ADVERTISEMENT

കേരളം തുടർച്ചയായി നേരിട്ട പ്രളയത്തിന് ശേഷമാണു ബദൽ നിർമാണ സാമഗ്രികൾ കൊണ്ടുള്ള വീടുകൾക്ക് പ്രചാരം കൂടിയത്. ജിപ്സം പാനൽ, ഫൈബർ സിമന്റ് തുടങ്ങിയ സാമഗ്രികൾ കൊണ്ട് അതിവേഗം, കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന വീടുകൾ ഇപ്പോൾ കേരളത്തിൽ വേരുപിടിക്കുകയാണ്. വീടോ ഓഫിസോ എന്തുമാകട്ടെ, വളരെ എളുപ്പം പണി പൂർത്തിയാക്കാം. ഒരു ഹാൾ തിരിച്ച് റൂം ആക്കണം അല്ലെങ്കിൽ ഓഫിസ് മുറിയാക്കി മാറ്റണം. ഇടയ്ക്കു ചുവർ നിർമിക്കുക പ്രായോഗികമല്ല. അവിടെയാണ് വോൾ ബോർഡുകൾകൊണ്ടുള്ള പ്രയോജനം. പാർട്ടീഷൻ വോൾ, റൂഫിങ്, ഫ്ലോറിങ്, ഡെക്കോ ബോർഡ്, വോൾ പാനൽ എന്നിങ്ങനെ സാധ്യതകൾ ഒട്ടേറെയുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ടു പണിതീരുമെന്നു മാത്രമല്ല, ലേബർ ചാർജ് ലാഭം. സുരക്ഷയിലോ ഗുണമേന്മയിലോ വിട്ടുവീഴ്ചയില്ല. ഇത്തരമൊരു സാധ്യതയാണ് ഫൈബർ സിമന്റ് ബോർഡ് നൽകുന്നത്.

 

എന്താണ് ഫൈബർ സിമന്റ്?

സെല്ലുലോസ് ഫൈബർ, പോർട്ട് ലാൻഡ് സിമന്റ്, ശുദ്ധീകരിച്ച മണൽ തുടങ്ങിയവയാണ് ഫൈബർ സിമന്റിന്റെ അസംസ്കൃത വസ്തുക്കള്‍. വിവിധ രൂപങ്ങളിൽ ലഭ്യമാകുമെങ്കിലും ഷീറ്റ് രൂപത്തിലാണ് കൂടുതലായും ഉപയോഗിച്ചുവരുന്നത്. പ്ലാങ്ക് രൂപത്തിലും ലഭ്യമാണ്. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരമെന്ന നിലയ്ക്കാണ് ഫൈബർ ബോർഡിന്റെ ഉപയോഗങ്ങൾക്കു തുടക്കമായത്. വിദേശരാജ്യങ്ങളിൽ സെല്ലുലോസ് ഫൈബർ സിമന്റ് ബോർഡുകൾ കെട്ടിട നിർമാണത്തിനു ധാരാളം ഉപയോഗിക്കുന്നുണ്ട്.

 

ഗുണങ്ങൾ

1. ഏതു തരം നിർമാണരീതിക്കും അനുയോജ്യം. സമയം ലാഭം. 1000 സ്ക്വയർഫീറ്റ് ചെയ്യാൻ ഏറ്റവും കുറഞ്ഞത് മൂന്നു ദിവസം മതി.

2. കാലാവസ്ഥ വ്യതിയാനങ്ങൾ ബാധിക്കില്ല. വേണമെങ്കിൽ അഴിച്ചുമാറ്റി പുനരുപയോഗിക്കാം.

3. ചൂട്, ചിതൽ, ഈർപ്പം എന്നിവയെ പ്രതിരോധിക്കും.

4. കൺസ്ട്രക്ഷൻ വേസ്റ്റ് കുറവ്. തടിയുടെ ഉപയോഗം കുറയ്ക്കാം.

5. പുട്ടി ഫിനിഷുള്ള പ്രതലമായതിനാൽ നേരിട്ടു പ്രൈമർ അടിച്ച് പെയിന്റ് ചെയ്യാം. 

 

ഉപയോഗങ്ങൾ /വില

ബോർഡ് /പാർട്ടീഷൻ വോൾ

സാധാരണ ചുമരിനെ അപേക്ഷിച്ച് നാലിലൊന്നു സ്ഥലം മതി ഫൈബർ സിമന്റ് ബോർഡുകൊണ്ടുള്ള പാർട്ടീഷന്‍ വോളിന്. വീട്, വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങൾക്ക് അനുയോജ്യമാണ്. ഡ്രൈ വോൾ പാർട്ടീഷൻ, വോൾക്ലാഡിങ്, പാർട്ടീഷ്യൻ, അലങ്കാരങ്ങൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. 8 എംഎം കട്ടിയുള്ള ഷീറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ലേബർ ചാർജ് ഉള്‍പ്പെടെ ഷീറ്റ് ഫ്രെയിം ചെയ്ത് ഉറപ്പിക്കാൻ സ്ക്വയർഫീറ്റിനു 200 രൂപയ്ക്കു മുകളിലാകും.

റൂഫിങ്

10–12 എംഎം കട്ടിയുള്ള ഷീറ്റുകളാണ് റൂഫിങ്ങിന് ഉപയോഗിക്കുന്നത്. ലേബർ ചാർജ് ഉൾപ്പെടെ സ്ക്വയർഫീറ്റിന് 400 രൂപയ്ക്കു മുകളിൽ ചെലവു വരും.

 

സീലിങ് ബോർഡ്

രണ്ടു തരത്തിൽ സീലിങ് ചെയ്യാം. ഗ്രിഡ് സീലിങ്ങും കൺസീൽഡ് സീലിങ്ങും. ഗ്രിഡ് സീലിങ്ങിന് 3.2 – 4.5 എംഎം ഷീറ്റുകളും 6 എംഎം കട്ടിയുള്ള ഷീറ്റുകളാണ് കൺസീൽഡ് സീലിങ്ങിന് ഉപയോഗിച്ചു വരുന്നത്. ഫ്ലെക്സിബിൾ‍ ആയതിനാൽ 45 ഡിഗ്രി വരെ വളയ്ക്കാം. ആർച്ച് ഡിസൈൻ ചെയ്യാൻ ധാരാളമായി ഉപയോഗിക്കാറുണ്ട്. 

 

ഫ്ലോർ ബോർഡ്

എലിവേറ്റർ ഫ്ലോർ ചെയ്യാൻ ഉപയോഗിക്കുന്നതാണ് ഫ്ലോർ ബോർഡുകൾ. ഭാരം താങ്ങാനുള്ള ശേഷി, പ്ലൈവുഡിനു പകരം ഉപയോഗിക്കാം തുടങ്ങിയവയാണ് പ്രത്യേകതകൾ. കൊമേഷ്യൽ ബിൽഡിങ്, ഷോപ്പിങ് സെന്ററുകൾ, റീടെയിൽ ഔട്ട്‌ലെറ്റുകൾ, ഇൻഡസ്ട്രിയൽ ബിൽഡിങ്, ഫാക്ടറികൾ എന്നിവിടങ്ങളിലേക്ക് അനുയോജ്യം. 15, 18 എംഎം ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. 18 എംഎം 2x2 ഫീറ്റ് ഗ്രിഡിന് 1.5 ടൺ ഭാരവാഹകശേഷിയുണ്ട്.

 

Content Summary: Ultra Fast House Construction using Fibre Cement Board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com