം മാലിന്യങ്ങൾ വീട്ടുപടിക്കൽ കെട്ടിക്കിടക്കുന്ന കാഴ്ച നഗരങ്ങളിൽ പതിവാണ്. ഈ അവസ്ഥാമാറുന്നതിന് ജൈവ മാലിന്യങ്ങളെ തരംതിരിച്ചു സ്വന്തം വീട്ടിൽത്തന്നെ മറവു ചെയ്യുന്നതിനായി സർക്കാർ ലഭ്യമാക്കിയിരിക്കുന്ന മാർഗങ്ങൾ വിനിയോഗിക്കാം.

ഗാർഹിക മാലിന്യങ്ങൾ നിറഞ്ഞ പ്ലാസ്റ്റിക് കവറുമായി പ്രഭാത സവാരിക്ക് ഇറങ്ങുന്നയാളുകളുടെ എണ്ണം ഇന്നു നഗരങ്ങളിൽ വർധിച്ചുവരികയാണ്. ആളൊഴിഞ്ഞ ഒരിടം തരത്തിനു കിട്ടിയാൽ മാലിന്യങ്ങൾ നേരെ ആ പറമ്പിലേക്കു തള്ളും. രാത്രികാലങ്ങളിൽ ബൈക്ക് സവാരിക്ക് എന്നവണ്ണം പുറത്തിറങ്ങി ഇതേ രീതിയിൽ മാലിന്യങ്ങൾ കളയുന്നവരും കുറവല്ല. പബ്ലിക് റോഡോ, അന്യന്റെ പുരയിടമോ വൃത്തികേടായാലും വേണ്ടില്ല, തന്റെ വീട്ടിൽ നിന്നും മാലിന്യങ്ങൾ പുറത്തു പോകണം. ഇതാണ് ഇന്നത്തെക്കാലത്തെ നഗരവാസിയായ ഒരു ശരാശരി മലയാളിയുടെ ആഗ്രഹം. എന്തുകൊണ്ടാണു ഗാർഹിക മാലിന്യങ്ങൾ തലവേദനയാകുന്നത്? മറവ് ചെയ്യാൻ സ്ഥലം ഇല്ലായ്മയാണ്, എങ്ങനെ ചെയ്യണം എന്ന അറിവില്ലായ്മയാണ് ഇവിടെ പ്രശ്നം. 

സിനിമയിലെ സലിം കുമാർ കഥാപാത്രത്തെപ്പോലെ ദുർഗന്ധം മണക്കുമ്പോൾ  ‘കൊച്ചി എത്തി എന്നു പറഞ്ഞു’ മുഖം ചുളിക്കാനുള്ള അവസ്ഥ ഇനി കൊച്ചിക്കാർക്ക് എന്നല്ല, ഒരു നഗരവാസിക്കും ഉണ്ടാകാതിരിക്കട്ടെ. നമ്മുടെ തിരക്കേറിയ നഗരങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട മൂന്നു പ്രശ്നങ്ങൾ അനിയന്ത്രിതമായ വാഹനപ്പെരുപ്പം, മാലിന്യനിർമാർജനം, കൊതുകു നിർമാർജനം എന്നിവയാണ്. മാറിമാറി വരുന്ന സർക്കാരുകൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഈ മൂന്നു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകുന്നില്ല. എന്നാൽ ഓരോ വീട്ടുടമയും അൽപമൊന്നു മനസ്സു വച്ചാൽ അവനവന്റെ വീട്ടിലെ മാലിന്യങ്ങൾ കോമ്പൗണ്ട് വോളിനുള്ളിൽ തന്നെ സംസ്കരിക്കാം.

നിലവിൽ, കോർപറേഷനുകളും മുനിസിപ്പാലിറ്റികളും മുഖാന്തരം, ആളുകൾ വീട്ടിൽ വന്നോ, കളക്‌ഷൻ പോയിന്റിൽ നിന്ന് എടുത്തോ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന അവസ്ഥയാണുള്ളത്. എന്നാൽ ഇത്തരം വാഹനങ്ങൾ എത്താൻ അൽപം വൈകിയാലോ, അല്ലെങ്കിൽ നാം ഒന്ന് വൈകിയാലോ സംഗതിയാകെ മാറും. ഇത്തരത്തിൽ ദിവസങ്ങളോളം മാലിന്യങ്ങൾ വീട്ടുപടിക്കൽ കെട്ടിക്കിടക്കുന്ന കാഴ്ച നഗരങ്ങളിൽ പതിവാണ്. ഈ അവസ്ഥാമാറുന്നതിന് ജൈവ മാലിന്യങ്ങളെ തരംതിരിച്ചു സ്വന്തം വീട്ടിൽത്തന്നെ മറവു ചെയ്യുന്നതിനായി സർക്കാർ ലഭ്യമാക്കിയിരിക്കുന്ന മാർഗങ്ങൾ വിനിയോഗിക്കാം. ചിട്ടയായ രീതി പിന്തുടർന്നാൽ ഗാർഹിക മാലിന്യങ്ങൾ ഒരിക്കലും ഒരു തലവേദനയാകില്ല. മറിച്ച്, മാലിന്യം കുപ്പത്തൊട്ടിയിലെ മാണിക്യം ആണ് എന്ന പല്ലവി അന്വർഥമാക്കുന്ന രീതിയിൽ മണ്ണിര കമ്പോസ്റ്റുകൾ ഉണ്ടാക്കിയും, അടുക്കളത്തോട്ടം നിർമിച്ചും, ബയോഗ്യാസ് പ്ലാന്റുകൾ നിർമിച്ചും വീടുകളിലെ മാലിന്യത്തെ ആയാസരഹിതമായി നിർമാർജനം ചെയ്യാം. 

മാലിന്യങ്ങളെ കൂട്ടിക്കലർത്തല്ലേ...!

പല വീടുകകളിലും കണ്ടുവരുന്ന വളരെ മോശം പ്രവണതയാണ് രാസമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും എല്ലാം കൂടി ഒരുമിച്ചാക്കുക എന്നത്. കോർപറേഷൻ വഴി മാലിന്യനിർമാർജനം നടത്തിയാലും സ്വന്തം വീടുകളിൽ നടത്തിയാലും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണിത്. മാലിന്യനിർമാർജനത്തിന്റെ ആദ്യപടി മാലിന്യങ്ങൾ  തരം തിരിക്കുക എന്നതാണ്. ഇതിനായി അടുക്കളയിൽ രണ്ടു  ചെറിയ ബക്കറ്റുകൾ വയ്ക്കുക.

സാധാരണയായി ഇത്തരം ബക്കറ്റുകൾ കോർപറേഷനിൽ നിന്നും ഓരോ വീട്ടുടമയ്ക്കും ലഭ്യമാകും. ഇതിൽ ഒരു ബക്കറ്റിൽ ഭക്ഷണാവശിഷ്ടങ്ങൾ, പേപ്പർ തുടങ്ങിയ മണ്ണിൽ ലയിച്ചുചേരുന്ന  ജൈവ വേസ്റ്റുകളും രണ്ടാമത്തേതിൽ പ്ലാസ്റ്റിക് വേസ്റ്റുകളും തരംതിരിച്ച് ഇടുക. ഇതിൽ ഓർഗാനിക് മാലിന്യങ്ങൾ മാത്രമേ വീടിന്റെ പരിസരത്തു നിർമാർജനം ചെയ്യാൻ സാധിക്കുകയുള്ളൂ.നിലവിൽ ഓർഗാനിക് മാലിന്യങ്ങൾ മാത്രമേ വീടിനുള്ളിൽ സംസ്കരിക്കാൻ സ്വാധിക്കുകയുള്ളൂ. പ്ലാസ്റ്റിക്  നിർമാർജനം ദുസ്സഹമായതിനാൽ പരമാവധി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക. 

suflam-agro

മണ്ണിര കമ്പോസ്റ്റ് 

മാലിന്യ നിർമാരാജനത്തിന്റെ ഒരു രീതിയാണ് മണ്ണിര കമ്പോസ്റ്റ് നിർമാണം. ഓർഗാനിക് മാലിന്യങ്ങളിലെ വളത്തിന്റെ രൂപത്തിലേക്കു മാറ്റുന്ന പ്രക്രിയയാണിത്. അടുക്കളത്തോട്ടത്തിലെ ചെടികൾക്കും മറ്റും വളമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ വെർമി കമ്പോസ്റ്റ് നിർമിക്കാൻ എളുപ്പമാണ്. സാധാരണ കമ്പോസ്റ്റ് ഉൽപാദിപ്പിക്കാൻ 3-6 മാസം വേണമെന്നുള്ളപ്പോൾ മണ്ണിര കമ്പോസ്റ്റ് ഉൽപാദിപ്പിക്കുന്നതിന് ഇരുപത്തിനാലു മണിക്കൂർ മതിയാകും. തുറന്ന ഭൂമിയുടെ ഉപരിതലത്തിലായി കുറഞ്ഞത് അറുപതു  സെന്റീമീറ്റർ ഉയരമുള്ള ടാങ്ക് നിർമിച്ച് അതിൽ, ഈർപ്പം നിലനിർത്തി, മണ്ണിരകളെ വളർത്തിയാണ് മണ്ണിര കമ്പോസ്റ്റ് നിർമാണം.

നാം നൽകുന്ന ജൈവാവശിഷ്ടങ്ങൾ, മണ്ണിര അവ ഭക്ഷിച്ചുണ്ടാകുന്ന വിസർജ്യമാണ് മണ്ണിര കമ്പോസ്റ്റ്. വളരെ ചുരുങ്ങിയ സമയംകൊണ്ടു മാലിന്യം നിർമാർജനം ചെയ്യാൻ ഈ മാർഗം ഉപയോഗിക്കാം. മണ്ണിര കമ്പോസ്റ്റ്, മണ്ണിന്റെ ജല ആഗിരണ ശേഷി വർധിപ്പിക്കുന്നു, ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പല പദാർഥങ്ങളും നൽകുന്നു. 

പൈപ്പ് കമ്പോസ്റ്റ് 

മണ്ണിരക്കമ്പോസ്റ്റ് പോലെ തന്നെ അധികം ബുദ്ധിമുട്ടില്ലാതെ പൈപ്പ് കമ്പോസ്റ്റും നിർമിക്കാം. മാലിന്യസംസ്കരണത്തിലെ പ്രായോഗിക രീതിയാണ് പൈപ്പ് കമ്പോസ്റ്റ് നിര്‍മാണം. കമ്പോസ്റ്റ് നിർമിക്കുന്നതിനു രണ്ട് പൈപ്പുകളാണ്, ഇതിനായി മണ്ണിൽ ഘടിപ്പിക്കേണ്ടത്. പൈപ്പിന്റെ ഏറ്റവും അടിത്തട്ടിൽ മണ്ണിലേക്കായി പച്ചച്ചാണകലായനി ഒഴിക്കണം. ശേഷം അഴുകുന്ന പാഴ്‌വസ്തുക്കൾ, അതായതു പാകംചെയ്തതും അല്ലാത്തതുമായ ഭക്ഷണവസ്തുക്കൾ എന്നിവ അതിലേക്കിടാം. ആഴ്ചതോറും ചാണകം/ശർക്കര/പുളിച്ച തൈര്/നന്നായി പുളിപ്പിച്ച മോര്/വേപ്പിൻപിണ്ണാക്ക് എന്നിവ ഏതെങ്കിലും പൈപ്പിനകത്ത് ഒഴിക്കുന്നത് നല്ലതാണു. ഉൽപാദിപ്പിക്കപ്പെടുന്ന സ്ലറി അടുത്ത പൈപ്പിലൂടെ ശേഖരിക്കാം. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൊണ്ണൂറു ശതമാനം സബ്സിഡിയിൽ പൈപ്പ് കമ്പോസ്റ്റ് വിതരണം ചെയ്തുവരുന്നു. മാലിന്യ നിർമാർജനത്തോടൊപ്പം, പുരയിടകൃഷിക്കായി ആദായകരവും ജൈവസമ്പുഷ്ടിദായകവുമായ വളവും ലഭിക്കുന്നു. 

biogas-plant

ബയോഗ്യാസ്  പ്ലാന്റുകൾ 

മാലിന്യ നിർമാർജനവും ഒപ്പം ഊർജസംരക്ഷണവും ലക്ഷ്യമിടുന്നവർക്കു പ്രയോജനകരമായ രീതിയാണ് ബയോഗ്യാസ് പ്ലാന്റുകൾ. എന്നാൽ ഇതിനു കുറച്ചധികം മാലിന്യം അനിവാര്യമാണ്. അതിനാൽ ആളുകൾ കൂടുതലുള്ള വീടുകളിലാണ് ഇത് ഉപകാരപ്രദമാകുക. അഞ്ച് അംഗങ്ങൾ വരെയുള്ള വീടുകളിലെ മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കുന്നതിന് ഒരു ഘനമീറ്റർ വലുപ്പമുള്ള പ്ലാന്റ് മതിയാകും. ചുരുങ്ങിയ ചെലവിൽ ഏകദേശം നാലുമണിക്കൂർ സമയം കൊണ്ടു പ്ലാന്റ് നിർമാണം പൂർത്തിയാക്കാൻ സാധിക്കും.

പ്ലാന്റിനുള്ളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ജൈവവാതകം പ്ലാന്റിലെ വാതക സംഭരണിയിൽ ശേഖരിക്കപ്പെടുന്നു. ഇതു പൈപ്പ് ലൈൻവഴി അടുക്കളയിലെത്തിച്ച് ഗ്യാസ്  സ്റ്റൗവിലേക്കു കണക്ടു ചെയ്താണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇന്നു ധാരാളം വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് വളരെ വിജയകരമായി ഉപയോഗിച്ചുവരുന്നു. 17,000  രൂപ മുതലുള്ള വിവിധ മോഡൽ പ്ലാന്റുകൾ ലഭ്യമാണ്. ഇപ്പോൾ നൂറു ശതമാനം ബയോഗ്യാസ് എൻജിനുകളും ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു തവണ നിക്ഷേപം നടത്തിയാൽ പിന്നെ കാലാകാലത്തോളം അതിന്റെ ഗുണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ദീർഘവർഷങ്ങൾ കണക്കാക്കിയാൽ ലക്ഷക്കണക്കിന് രൂപയുടെ മൂല്യമാണ് ഈ നിക്ഷേപങ്ങൾ നൽകുക.

അടുക്കളത്തോട്ടം ചില്ലറക്കാര്യമല്ല 

അടുക്കള മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് അടുക്കളത്തോട്ടം. മുപ്പതു ചട്ടികളുണ്ടെങ്കിൽ ഓരോ ദിവസത്തെ ജൈവ വേസ്റ്റും ഓരോ ചട്ടികളിലായി നിക്ഷേപിക്കാം. ആരോഗ്യകരമായ പച്ചക്കറികൾ ലഭിക്കുകയും ചെയ്യും. വീടിനു ചുറ്റും കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർ ടെറസിൽ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യട്ടെ. പാവൽ വെണ്ട, തക്കാളി, പച്ചമുളക്  തുടങ്ങിയ പച്ചക്കറികൾ കുറഞ്ഞ സ്ഥലത്തിനുള്ളിൽ വളർത്താവുന്നതാണ്. മാലിന്യത്തെ വളമാക്കി മാറ്റാന്‍ ടെറാക്കോട്ടയിൽ തീർത്ത പാത്രങ്ങളും ഇന്നു ലഭ്യമാണ്. ഗ്രോ ബാഗുകൾ ആവശ്യമുള്ളവർക്ക് അതു വാങ്ങാനുള്ള അവസരവുമുണ്ട്. 

pond

ജൈവമാലിന്യം സംസ്കരിക്കാൻ മീൻകുളം

അടുക്കളമാലിന്യങ്ങൾ ഒഴിവാക്കാനുള്ള ഫലപ്രദമായ ഒരു മാർഗമാണ്, വീട്ടുമുറ്റത്തായി ഒരു മീൻകുളം നിർമിക്കുക എന്നത്. ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വേണം ഇതിൽ വളർത്താൻ. 0-15 സ്ക്വയർ മീറ്റർ വലുപ്പമുള്ള സിമന്റ് ടാങ്ക് ഇതിനായി ഒരുക്കാം. കട്‌ല രോഹു, കാർപ്പ് തുടങ്ങിയ മത്സ്യങ്ങളെ ഇതിൽ വളർത്താം. ഭക്ഷണ-പച്ചക്കറി അവശിഷ്ടങ്ങൾ മീനുകൾ ഭക്ഷിക്കുന്നതിലൂടെ മാലിന്യസംസ്കരണം എന്ന തലവേദന മാറുകയും സ്വന്തം വീട്ടിൽ ഉണ്ടാകുന്ന അമോണിയ ചേർക്കാത്ത മത്സ്യങ്ങളെ കഴിക്കാൻ സാധിക്കുകയും ചെയ്യും. ദീർഘകാല ബിസിനസ് മൂല്യം കണക്കാക്കിയാൽ ഇതും ലക്ഷങ്ങളുടെ ആദായം തരും. ചുരുക്കത്തിൽ മാലിന്യസംസ്ക്കരണം ചില്ലറക്കാര്യമല്ല എന്നു മനസ്സിലായല്ലോ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com