sections
MORE

ഓർമയുണ്ടോ ഒരുലക്ഷം രൂപയുടെ വീടുകൾ? ഇന്ന് വീടിനായി ഏറ്റവും പണം മുടക്കുന്നത് മലയാളികൾ!

luxury-house-kerala-trends
Representative Image
SHARE

പുതിയ  തലമുറയ്ക്ക് കേൾക്കുമ്പോൾ അദ്ഭുതമായിരിക്കും. 1970കളിൽ വെറും 10,000 രൂപയ്ക്കു വീടു വച്ചിരുന്നു. ഒരു ലക്ഷം രൂപയ്ക്കു ഗംഭീര വീടു വച്ചിരുന്നു. തൊണ്ണൂറുകളിലും അഞ്ചുലക്ഷം രൂപയ്ക്കു വീടു തീരുമായിരുന്നു. ഇന്നതെല്ലാം നൊസ്റ്റാൾജിയയാണ്. ഇന്ന് മലയാളികളെപ്പോലെ ഇത്രയ്ക്കു ചെലവിൽ വീടു വയ്ക്കുന്ന മറ്റൊരു സംസ്ഥാനവുമില്ലെന്നു പറയുമ്പോൾ പിടികിട്ടിയല്ലോ.

പുതിയ രീതിയിലൊരു വീട് 3000 ചതുരശ്രയടിക്ക് മുകളിൽ പണിയാൻ ചുരുങ്ങിയത് 75 ലക്ഷമെങ്കിലുമാകും. സ്ഥലവില പുറമെ. രണ്ടര സെന്റിൽ ആയിരം ചതുരശ്രയടിയിൽ വീടു വച്ചാൽ പോലും 20–25 ലക്ഷം രൂപ ചെലവാണ്. 

നിലവിൽ 15 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്കു വീടുവയ്ക്കാൻ പ്രയാസമാണെന്നു വാസ്തുശിൽപികൾ പറയുന്നു. ലോ കോസ്റ്റ് സങ്കേതങ്ങൾ ഉപയോഗിച്ചാലും 10 ലക്ഷത്തിലേറെയാവുന്നതാണ് അനുഭവം.

കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ

luxury-house-kerala

അതിധനികർക്കു സ്ഥലവിലയൊന്നും പ്രശ്നമല്ല. നഗരത്തിനകത്തുതന്നെ എട്ടോ, പത്തോ, പതിന‍ഞ്ചോസെന്റ് സ്ഥലത്തു 4000 ചതുരശ്രയടി മുതൽ 6000 ചതുരശ്രയടി വരെ വിസ്തീർണത്തിൽ വീടു വയ്ക്കും. പണമൊരു പ്രശ്നമേയല്ല.

10 സെന്റിന് ഒരു കോടി രൂപ മുതൽ മുകളിലേക്കു വില വരും. വീടിനു ചതുരശ്രയടിക്ക് 5000–6000 രൂപ ചെലവു വരുന്നു. പുതിയ കാലത്തിന്റെ പ്രത്യേകത എല്ലാതരം പുതിയ കെട്ടിട നിർമാണ സാമഗ്രികളും ഇവിടെ ലഭ്യമാണ് എന്നതാണ്. ലേറ്റസ്റ്റ് നോക്കിയാണു മിക്കവരും പോകുന്നത്. മാർബിളിനെയും ഗ്രാനൈറ്റിനെയും വെല്ലുന്ന ടൈലുകൾ കിട്ടും.

കുടുംബാംഗങ്ങൾക്കു താമസിക്കാനുള്ള പാർപ്പിടം എന്ന സങ്കൽപം മാറി ഹോട്ടൽ പോലെ അഥവാ ദുബായിലെ ബുർജ് ഖലീഫ പോലെ വീടുണ്ടാക്കുന്നു. കുടുംബാംഗങ്ങൾക്കു സിനിമ കാണാന്‍ വീടിനുള്ളിലൊരു തിയറ്ററും അതിൽ ലക്ഷങ്ങൾ വിലയുള്ള വലിയ ഫ്ലാറ്റ് ടിവിയും ഹോംതിയറ്ററും വീടുകളുടെ ഭാഗമായിട്ടുണ്ട്. ഏതു വീട്ടിലും തിയറ്ററുണ്ട്. കുടുംബാംഗങ്ങള്‍ സിനിമ കാണുന്നുണ്ടോ എന്നറിയില്ല. സ്പ്ലിറ്റ് എസികളല്ല, എസി പ്ലാന്റ് തന്നെ വീടിന്റെ മൂലയ്ക്കു കാണും.

സ്ഥലം വിശാലമായി കിടക്കുന്നതിനാൽ പുൽത്തകിടിയും അതിന്റെ ഒരറ്റത്തു ഗസിബോയും പഗോഡയും കണ്ടേക്കും. ജപ്പാൻ വാക്കാണു ഗസിബോ. പുൽത്തകിടിയുടെ ഒരറ്റത്തു കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വൈകിട്ടു കാറ്റുകൊള്ളാൻ വന്നിരിക്കാനൊരിടം. അതിനു പഗോഡ പോലെ മേൽക്കൂര കണ്ടേക്കും. ചിലപ്പോൾ ഒരു മുറിയും ശുചിമുറിയും.

ഇടത്തരം ഫ്ലാറ്റിന് ഡിമാൻഡ്

ഫ്ലാറ്റുകളും സാധാരണക്കാർക്ക് അപ്രാപ്യമാവുകയാണോ? ഫ്ലാറ്റിനു മുന്നിൽ റോഡിനു വീതിയുള്ള റോഡ് വേണമെന്നതും കർശന ഫയർസർവീസ് നിബന്ധനകളും വന്നതോടെ ചെലവുകൂടി. കെട്ടിട നിർമാണ ചട്ടങ്ങളിൽ പറയുന്ന വീതി മിക്ക റോ‍ഡുകൾക്കുമില്ല. അതുള്ള സ്ഥലങ്ങളിൽ സ്ഥലവില കൂടും. ഇതൊക്കെ പരിഗണിച്ചു ഫ്ലാറ്റ് പണിയുമ്പോൾ ചെലവു കൂടുന്നതിനാൽ സാധാരണക്കാർക്ക് അപ്രാപ്യമാവും. നിബന്ധനകൾ കർക്കശമാക്കുമ്പോൾ ചെലവു കൂടുമെന്ന വസ്തുത വിസ്മരിക്കപ്പെടുന്നു.

ഇടത്തരക്കാരുടെ പാർപ്പിടങ്ങൾക്കു വൻ ഡിമാൻഡ് ഉണ്ടെന്ന് പ്രമുഖ ആർക്കിടെക്ടുകൾ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ചെലവു താങ്ങാനാവാത്തതിനാൽ ആർക്കും നിർമിക്കാനാവുന്നില്ല. രണ്ടു ബെഡ്റൂം അല്ലെങ്കിൽ ഒറ്റ കിടപ്പുമുറി ഫ്ലാറ്റുകൾക്കു വൻ ഡിമാൻഡ് വരുന്നത് അതുകൊണ്ടാണ്. പലരുടെയും പഴ്സിനും ബാങ്ക് വായ്പയ്ക്കും വീട്ടിൽ നിന്നുള്ള ധനസഹായത്തിനും ഇണങ്ങുന്നത് അതു മാത്രമാണെന്നതാണു കാരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA