sections
MORE

'ചങ്കു പറിയുന്നതു പോലെ, ഒറ്റ മിനിറ്റിൽ വീട് മണ്ണടിഞ്ഞു, എനിക്ക് നീതി വേണം'; ഉള്ളുലയ്ക്കും ഇസ്മായിലിന്റെ കഥ

ismail-house-destroyed-kannur
SHARE

ലോൺ എടുത്തും സ്വർണം വിറ്റുമൊക്ക സ്വരുക്കൂട്ടിയ കാശു കൊണ്ട് പണിത വീട് ഒറ്റ മിനിറ്റിൽ മണ്ണടിഞ്ഞതിന്റെ വേദനയിലാണ് കണ്ണൂർ മട്ടന്നൂർ സ്വദേശി ഇസ്മായിൽ. കഴിഞ്ഞ പ്രളയത്തിൽ ഭാഗികമായി തകർന്ന വീട് പുനരുദ്ധരിക്കുന്നതിന് സർക്കാർ വാഗ്ദാനം ചെയ്ത തുക പോലും ഇതുവരെ ലഭിച്ചില്ല. അപ്പോഴാണ് കൂനിന്മേൽ കുരു പോലെ ഇത്തവണത്തെ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീട് പൂർണമായി തകർന്നത്. ഭവനവായ്പ തിരിച്ചടവിലടക്കം ദയയില്ലാത്ത സമീപനമാണ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും നേരിടുന്നതെന്നും ഇസ്മായിൽ പറയുന്നു.

വീട് പണി തുടങ്ങുന്നു...

ബാങ്കിൽ നിന്നും 13 ലക്ഷം വായ്പയെടുത്താണ് വീടുപണി തുടങ്ങിയത്. തികയാതെ വന്നപ്പോൾ ഭാര്യയുടെ 30 പവൻ സ്വർണം വിറ്റു. ജില്ലാ ബാങ്കിൽ നിന്നും രണ്ടു ലക്ഷം രൂപ വ്യക്തിഗത വായ്പയുമെടുത്തു. 10 ലക്ഷത്തോളം രൂപയ്ക്കാണ് 15 സെന്റ് സ്ഥലം വാങ്ങിയത്. അവിടെ 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീടുപണിതത്. രണ്ടു കിടപ്പുമുറി, സ്വീകരണമുറി, ഊണുമുറി, അടുക്കള എന്നിവയടക്കം 1400 ചതുരശ്രയടിയുള്ള വീടായിരുന്നു. പണി പൂർത്തിയാക്കി 2017 നവംബർ 26 ന് ആയിരുന്നു ഗൃഹപ്രവേശം.

ismail-house-kannur-before

പ്രഹരമായി കഴിഞ്ഞ പ്രളയം...

കഴിഞ്ഞ ഓഗസ്റ്റ് 15 നു മണ്ണിടിഞ്ഞു വീണു വീടിന്റെ പിൻവശത്തെ ചുമരുകൾ തകർന്നു. ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അന്ന് മണ്ണുനീക്കി വീട് വൃത്തിയാക്കിയത്. അന്ന് മുതൽ വാടക ക്വാർട്ടേഴ്‌സിലാണ് താമസം. മാസം നാലായിരത്തോളം രൂപ വാടക നൽകണം.  പ്രളയസഹായമായി സർക്കാരിൽ നിന്നും നാമമാത്രമായ തുകയാണ് ലഭിച്ചത്. പുതിയ വീട് നിർമിക്കുമ്പോൾ 3 ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് തകർന്ന ചുമരുകൾ കെട്ടാൻ കല്ലും സിമന്റും എല്ലാം ഇറക്കിയിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ അടുത്ത ദുരന്തം വരുന്നത്...

എല്ലാം നഷ്ടപ്പെട്ട ആ ദിനം...

ഞാൻ കെഎസ്ഇബി ലൈൻമാനാണ്. ഇത്തവണത്തെ മഴയിൽ ഈ പ്രദേശങ്ങളിൽ മരം വീണും മറ്റും വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഏറെ പണിപ്പെട്ടു രാത്രിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച ശേഷം മൊബൈലിൽ വന്ന മിസ്ഡ് കോളുകൾ തിരിച്ചു വിളിച്ചപ്പോഴാണ് കനത്ത മഴയിൽ കുന്നിടിഞ്ഞെത്തിയ മണ്ണ്, വീട് തകർത്ത വിവരം അറിഞ്ഞത്. ആകെ തരിച്ചു നിന്നുപോയി. പിറ്റേ ദിവസം രാവിലെ ചെന്ന് നോക്കുമ്പോൾ വീട് നിന്നിരുന്ന സ്ഥാനത്ത് കുറച്ചു ഇഷ്ടിക, സിമന്റ് കൂമ്പാരങ്ങൾ മാത്രം...

ismail-house-falling

കുടുംബം...

ഭാര്യ സുമയ്യ വീട്ടമ്മയാണ്. എട്ടും രണ്ടും വയസ്സ് മാത്രമുള്ള രണ്ടു മക്കളുമുണ്ട്. പഴയ തറവാട്ടിൽ ഉമ്മയും പെങ്ങളുടെ കുടുംബവുമാണ് താമസം. അവിടെ ഞങ്ങൾക്കു കൂടി താമസിക്കാനുള്ള സ്ഥലമില്ല. 

 

ഇനി എന്ത്?...

ഭവനവായ്പ ഇൻഷുറസ് തുകയിൽനിന്നു തിരിച്ചടച്ചെങ്കിലും ശമ്പളം എത്തുന്ന ബാങ്ക് അക്കൗണ്ടിൽ നിന്നും ഇപ്പോഴും തുക പിടിക്കുന്നുണ്ട്. ബാങ്കിങ് ഓംബുഡ്സ്മാന് ഉൾപ്പെടെ പരാതി നൽകിയിട്ടും അധികം പിടിച്ച തുക മടക്കി നൽകുന്നതിലടക്കം യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കണ്ണൂർ കലക്ടറെ കണ്ടു ദുരവസ്ഥ ബോധിപ്പിക്കാൻ ചെന്നപ്പോൾ ബന്ധപ്പെട്ട അധികാരികൾ പരുഷമായി സംസാരിച്ചു മടക്കി അയക്കുകയാണ് ചെയ്തത്. അരലക്ഷത്തോളം രൂപ വാടകയിനത്തിൽ നൽകാനുണ്ട്. ലോൺ ഒഴിവാക്കി നൽകാനും അടച്ച തുക മടക്കി ലഭിക്കാനും പുതിയ ഒരു കിടപ്പാടം പണിയാനുള്ള കുറച്ചു സാമ്പത്തിക സഹായം എങ്കിലും സർക്കാരിൽ നിന്നും ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA