sections
MORE

കേരളത്തിലെ 1 % വീടുകൾക്ക് പോലും ഇൻഷുറൻസ് ഇല്ല, ഇനിയൊരു ദുരന്തം ഉണ്ടായാൽ?...: മുരളി തുമ്മാരുകുടി

house-insurance
SHARE

ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ നിക്ഷേപമാണ് വീട്. കേരളം തുടർച്ചയായി നേരിട്ട പ്രളയദുരന്തത്തിൽ പതിനായിരക്കണക്കിന് വീടുകളാണ് നശിച്ചത്. കേരളത്തിലെ പുതിയ സാഹചര്യത്തിൽ പ്രസക്തമാകുന്ന ഭവന ഇൻഷുറൻസിനെപ്പറ്റി യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി എഴുതുന്നു.

രണ്ടാം വർഷവും കേരളത്തിൽ പ്രളയവും മണ്ണിടിച്ചിലും മൂലം ഏറെ വീടുകളിൽ വെള്ളം കയറുകയും മറ്റു നാശ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തല്ലോ. ഇത്തവണയും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്, നല്ല കാര്യം.

വികസിത രാജ്യങ്ങളിൽ എല്ലാം വീടുകൾക്ക് ഇൻഷുറൻസ് നിർബന്ധം ആണ്. നമ്മൾ വാടകക്ക് താമസിക്കുമ്പോൾ പോലും ആ വീടിന് നമ്മൾ ഇൻഷുറൻസ് എടുക്കണം (വീട്ടിൽ നമ്മുടെ സ്ഥാവര ജംഗമ വസ്തുക്കൾക്ക് വേറെയും ഇൻഷുറൻസ് വേണം). ഇൻഷുറൻസ് ഇല്ലാത്ത വീടിന് അപകടം പറ്റിയാൽ അത് വീട്ടുകാരന്റെയും വാടകക്കാരന്റെയും ഉത്തരവാദിത്തം ആണ്. മിക്കവാറും വീടുകൾക്ക് എല്ലായിപ്പോഴും തന്നെ അല്പം എങ്കിലും വായ്പ (മോർട്ട് ഗേജ്) ഉള്ളതിനാൽ അവിടെ നിന്നുള്ള നിർബന്ധം വേറെയും കാണും. ദുരന്തസാധ്യത ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഇൻഷുറൻസ് തുക കൂടുതൽ ആണ്. ജപ്പാനിൽ 2011ൽ സുനാമി വന്ന സ്ഥലങ്ങളിൽ വീണ്ടും വീട് വയ്ക്കാൻ  പോയവർക്ക് ഇൻഷുറൻസ് കമ്പനിക്കാർ കവറേജ് കൊടുത്തില്ല. ആളുകളെ കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ഒരു മാർഗ്ഗം കൂടി ആണിത്.

പക്ഷേ കേരളത്തിലെ സ്ഥിതി അതല്ല, ഒരു ശതമാനം വീടുകൾക്ക് പോലും കേരളത്തിൽ ഇൻഷുറൻസ് ഇല്ല. അതേസമയം അപകടം ഉണ്ടായിക്കഴിഞ്ഞാൽ ആളുകളെ കഷ്ടസ്ഥിതി കാരണം സർക്കാർ നഷ്ടപരിഹാരം കൊടുക്കുന്നു. അങ്ങനെ സർക്കാർ കൊടുക്കും എന്ന് ആളുകൾ പ്രതീക്ഷിക്കുന്നു, വീണ്ടും വീണ്ടും കൊടുക്കാൻ സർക്കാർ നിർബന്ധിതമാകുന്നു.

മാറുന്ന കാലാവസ്ഥയുടെ സാഹചര്യത്തിൽ ലോകത്തിൽ ഒരു സർക്കാരിനും ഇത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പറ്റില്ല. ഇത് നമുക്ക് താമസിയാതെ ബോധ്യമാകും. അതേസമയം തന്നെ സർക്കാർ നൽകുന്ന നഷ്ടപരിഹാര തുക ഏറെ കുറവാണ്, അപ്പോൾ അതുകൊണ്ടു മാത്രം വീട് പുനർനിർമ്മിക്കാൻ പറ്റില്ല. പുതിയതായി നിർമ്മിക്കുന്ന വീടുകൾക്കും ഇൻഷുറൻസ് നിർബന്ധം അല്ലെങ്കിൽ എവിടെയും വീട് വയ്ക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ ഇപ്പോൾ വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ല.

house-landslided

ഈ കാര്യം സർക്കാർ കാര്യമായി എടുക്കണം. കേരളത്തിലെ എല്ലാ വീടുകൾക്കും പ്രകൃതിദുരന്തങ്ങളിൽ നിന്നും അഗ്നിബാധയിൽ നിന്നും ഉള്ള നഷ്ടപരിഹാരത്തിനായി ഒരു മിനിമം തുക കണക്കാക്കി (ശരാശരി പത്തുലക്ഷം രൂപ) ഒരു ഇൻഷുറൻസ് സംവിധാനം ഉണ്ടാക്കണം. വളരെ ന്യായമായ ഒരു പ്രീമിയം വച്ചാൽ മതി (ഉദാഹരണം ആയിരം രൂപ). പ്രകൃതി ദുരന്തം കൊണ്ടോ അഗ്നിബാധകൊണ്ടോ വീടിന് നാശനഷ്ടം ഉണ്ടായാൽ പരമാവധി പത്തുലക്ഷം രൂപ വരെ കിട്ടുന്ന ഒരു സംവിധാനം ആയിരിക്കണം ഇത്. സർക്കാർ നേരിട്ട് നടപ്പിലാക്കുന്ന ഒന്നായിരിക്കണം ഇത്. അപ്പോൾ ഈ പ്രീമിയം സർക്കാരിന് കിട്ടും,ആവശ്യം അനുസരിച്ച് വർഷാവർഷം വരുന്ന ക്ലെയിമുകൾ കൊടുക്കാമല്ലോ. ബാക്കി തുക ഉണ്ടെങ്കിൽ നമ്മുടെ ദുരന്ത ലഘൂകരണ സംവിധാനങ്ങൾ നന്നാക്കാൻ ഉപയോഗിക്കുകയും ചെയ്യാം.

ഇത്തരം ഒരു സംവിധാനം ഇപ്പോൾ തന്നെ സ്വിറ്റ്‌സർലണ്ടിൽ ഞാൻ താമസിച്ചിരുന്ന വോ എന്ന സംസ്ഥാനത്ത് ഉണ്ട് (Canton of Vaud). കേരളത്തിന് താല്പര്യം ഉണ്ടെങ്കിൽ ഈ മാതൃകയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.

കേരളത്തിലെ മിക്കവാറും വീടുകൾക്ക് പത്തുലക്ഷത്തിലും കൂടുതൽ വിലയുണ്ട്, വീടുകൾക്കുള്ളിലെ വസ്തുക്കൾക്കും അതിൽ കൂടുതൽ വിലയുള്ളവർ ഉണ്ട്. അവർക്ക് അധിക തുകയ്ക്ക് സ്വകാര്യ ഇൻഷുറൻസ് എടുക്കാമല്ലോ. സ്ഥാപനങ്ങൾക്കും ബിസിനസ്സുകൾക്കും ഒക്കെ അതുപോലെ സ്വകാര്യ ഇൻഷുറൻസ് എടുക്കാം. ഇതൊക്കെ ഇപ്പോൾ ചെയ്ത് തുടങ്ങിയാൽ വലിയ നഷ്ടം ഇല്ലാതെ കാര്യങ്ങൾ നീക്കാം. അല്ലെങ്കിൽ സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗം ശമ്പളത്തിനും പെൻഷനും പോകുന്നത് പോലെ ഇത്തരം നഷ്ടപരിഹാരത്തിനും പോകുന്ന കാലം വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA