sections
MORE

സോളാറിലൂടെ കറന്റും കാശും കൊയ്യണോ; മാതൃകയാക്കാം റഫീഖിന്റെ വിജയകഥ

solar-home
റഫീഖിന്റെ വീട്ടിൽ വൈദ്യുതി, പാചകവാതകം, വെള്ളം എല്ലാം ഇഷ്ടംപോലെ! കുളിക്കാനും അലക്കാനും പാത്രം കഴുകാനും, എന്തിന് വണ്ടി ഓടിക്കാൻ‍ വരെയുള്ള ‘ഇന്ധനം’ പുരപ്പുറത്തു നിന്നു കിട്ടും!
SHARE

കൊടുംചൂടിൽ എസി ഓൺ ചെയ്യുമ്പോൾ മുറി തണുക്കും. പക്ഷേ, വരാനിരിക്കുന്ന വൈദ്യുതി ബില്ലിനെക്കുറിച്ച് ഓർത്ത് ഉള്ളുപൊള്ളും.  പാപ്പിനിശ്ശേരി ഇന്തോടിലെ റാഫാസിൽ എസി ഓൺ ചെയ്താൽ ഗൃഹനാഥൻ എ.ടി.റഫീഖിന്റെ ചുണ്ടിൽ പുഞ്ചിരിവിരിയും... സ്വന്തം പുരപ്പുറത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണ് റഫീഖിന്റെ വീട്ടിൽ വെളിച്ചമായും കാറ്റായും തണുപ്പായുമെല്ലാം നിറയുന്നത്. കൊമേഴ്സിലാണു ബിരുദമെങ്കിലും ‘ഊർജ തന്ത്ര’ത്തിലാണു റഫീഖിന്റെ പരീക്ഷണങ്ങളത്രയും.

വൈദ്യുതി മിച്ചം

മൂന്നു കിലോവാട്ടിന്റെ ഓൺഗ്രിഡ് സോളർ പ്ലാന്റാണ് റഫീഖിന്റെ പുഞ്ചിരിയുടെ രഹസ്യം.  ഒന്നരലക്ഷം രൂപ ചെലവിൽ 10 മാസം മുൻപാണു റഫീഖ് പ്ലാന്റ് സ്ഥാപിച്ചത്. അതിനുശേഷം വൈദ്യുതി ബിൽ അടയ്ക്കേണ്ടിവന്നിട്ടില്ല. മാത്രമല്ല, വീട്ടിലെ ആവശ്യംകഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്കു കൈമാറിയതിനുള്ള പ്രതിഫലമായി കഴിഞ്ഞ സെപ്റ്റംബറിൽ രണ്ടായിരം രൂപയിലേറെ വൈദ്യുതി വകുപ്പിൽ നിന്നു ലഭിക്കുകയും ചെയ്തു. സോളർ പാനലുകൾ സ്ഥാപിച്ചതിനു താഴെയുള്ള മുറിയിൽ ചൂടും കുറവുണ്ട്.

പ്രതിദിനം 12 മുതൽ യൂണിറ്റ് വൈദ്യുതിയാണു ലഭിക്കുന്നത്. പകലിന്റെ നീളവും വെയിലിന്റെ കാഠിന്യവും കൂടിയതോടെ ഇപ്പോൾ 15 യൂണിറ്റുവരെയായി ഉൽപാദനം ഉയർന്നു. ഉപയോഗം 3 – 4 യൂണിറ്റ് മാത്രം. കുറച്ചുനാളായി എസി ഉപയോഗിക്കാൻ തുടങ്ങിയതോടെ പ്രതിദിന ഉപയോഗം 7 യൂണിറ്റുവരെയായി. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 2753 യൂണിറ്റാണ് റഫീഖിന്റെ പുരപ്പുറത്തുനിന്നു കെഎസ്ഇബിയുടെ ലൈനിലേക്ക് നൽകിയത്. 1329 യൂണിറ്റ് മാത്രമാണ് ഈ കാലയളവിലെ ഉപയോഗം. 

ഓൺഗ്രിഡ് സോളർ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളവർ കെഎസ്ഇബിക്ക് അധികമായി നൽകുന്ന വൈദ്യുതിക്കുള്ള തുക എല്ലാവർഷവും സെപ്റ്റംബറിലാണ് കൈമാറുന്നത്. അഞ്ചുമാസം കൂടി കഴിയുമ്പോൾ 2200 യൂണിറ്റിനു തുല്യമായ തുകയെങ്കിലും തിരിച്ചുകിട്ടുമെന്നാണു റഫീഖിന്റെ കണക്കുകൂട്ടൽ. സബ്സിഡിയോടെ സോളർ വാട്ടർ ഹീറ്ററും സ്ഥാപിച്ചിട്ടുണ്ട്. ചെലവില്ലാതെ ഇഷ്ടംപോലെ ചൂടുവെള്ളം കിട്ടുന്നതുകൊണ്ടുതന്നെ കുളിക്കുന്നതും പാത്രം കഴുകുന്നതുംവരെ ചൂടുവെള്ളത്തിലാണ്.

മഴ മുഴുവൻ കിണറ്റിൽ

പുരപ്പുറത്തുവീഴുന്ന മഴവെള്ളം മുഴുവൻ അരിച്ചു കിണിറിലേക്ക് ഇറക്കുന്നതും റഫീഖിന്റെ പതിവാണ്. ഇതിനായി വീടിനു ചുറ്റും പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ കിണറുകളിലുള്ളതിനേക്കാൾ തെളിമയുള്ള വെള്ളം തന്റെ വീട്ടിലെ കിണറിലുണ്ടാവുന്നതിന്റെ കാരണവും ഇതുതന്നെയെന്നു റഫീഖ് പറയുന്നു.

ഇല്ലേയില്ല മാലിന്യം

ഭക്ഷണാവശിഷ്ടങ്ങളും മറ്റും ബയോഗ്യാസ് ആക്കി മാറ്റാനുള്ള പ്ലാന്റും റഫീഖ് വീടിനോടു ചേർന്നു സ്ഥാപിച്ചിട്ടുണ്ട്. അനർട്ടിന്റെ പദ്ധതിവഴി സബ്സിഡിയോടെ സ്ഥാപിച്ച പ്ലാന്റിൽ നിന്ന്  ദിവസവും രണ്ടു മണിക്കൂർ നേരം അടുപ്പു കത്തിക്കാനുള്ള  പാചകവാതകവും ലഭിക്കുന്നു. ഏഴു വർഷം മുൻപ് ആറായിരം രൂപയോളം മുടക്കി പ്ലാന്റ് സ്ഥാപിച്ചതോടെ പാചകവാതകം വാങ്ങുന്നത് അപൂർവമായി മാറി.ഭാര്യ റഫിയയും മക്കളായ ഫിദാസും റിഹാനും ഹംനയും അടങ്ങുന്നതാണ് റഫീഖിന്റെ കുടുംബം. ഇവരുടെ ഭക്ഷണാവശിഷ്ടങ്ങൾകൊണ്ട് പ്ലാന്റിൽ നിന്നു 2 മണിക്കൂർ നേരത്തേക്കുള്ള ഗ്യാസ് കിട്ടില്ല. അതുകൊണ്ടുതന്നെ പാപ്പിനിശ്ശേരി ടൗണിലെ പച്ചക്കറി കടയിലും തൊട്ടടുത്തുള്ള ആറോൺ സ്കൂളിലുമെല്ലാം റഫീഖ് ബക്കറ്റ് സൂക്ഷിച്ചിട്ടുണ്ട്. 

കേടായ പച്ചക്കറികളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം ഇങ്ങനെ കിട്ടും. അവർക്കും സന്തോഷം, റഫീഖിനും സന്തോഷം. പറമ്പിലെ തെങ്ങിനും കാന്താരിക്കും വാഴയ്ക്കുമെല്ലാം പ്ലാന്റിൽ നിന്നുള്ള സ്ലറി ഒഴിക്കാൻ തുടങ്ങിയതോടെ അതും തഴച്ചുവളർന്നു.വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു സംസ്കരിക്കാൻ നൽകുകയാണു ചെയ്യുന്നത്. കടലാസും മറ്റും കത്തിക്കാനായി സ്വന്തമായൊരു ഇൻസിനറേറ്ററും തയാറാക്കിയിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റിൽ ഇടാൻ കഴിയാത്ത മുട്ടത്തോടും ഉള്ളിത്തോടുമെല്ലാം വളമാക്കി മാറ്റാൻ റിങ് കംപോസ്റ്റ് സംവിധാനവുമുണ്ട്.

യാത്ര  ഇ –ബൈക്കിൽ

കുറച്ചുനാളായി ഇലക്ട്രിക് സ്കൂട്ടറിലാണു റഫീഖിന്റെ യാത്ര. ഒറ്റ ചാർജിങ്ങിൽ 40 കിലോമീറ്റർ വേഗത്തിൽ 60 കിലോമീറ്ററോളം ഓടും. പുരപ്പുറത്തെ വൈദ്യുതികൊണ്ട് യാത്രയും ചെയ്യാമെന്നായതോടെ പെട്രോളിനുവേണ്ടി മുടക്കിയിരുന്ന തുകയും മിച്ചംപിടിക്കുകയാണു റഫീഖ്.

മനസ്സാണു പ്രധാനം

പാരമ്പര്യേതര ഊർജവുമായി ബന്ധപ്പെട്ട മിക്ക പദ്ധതികൾക്കും സബ്സിഡിയുണ്ട്. ഇതുകണ്ട് ഉത്സാഹത്തോടെ സ്ഥാപിച്ച് പിന്നീടു തിരിഞ്ഞു നോക്കിയില്ലെങ്കിൽ കാര്യമില്ല. സോളർ പവർ പ്ലാന്റും ബയോഗ്യാസ് പ്ലാന്റും കിണർ റീചാർജിങ് സംവിധാനവുമെല്ലാം ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ ക്ഷമയും മനസ്സും വേണം. ഇടയ്ക്കിടെ പൊടിതുടച്ചു വൃത്തിയാക്കിയാലേ സോളർ പാനലുകളിൽ നിന്നും വാട്ടർ ഹീറ്ററിൽ നിന്നുമെല്ലാം പരമാവധി ഉൽപാദനം ലഭിക്കൂ. മഴക്കാലത്തിനു മുൻപേ പുരപ്പുറം വൃത്തിയാക്കണം. എങ്കിലേ തടസ്സമില്ലാതെ മഴവെള്ളം കിണറിലേക്ക് ഇറക്കാൻ പറ്റൂ. പൈപ്പുകളിലെ തടസ്സവും ഇടയ്ക്കിടെ നീക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA