ADVERTISEMENT

മലയാളികളുടെ വീടുപണിയിലെ അബദ്ധവശങ്ങൾ പങ്കുവയ്ക്കുകയാണ് വാസ്തുശില്പിയായ ജയൻ ബിലാത്തികുളം.

മുംബൈയിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ അരവിന്ദൻ എന്ന പാലക്കാട്ടുകാരൻ എന്നെ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. പട്ടാമ്പിക്കടുത്ത് ഒരു പഴയ തറവാടുണ്ടെന്നും അതു പൊളിക്കാതെ റിനോവേറ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. നാട്ടിൽ വന്നാൽ നേരിൽ കാണാമെന്നു പറ‍ഞ്ഞുറപ്പിച്ചു.

അങ്ങനെ ഒരു മധ്യവേനലവധിക്കാലത്താണ് ഞാൻ പട്ടാമ്പി യിലെ ആ വീട് സന്ദർശിക്കുന്നത്. കൊടുംചൂടിന്റെ സമയം. പടിഞ്ഞാറു വഴിയും കിഴക്കു ദർശനവുമുള്ള ഒരു പഴയ തറവാടിനു മുന്നിൽ വണ്ടി നിന്നു. രണ്ടു മൂന്നു വർഷമായിട്ട് ഈ വീട് പുതുക്കണമെന്ന ആവശ്യം പറഞ്ഞുകൊണ്ടിരിക്കു കയാണ്. വീട് പൊളിക്കാതെ വേണം പരിഷ്കരിക്കാൻ എന്നാണു നിർദേശം.


അൻപതു വർഷങ്ങൾക്കു മുന്‍പാണ് നാലേക്കറും ഒരു പഴയ ഇല്ലവും കുളവുമടങ്ങുന്ന ഈ വസ്തു അരവിന്ദന്റെ അച്ഛൻ വാങ്ങിക്കുന്നത്. പിന്നീട് വീതം വച്ചു വീതം വച്ച് ഭൂമി തുണ്ടം തുണ്ടമായി ഭാഗിക്കപ്പെട്ടു; വീട് മാത്രം നില നിന്നു. അവസാനത്തെ മകൻ അരവിന്ദനാണു വീട് കിട്ടിയത്.

ഭാഗം പൊളിച്ചും ചിലതൊക്കെ കൂട്ടിച്ചേർത്തും പല കാലങ്ങളിൽ പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്ന് ആദ്യകാഴ്ചയിൽ തന്നെ മനസ്സിലാകും. മുംബൈയിൽ നിന്ന് അവധിക്കു വരുമ്പോ ഴെല്ലാം തന്റെ നൊസ്റ്റാൾജിയകളെ താലോലിച്ചുകൊണ്ട് അരവിന്ദൻ ഈ വീട്ടിലാണു താമസം. അതിലെ തട്ടു പാകിയ മുറികളിലെ ഉറക്കത്തെക്കുറിച്ചും കുട്ടിക്കാലത്ത് തട്ടിൻപുറ ത്തെ കളികളെ കുറിച്ചും മുറ്റത്തും തൊടിയിലും കൂട്ടുകാർ ക്കൊപ്പം ചെലവഴിച്ച ബാല്യത്തെക്കുറിച്ചുമൊക്കെ പഴയ ഓർമകൾ അയവിറക്കി അദ്ദേഹം.

വീടിന്റെ അകത്തളത്തിലേക്ക് എന്നെയും ക്ഷണിച്ചു. വളരെ ഉയരം കുറഞ്ഞ തട്ടുകളും ചെറിയ വാതിലുകളും കുഞ്ഞു ജാലകങ്ങളും നിറഞ്ഞ നൂറ്റാണ്ടു പഴക്കമുള്ള ആ പഴയ ഇല്ലക്കെട്ടിനുള്ളിലേക്ക് ഞങ്ങൾ കയറി. നരിച്ചീറുകളും മരപ്പട്ടിയും മറ്റുമെല്ലാം സ്വൈരവിഹാരം ചെയ്യുന്നതിന്റെ ലക്ഷണങ്ങൾ ഞാൻ കണ്ടു. തട്ടിൻപുറത്തെ ജീർണിച്ച മേൽക്കൂരയ്ക്കിടയിൽ കടവാവലിന്റെ കാഷ്ഠം കൂമ്പാരമായി കിടന്നു. മാറാലയും പൊടിയും നിറഞ്ഞ ആ പുരാതന ഗൃഹത്തിനുള്ളിൽ എവിടെ നോക്കിയാലും ചിതൽപ്പുറ്റുകൾ. വാതിലുകളും ജനലുകളും ഏണിപ്പടികളും തട്ടിൻപുറവും എല്ലാം ചിതലിന്റെ അധീനതയിൽ. 60 ശതമാനത്തിലേറെ ചിതലരിച്ചുപോയ ആ പഴയകെട്ടിടം റിനോവേറ്റ് ചെയ്യുക യെന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് എനിക്കു മനസ്സി ലായി. അരവിന്ദന്റെ നൊസ്റ്റാൾജിയ നിറഞ്ഞു കവിയുന്ന ആ വീട് ഉപയോഗശൂന്യമാണെന്ന് അറിയിച്ചാൽ ഒരു പക്ഷേ അദ്ദേഹം എന്റെ ശത്രുവായേക്കാം. അദ്ദേഹത്തിന്റെ ഭാര്യയും ഒരു ബാല്യകാലസുഹൃത്തും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളുമാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. അവരൊക്കെ ഗൃഹനാഥന്റെ നൊസ്റ്റാൾജിയ മൂലം കഷ്ടപ്പെടുന്നതായി തോന്നി.

പുറത്തേക്കൊരു എക്സ്റ്റെൻഷൻ എടുത്ത് പഴയ കെട്ടിട ത്തിലെ വേണ്ടാത്ത ചായ്പുകള്‍ എടുത്തു മാറ്റി ഈ വീടു പരിഷ്കരിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരു നുണ പറഞ്ഞു. സമീപത്തിരുന്ന സഹധർമിണിയുടെ മുഖം ആശയറ്റു കാണപ്പെട്ടു. അവർ കൊണ്ടു വന്ന ചായയിൽ കടുപ്പം കൂടിയതും മധുരം കുറഞ്ഞതും അതിന്റെ പ്രതിഫലനമാ യിരുന്നു. ഞാനൊരു കവിൾ കുടിച്ചു. ഇനി ഇറങ്ങില്ലെന്നു റപ്പായി.

‘ക്ഷമിക്കണം, ചായ കുടിക്കരുതെന്ന ഡോക്ടറുടെ നിർദേശം മറന്നുപോയെ’ന്നു പറഞ്ഞ് ഞാൻ ആ കഷായച്ചായ മാറ്റിവച്ചു.

അരവിന്ദൻ അപ്പോഴും ആഹ്ലാദത്തിലാണ്. അദ്ദേഹത്തിന്റെ മനസ്സിലെ ഗൃഹാതുരത്വം തുളുമ്പി വഴിയുകയാണ്. ഈ വീട് റിനോവേറ്റ് ചെയ്തു കഴിഞ്ഞ് നിങ്ങളിവിടെ സ്ഥിരമായി താമസിക്കുമോ എന്ന എന്റെ ചോദ്യം അയാൾ പ്രതീക്ഷിച്ചില്ല. ഇല്ല, ഇനി പത്തുവർഷം കൂടി സർവീസ് ഉണ്ട്. വർഷത്തി ലൊരു മാസം ഞങ്ങൾ ഈ വീട്ടിൽ താമസിക്കും.’ ഒരുപാടു പണം ചെലവാക്കി താമസിക്കാൻ ആരുമില്ലാത്ത ഈ പുരാണ ഭവനം ജീർണോദ്ധാരണം നടത്തിയെന്നിരിക്കട്ടെ. വർഷത്തി ലൊരുമാസം നിങ്ങൾ താമസിക്കുകയും ബാക്കി പതിനൊന്നും മാസം ചിതലുകളും നരിച്ചീറുകളു കുടുംബജീവിതം നയിക്കു കയുമായിരിക്കും ഫലം എന്നു ഞാൻ പറഞ്ഞു.

അരവിന്ദനെ സംബന്ധിച്ചിടത്തോളം ഈ വീട് നിലനിർത്ത ണമെന്നാണ് അദ്ദേഹത്തിന്റെ അഭിലാഷം. ഉയരം കുറഞ്ഞ തെങ്കിലും നാലു കിടപ്പുമുറികൾ ലഭിക്കുമെന്നതാണ് അരവി ന്ദനെ അധികം സന്തോഷവാനാക്കുന്നത്. എന്നാൽ അസംഖ്യം ജീവികളുടെ കാഷ്ഠം നിറഞ്ഞ ഈ മുറികൾക്കുള്ളിൽ കഴിയേ ണ്ടിവരുന്ന ദുര്യോഗമോർത്ത് ഭാര്യയുടെയും മോളുടെയും മുഖത്ത് ഒരു ഞെട്ടല്‍ കാണായി.

എന്നാൽ ഭർത്താവിന്റെ നൊസ്റ്റാൾജിയയ്ക്കെതിരെ ഒന്നും സംസാരിക്കാൻ സാധിക്കാതെ അവർ നിശ്ശബ്ദയായി.

അരവിന്ദനോട് ഒരു ‘സെക്കൻഡ് ഓപ്ഷൻ’ പറയാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. ‘ഈ വീട് ഭൂരിഭാഗവും ചിതലരിച്ചതാണ്. തട്ടിന് വളരെ ഉയരം കുറവാണ്. മൺകട്ടകളാൽ പടുത്ത 250 വര്‍ഷത്തോളം പഴക്കമുള്ള ഈ വീട് പൊളിച്ചു മാറ്റുന്നതാ യിരിക്കും എന്തുകൊണ്ടും ഉചിതം. ഒപ്പം ചിതലരിക്കാത്ത മരയു രുപ്പടികൾ നല്ലതൊക്കെ കൂട്ടിച്ചേർത്ത് രണ്ടു കിടപ്പുമുറികൾ മാത്രമുള്ള പഴയ കേരളീയ ശൈലിയാർന്ന നീണ്ട വരാന്തയും പാർശ്വമുറ്റവുമുള്ള (side courtyard) ഒരു കുഞ്ഞുവീട് നമുക്കു വളരെ മനോഹരമായി പണിയാം. നൊസ്റ്റാൾജിയ തോന്നി പ്പിക്കുന്ന രീതിയിൽ മരങ്ങളെല്ലാം നിലനിർത്താം.

ഇതു കേട്ട അരവിന്ദന്‍ ‘നൊസ്റ്റാൾജിയ സിക്കീമിയ’ എന്ന ഒരു പുരാതന രോഗം പിടിപെട്ട് നിശ്ശബ്ദനായി. തകർക്കപ്പെട്ടു പോകുന്ന തന്റെ സ്വപ്നങ്ങളുടെ ചായ്പിൽ അദ്ദേഹം നിശ്ചലനായി.

‘അതാണ് നല്ലത്’.... ആഹ്ലാദം നിറഞ്ഞ ഒരു സ്ത്രീശബ്ദം പൗരാണികമായ ആ മൗനത്തെ ഭഞ്ജിച്ചു.

സുഹൃത്തും അതേറ്റു പറഞ്ഞു. അന്നുച്ചയ്ക്ക് അതു തീരു മാനമായി. മനസ്സില്ലാമനസ്സോടെ അരവിന്ദനും സമ്മതം മൂളി.

 

യാഥാർഥ്യബോധമില്ലാത്ത ഇത്തരം നൊസ്റ്റാൾജിയ കൊണ്ട് എന്താണു ഗുണം? ഇവിടെ നൊസ്റ്റാൾജിയ അരവിന്ദനു മാത്രമേ ഉള്ളൂ. ഇവിടെ ജനിക്കാത്ത, താമസിക്കാത്ത, ഭാര്യ യ്ക്കും മക്കൾക്കും ഇതൊരു പ്രേതാലയമാണ്. നല്ലൊരു ലിവിങ് സ്പെയ്സും സ്വപ്നം കാണുന്ന കുടുംബാംഗങ്ങൾ പലപ്പോഴും അരവിന്ദൻമാരുടെ ചിതലരിച്ച നൊസ്റ്റാൾജി യയ്ക്കു മുന്നിൽ നിസ്സഹായരാവുകയാണ്. ഇങ്ങനെയുള്ള അൻപതിലധികം അരവിന്ദൻമാരെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. കുറേപ്പേരെയെങ്കിലും ‘വത്മീക’ത്തിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com