ADVERTISEMENT

മഹാപ്രളയം വിഴുങ്ങിയ കൈനകരി തിരിച്ചുവരവിന്റെ പാതയിലല്ല. മറിച്ച് പഴയതിലും മെച്ചപ്പെട്ട നവകേരളത്തിന്റെ ഭാഗമാകുകയാണ് ഓണത്തിനുശേഷം ഇവിടം. കൈനകരിയിലെ മുപ്പത്തൊമ്പത് കുടുംബങ്ങൾ ഇത്തവണ ഓണമാഘോഷിച്ചതും പൂക്കളമിട്ടതും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടനാട് മോഡലിൽ പണി പൂർത്തീകരിച്ച ഭവനങ്ങളിൽ.

കൈനകരി തോട്ടുവാത്തല കാട്ടിൽച്ചിറ കോളനി സുരമ്യഭവനിൽ കർഷകത്തൊഴിലാളിയായ സുകുമാരനും ഓമനസുകുമാരനും അടങ്ങുന്ന ആറംഗ കുടുംബം തന്നെ ഇതിന് നേർസാക്ഷ്യം. 2018 ലെ വെള്ളപ്പൊക്കത്തിൽ ഈ ആറംഗകുടുംബത്തിന്റെ ചെറിയ ഷെഡ് പൂർണമായി നശിച്ചു. ലൈഫ് മിഷൻ വഴി ലഭിച്ച നാലുലക്ഷവും കയ്യിൽ കരുതിയ കൊച്ചുസംമ്പാദ്യവും സ്വരുക്കൂട്ടി സർക്കാർ നിർദ്ദേശിച്ച പ്രകാരം ഇവർ പുതിയ വീടു നിർമിക്കുകയായിരുന്നു.

കൃത്യം 420 സ്‌ക്വയർ ഫീറ്റിൽ ഒരു സ്വപ്ന വീട്. ഇനിയൊരു പ്രളയത്തെ അതിജീവിക്കണമെന്ന സർക്കാരിന്റെ കരുതൽ ഉൾക്കൊണ്ടാണ് സാധാരണ തറ നിരപ്പിൽ നിന്ന് എട്ടടിയോളം ഉയർത്തി കോൺക്രീറ്റ് തൂണിൽ വീടിന്റെ തറകെട്ടിയത്. തൊട്ടപ്പുറത്തെ നെൽപ്പാടത്തിലെ ജലനിരപ്പിൽ നിന്ന് 15 അടിയോളം ഉയരെയാണ് പുതിയ വീട്. പ്രളയത്തിൽ മുങ്ങിയ തൊട്ടടുത്ത മരത്തിലെ പാട് നോക്കി അതിലും ഉയരെ തൂൺ നിർമിക്കുകയായിരുന്നെന്ന് മരുമകനും ഓട്ടോ ഡ്രൈവറുമായ രജിമോൻ പറയുന്നു. പുതിയ വീടിന്റെ തണലിൽ ഇവർ ഓണം കാര്യമായിത്തന്നെ ആഘോഷിച്ചു.

stilt-house-kuttanad-family

കൈനകരി പഞ്ചായത്തിൽ മാത്രം 114 വീടുകളാണ് ലൈഫ് മിഷനിൽ നിർമിക്കുന്നത്. റീബിൽഡിൽ 384 വീടും അനുവദിച്ചിട്ടുണ്ട്. ഒരു ഹാൾ, രണ്ട് കിടപ്പുമുറികൾ, ബാത്‌റൂം, അടുക്കള എന്നിവ ഉൾപ്പെടുന്നതാണ് അധികം വീടുകളും. കഴിഞ്ഞ പ്രളയത്തിൽ ചെറിയ തെങ്ങിന്റെ ഉയരത്തിൽ വെള്ളം കയറുന്നത് കണ്ട് വിറങ്ങലിച്ച നിന്ന വീട്ടുകാരുടെ മുഖത്ത് ഇന്ന് ആശ്വാസത്തിന്റെ പൊന്നും വെട്ടം. സർക്കാരിന്റെ സ്വപ്ന വീടുനിർമാണ പദ്ധതിയായ ലൈഫ് മിഷൻ വഴി ആദ്യ ഘട്ടത്തിൽ ജില്ലയിൽ 2694 വീടുകളാണ് പൂർത്തീകരിച്ച് താക്കോൽ കൈമാറിയത്. രണ്ടാം ഘട്ടത്തിൽ 4267 വീടുകളും പൂർത്തീകരിച്ചുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com