sections
MORE

ഇനി വൈകരുത്; വീടും വീട്ടുപകരണങ്ങളും ഇൻഷുർ ചെയ്യാം

Building house at flood prone site: Things to keep in mind
പ്രളയത്തിൽ തകർന്ന വീട് (Representative Image)
SHARE

നല്ല രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ളതും കാലപ്പഴക്കം സംഭവിച്ചിട്ടില്ലാത്തതുമായ പല വീടുകളും ഇക്കഴിഞ്ഞ പ്രകൃതി ദുരന്തത്തിൽ നിലംപതിക്കുന്നതു കണ്ടു. ദുരിതാശ്വാസമായി കിട്ടുന്ന തുക നേരത്തേ ഉണ്ടായിരുന്നതുപോലെ വീടു പണിയാൻ തികയില്ലല്ലോ. വീട് ഇരിക്കുന്ന കെട്ടിടം പൊളിഞ്ഞു പോയാൽ നഷ്ടപരിഹാരം നൽകുന്ന ഇൻഷുറൻസ് പോളിസികൾ ഉണ്ടോ? 

അടിക്കടി ഉണ്ടാകുന്ന പ്രളയവും മണ്ണിടിച്ചിൽ പോലുളള പ്രകൃതി ദുരന്തങ്ങളും ഭവന ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടുന്നതിലേക്കാണു വിരൽ ചൂണ്ടുന്നത്. പ്രകൃതി ദുരന്തങ്ങൾ കൂടാതെ തീപിടിത്തം, ഭവനഭേദനം തുടങ്ങിയ സന്ദർഭങ്ങളിലും കെട്ടിടത്തിനും കെട്ടിടത്തിനുള്ളിലെ സാധനങ്ങൾക്കും നാശം സംഭവിക്കുകയും നഷ്ടപ്പെടുകയും ചെയ്യും. ഇവയ്‌ക്കെതിരെ പരിരക്ഷ തീർക്കുന്നതിന് ഭവന ഇൻഷുറൻസ് പോളിസികൾ എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികളും ലഭ്യമാക്കുന്നുണ്ട്. 

പരിരക്ഷ പലവിധം 

flood-destroyed-house

വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങി പത്തോളം വിപത്തുകളിൽനിന്ന് കെട്ടിടത്തിനു സംഭവിക്കാവുന്ന കേടുപാടുകൾക്കും നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നവയാണ് ഭവന ഇൻഷുറൻസ്. കെട്ടിടത്തോടൊപ്പമോ അല്ലാതെയോ വീടിനുള്ളിലെ സാധനങ്ങളും ഉപകരണങ്ങളും നഷ്ടപ്പെടുകയാണെങ്കിൽ പരിഹാരം നൽകുന്ന രീതിയിലും ഭവന ഇൻഷുറൻസ് എടുക്കാം. പ്രകൃതിക്ഷോഭം, തീപിടിത്തം, ഭവനഭേദനം, മോഷണം എന്നിവ മൂലം ടിവി, ഫ്രിജ്, കംപ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രിക്കൽ- ഇലക്‌ട്രോണിക് ഉപകരണങ്ങൾ, മേശ, കട്ടിൽ, സെറ്റി തുടങ്ങിയ ഫർണിച്ചർ, വില പിടിച്ച ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയ്ക്കൊക്കെ ഉണ്ടാകുന്ന നഷ്ടങ്ങൾക്കും ഭവന ഇൻഷുറൻസിലൂടെ പരിഹാരം തേടാം. ഇടിമിന്നൽ, വോൾട്ടേജ് സർജ് തുടങ്ങിയ കാരണങ്ങളാൽ ഇലക്ട്രിക്കൽ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കേടുപറ്റിയാൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിനുള്ള അധിക വകുപ്പുകളും ഭവന ഇൻഷുറൻസിൽ ഉൾപ്പെടുത്താം. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ല. 

വേണ്ടുവോളം പരിരക്ഷ 

വീടും വീട്ടുസാധനങ്ങളും എത്ര തുകയ്ക്ക് ഇൻഷുർ ചെയ്തിരിക്കണമെന്ന് വ്യക്തമായി തീരുമാനിക്കണം. ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹമായ അത്യാഹിതങ്ങൾ സംഭവിക്കുന്നതുമൂലം പുതിയ കെട്ടിടം നിർമിക്കുന്നതിനും വീട്ടുപകരണങ്ങൾ വാങ്ങുന്നതിനും തികയുന്ന രീതിയിൽ പരിരക്ഷ ഉറപ്പാക്കണം. വർഷങ്ങൾക്ക് മുൻപ് പണിത കെട്ടിടത്തിന്റെ പണിച്ചെലവോ വാങ്ങിയ വിലയോ അടിസ്ഥാനമാക്കിയുള്ള പരിരക്ഷ ഇപ്പോൾ പുതിയ കെട്ടിടം എടുക്കാൻ തികയില്ല. വീട്ടുപകരണങ്ങൾക്ക് ഡിപ്രിസിയേഷനും മറ്റും കിഴിച്ചു മാത്രം പരിരക്ഷയുണ്ടായാൽ ഗുണകരമാകില്ല. 

Kerala rain fury: Focus on cleaning houses and public places

ഇപ്പോൾ ഒരു കെട്ടിടം പണിയാൻ വേണ്ടി വരുന്ന ചെലവുകൾക്കനുസൃതമായി പുതിയ വീട് എടുക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും പര്യാപ്തമായ രീതിയിൽ ഡിപ്രിസിയേഷൻ കുറയ്ക്കാതെ റീ ഇൻസ്റ്റേറ്റ്‌മെന്റ് സേവനത്തോടെ പരിരക്ഷത്തുക നിശ്ചയിക്കുന്ന പോളിസികളാണ് എടുക്കേണ്ടത്. 

കാലപ്പഴക്കം കണക്കാക്കാതെ, അത്യാഹിതം സംഭവിച്ചാൽ ഇന്നത്തെ നിലയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിനോ കേടുപാടുകൾ തീർത്ത് ഉപയോഗക്ഷമമാക്കുന്നതിനോ ആവശ്യമായ തുക നഷ്ടപരിഹാരം ലഭിക്കും. ഒരു വർഷ കാലാവധിക്കോ 10 വർഷം വരെ ദീർഘ കാലാവധി ഉള്ള രീതിയിലോ ഭവന ഇൻഷുറൻസ് എടുക്കാം. മറ്റ് ഇൻഷുറൻസ് പോളിസികളെ അപേക്ഷിച്ച് പ്രീമിയം കുറവാണ്. ദീർഘ കാല പോളിസികളിൽ പ്രിമീയത്തിന് ഡിസ്‌ക്കൗണ്ടും ലഭിക്കും. പോളിസികൾ പുതുക്കുന്ന അവസരങ്ങളിൽ, പുതുതായി വാങ്ങിയ വീട്ടുപകരണങ്ങളും മറ്റും കൂട്ടിച്ചേർക്കാവുന്നതാണ്. 

വാടക വീടും ഫ്ലാറ്റും 

സ്വന്തം വീടുകളിൽ താമസിക്കുന്നവർക്ക് കെട്ടിടത്തിനും ഉപകരണങ്ങൾക്കും കൂടി സമഗ്ര പോളിസി എടുക്കാം. വാടക വീടുകളാകുമ്പോൾ വീട്ടുപകരണങ്ങൾ മാത്രമായി ഭവന ഇൻഷുറൻസ് എടുക്കാവുന്നതാണ്. വാടക വീടിന്റെ വ്യക്തമായ മേൽവിലാസം പോളിസികളിൽ ഉൾപ്പെടുത്താനും വീടു മാറുമ്പോൾ പുതിയ മേൽവിലാസം പോളിസിയിൽ തിരുത്തി എടുക്കാനും മറക്കരുത്. ഫ്ലാറ്റുകൾ ഉള്ളവർക്ക് കെട്ടിട സമുച്ചയം പൂർണമായും ഇൻഷുർ ചെയ്താൽ മാത്രമേ പ്രയോജനമുണ്ടാകൂ. എല്ലാ ഫ്ലാറ്റുടമകളും കൂടി റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ രൂപീകരിച്ച് കെട്ടിടം മൊത്തത്തിൽ ഇൻഷുർ ചെയ്യണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA