ADVERTISEMENT

പ്രളയവും അതിന്റെ ദുരിതങ്ങളും രണ്ടുവര്‍ഷം തുടര്‍ച്ചയായി കേരളജനത അതനുഭവിച്ചു കഴിഞ്ഞു. മോഹിച്ചു പണിത വീടുകള്‍ പലതും വെള്ളക്കെട്ടിൽ മുങ്ങി പോകുന്നത് നമ്മള്‍ കണ്ടു. വരുംവര്‍ഷങ്ങളിലും സമാനമായ ദുരിതങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന ഉള്‍ഭയം നമ്മളെ പിടികൂടി. എന്നാല്‍ എങ്ങനെയാണ് പ്രളയദുരിതങ്ങളില്‍ നിന്നും നാം പുറത്തുകടക്കേണ്ടത് ? നമ്മുടെ കാലഘട്ടത്തിനനുസരിച്ചു പ്രളയത്തെ അതിജീവിക്കാവുന്ന ഒരു വീടിന്റെ മാതൃകയുമായാണ് വാഴപള്ളി സ്വദേശിയായ കണ്ണന്‍ എന്ന ഗോപാലകൃഷ്ണന്‍ ആശാരി എത്തുന്നത്.

പ്രളയം എത്തുമ്പോള്‍ തനിയെ  പൊങ്ങുന്ന തരത്തിലാണ് ഈ വീടിന്റെ നിര്‍മ്മാണരീതി. 1600 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വീട് ഇദ്ദേഹം സ്വയം നിര്‍മ്മിച്ചതാണ്. പ്രളയത്തെ അതിജീവിക്കുക എന്നതായിരുന്നില്ല അഞ്ചു വർഷം മുൻപ് ഈ വീട് നിര്‍മ്മിക്കുമ്പോള്‍ അദ്ദേഹം മനസ്സില്‍ കരുതിയത്‌. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ പ്രകാരം പ്രകൃതിക്ക് ചൂഷണം ഉണ്ടാകാതെ ഒരു വീട് നിര്‍മിക്കണം എന്നതായിരുന്നു ഗോപാലകൃഷ്ണന്റെ മോഹം. അതിനായി കല്ലോ, കട്ടയോ, സിമന്റ്റോ ഉപയോഗിക്കാതെ ഒരു വീട് നിര്‍മ്മിക്കണം എന്നദ്ദേഹം തീരുമാനിച്ചു. എന്നാല്‍ പ്രളയം വന്നപ്പോള്‍ എങ്ങനെ വീട് പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാക്കാം എന്നായി ചിന്ത. 

floating-house

എത്ര അടി വെള്ളം  പൊങ്ങിയാലും ഈ വീട് അതിനനുസരിച്ച് മുകളിലേക്ക് ഉയരും എന്നതാണ് പ്രത്യേകത. വീടിന്റെ അടിത്തറയിലെ എയര്‍ ടാങ്ക് ആണ് ഇതിനു സഹായിക്കുന്നത്. വെള്ളത്തിന്റെ സമ്മര്‍ദം ഉണ്ടാകുമ്പോള്‍ ആണ് ഇത് സംഭവിക്കുന്നത്‌. ആറുടണ്‍ ഭാരമാണ് വീടിനുള്ളത്‌. എന്നാല്‍ എയര്‍ടാങ്ക് ഉള്ളതിനാല്‍ ഇത്രയും ഭാരം മുകളിലേക്ക് ഉയരുന്നതില്‍ പ്രശ്നം ഉണ്ടാകുന്നില്ല. സാധാരണവീടിന്റെ നിർമാണച്ചെലവിനേക്കാൾ മുപ്പതുശതമാനം ഈ വീടിന്റെ ചെലവ് കുറവാണ് എന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. ഇത്തരം ഒരു വീട് നിര്‍മ്മിക്കാന്‍ വെറും പതിനഞ്ചുലക്ഷം രൂപ കൊണ്ട് സാധിക്കുമെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു.

floating-house-model1

ദീര്‍ഘകാലം ഈടുനില്‍ക്കുന്ന വസ്തുക്കള്‍ കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം. തന്റെ വീടിന്റെ ഐഡിയയ്ക്ക് പേറ്റൻറ് ലഭിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ഗോപാലകൃഷ്ണന്‍. ഭൂകമ്പത്തെയും കടലാക്രമണത്തെയും അതിജീവിക്കാവുന്ന വീടുകള്‍ ഇതേ വസ്തുക്കള്‍ കൊണ്ട് ഗോപാലകൃഷ്ണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. 

floating-home-model

ചങ്ങനാശ്ശേരി വാഴപ്പള്ളിയിലാണ് ഗോപാലകൃഷ്ണന്റെ വീട്. എല്ലാ സൗകര്യങ്ങളും ഉള്ള തരത്തിലാണ് ഈ വീടിന്റെ നിര്‍മ്മാണം. മൂന്നു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. രണ്ടാം നില കൂടി പണിയാം എന്ന കണക്കുകൂട്ടലിലാണ് നിര്‍മ്മാണം. ആധുനിക സൗകര്യങ്ങള്‍ എല്ലാം ഉള്ള അടുക്കള, ബാത്ത്റൂം എല്ലാം ഇവിടെയുണ്ട്. വീടിന്റെ മോഡല്‍ ആളുകള്‍ക്ക് മനസിലാകാന്‍ പാകത്തില്‍ വീടിന്റെ പുറത്തു ചെയ്തിട്ടുണ്ട്. ആര്‍ക്കും ഇവിടെ വന്നാല്‍ ഇത് കണ്ടറിയാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com