sections
MORE

5 മലയാളി വീട്ടുകാർക്ക് പറ്റിയ അബദ്ധങ്ങൾ; ഇത് നിങ്ങൾക്ക് ഗുണപാഠമാകണം

malayali-house-mistake
SHARE

പലരും പറയുന്ന ഒരു കാര്യമുണ്ട്. ‘ഇനി ഒരു വീടു കൂടി പണിയാൻ അവസരം കിട്ടിയാൽ പറ്റിയ അബദ്ധങ്ങളൊക്കെ ഒഴിവാക്കി കുറ്റമറ്റ ഒരു വീടു പണിയാമായിരുന്നു’ എന്ന്. വീടുപണിയുടെ തിരക്കിലും ടെൻഷനിലും നമ്മൾ ശ്രദ്ധിക്കാനിടയില്ലാത്ത ചില കാര്യങ്ങൾ ഭാവിയിൽ വൻ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. അനുഭവപാഠങ്ങൾക്ക് മാറ്റു കൂടും. അതുകൊണ്ട് ഇത്തവണ കുറച്ച് അനുഭവകഥകളാകാം. നമ്മുടെ മുന്നൊരുക്കങ്ങൾ എത്ര കൂടുന്നോ അത്ര കണ്ട് അമളികളുടെ എണ്ണവും കുറയും.

1 വെള്ളമടിക്കും; പക്ഷേ, നിറയില്ല

പുതിയ വീടു പണിതു സന്തോഷത്തോടെ താമസം തുടങ്ങി. പക്ഷേ, രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ സന്തോഷം സങ്കടമായി മാറി. കാരണം, മോട്ടോർ ഓൺ ചെയ്ത് ഒന്നുരണ്ട് മണിക്കൂർ കഴിയുമ്പോഴേക്കും വെള്ളം തീരുന്നു. ഇതെന്തു മറിമായം? പ്രേതബാധയാണോ എന്നുവരെ തോന്നി.

പിന്നെയാണ് ഞങ്ങള്‍ ആ സത്യം തിരിച്ചറിഞ്ഞത്. പൈപ്പ്‌ലൈനിൽ എവിടെയോ ചോർച്ചയുണ്ട്. പണിത കോൺട്രാക്ടറെ തന്നെ വിളിച്ചു. പക്ഷേ, വീടുപണി കഴിഞ്ഞ സ്ഥിതിക്ക് ഇത്രയും ചെറിയ പണിക്ക് അവർക്കു താൽപര്യമുണ്ടാകില്ലല്ലോ ! ഫുൾകോൺട്രാക്ട് നൽകിയതു കാരണം ഞങ്ങൾക്കാണെങ്കിൽ പണിയെക്കുറിച്ചു കൂടുതൽ നിശ്ചയവുമുണ്ടായിരുന്നില്ല. പിന്നെ, പല പണിക്കാര്‍ മാറി മാറി വന്നു ചോർച്ച മാറ്റാന്‍ നോക്കി. പൈസ പോയതല്ലാതെ ഒരു രക്ഷയുമുണ്ടായില്ല. ഒരു കൂട്ടർ വന്ന് കോൺക്രീറ്റ് കുറേ കുത്തിപൊളിച്ചിട്ടു. ചോർച്ച എവിടെ നിന്നാണെന്ന് എന്നിട്ടും കണ്ടുപിടിക്കാന്‍ പറ്റിയില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ മുറ്റത്തു കൂടി പോകുന്ന പൈപ്പിലാണ് ചോർച്ച എന്നു കണ്ടെത്തി. ഫാഷനു വേണ്ടി മുറ്റത്തു മുഴുവൻ പേവിങ് ടൈൽ ഇട്ടിരുന്നതിനാൽ അതു മാറ്റിയിട്ടാണ് പൈപ്പ് ലൈനിലേക്ക് എത്തിപ്പെട്ടത്. അങ്ങനെ ഒടുവിൽ ഒരുവിധത്തിൽ രക്ഷപ്പെട്ടെന്നു പറഞ്ഞാൽ മതിയല്ലോ.

2. പൊല്ലാപ്പായ പെബിൾസ്

മൂന്ന് കൊല്ലം മുമ്പാണ് വീടുപണിതത്. വീടിനുള്ളിൽ പെബിള്‍സ് ഇടുന്നത് ഫാഷനായി തുടങ്ങിയ കാലം. നാടോടുമ്പോൾ നടുവേ ഓടണമല്ലോ. അങ്ങനെയാണ് പുതിയ വീട്ടിൽ ഒരു സൈഡ് കോർട്‌യാർഡ് പണിത് അതിനുള്ളിൽ വെള്ള പെബിൾസ് ഇടുന്നത്. വീടു കാണാൻ വന്നവർ അഭിനന്ദിച്ചപ്പോൾ ഞങ്ങളുടെ മനസ്സും കുളിർന്നു. ആദ്യമൊക്കെ നല്ല ഭംഗിയായിരുന്നു. ഞാനും ഭാര്യയും മുഖത്തോടു മുഖം നോക്കി നാടോടിക്കാറ്റിലെ വിജയനെയും ദാസനെയും പോലെ ‘നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്’ എന്നു മനസ്സിൽ പറഞ്ഞു.

എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പെബിൾസിൽ അഴുക്കു പുരണ്ട് വൃത്തികേടായി. വൃത്തിയാക്കാൻ ചില്ലറ പാടൊന്നുമല്ല പെട്ടത്. ഓരോന്നായി ഉരച്ചു കഴുകേണ്ടി വന്നു. വീണ്ടും കുറച്ചു നാൾ കഴിഞ്ഞപ്പോൾ തനിയേ അഴുക്കായി. രണ്ടുമൂന്നു വൃത്തിയാക്കലുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്കു മതിയായി. വെള്ളയായതു കൊണ്ട് പെട്ടെന്ന് അഴുക്കു പിടിക്കും. പെബിൾസ് മാറ്റി അവിടെ കൃത്രിമപ്പുൽത്തകിടി വിരിച്ചു. അത് ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ പൊടി അടിയുമെങ്കിലും പെബിൾസിന്റെയത്ര ബുദ്ധിമുട്ടില്ല. കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിക്കുക എന്നു കേട്ടിട്ടേയുള്ളൂ. ഞങ്ങള്‍ ആ അവസ്ഥ അക്ഷരാർഥത്തിൽ അനുഭവിച്ചറിഞ്ഞു.

3. പർഗോള എന്ന നൂലാമാല

ഏറ്റുമാനൂരിനടുത്താണ് വീട്. ഞാനും ഭാര്യയും ഡോക്ടര്‍മാരാണ്. ജോലിസംബന്ധമായ സൗകര്യത്തിനു വേണ്ടി പട്ടണത്തിൽ താമസിക്കേണ്ടതുകൊണ്ട് പഴയ വീട് വാങ്ങി പുതുക്കിപ്പണിയുകയായിരുന്നു. പുതിയ സ്റ്റൈലിനനുസരിച്ച് വീടിനെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി പർഗോള നിർമിച്ച് പോളികാർബണേറ്റ് ഷീറ്റ് ഇട്ടു. ഇപ്പോഴത്തെ വീടുകളിൽ ഒഴിച്ചുകൂടാനാവാത്തതാണല്ലോ പർഗോള. ഇനി ഞങ്ങളായിട്ട് കുറയ്ക്കേണ്ട എന്നു കരുതി. പക്ഷേ, അതൊരു ഒന്നൊന്നര പണിയാകും എന്നു കരുതിയില്ല. വീടിനു പിറകിലെ പർഗോളയുടെ പോളികാർബണേറ്റ് ഷീറ്റ് തേങ്ങ വീണപ്പോൾ പൊട്ടിപ്പോയി. അങ്ങനെ അതുമാറി പൊട്ടാത്ത സോളിഡ് ഷീറ്റ് ഇട്ടു. അകത്ത് സ്കൈലൈറ്റ് ഓപനിങ്ങിനു മുകളിലും പോളികാർബണേറ്റ് ഷീറ്റ് ഇട്ടിട്ടുണ്ട്. പക്ഷേ, പായൽ പിടിച്ച് ഇത് വൃത്തികേടായി. വൃത്തിയാക്കാൻ പ്രയാസവും. മുകളിൽ കയറി വൃത്തിയാക്കാൻ ജോലിത്തിരക്കിനിടെ എവിടെ സമയം?

4. ചൂടൻ ഗ്ലാസ്

ഞങ്ങള്‍ വിദേശത്തായിരുന്നു കുറച്ചുകാലം. അവിടെ കണ്ട വീടുകളോടുള്ള ഇഷ്ടക്കൂടുതൽ കാരണം, നാട്ടിൽ വീടു പണിതപ്പോൾ അത്തരമൊരു വീടു തന്നെ മതി എന്നു ഞങ്ങൾ തീരുമാനിച്ചു. കന്റെംപ്രറി ശൈലി എന്ന പേരിൽ വിദേശ രീതിയിലുള്ള വീടുകൾ അപ്പോഴേക്കും നാട്ടിലും ട്രെന്‍ഡ് ആയി മാറിയിരുന്നു. വീടു പണിയാൻ നല്ല ഒരു ആർക്കിടെക്ടിനെയും കണ്ടെത്തി. കന്റെംപ്രറി ശൈലിയുടെ അവിഭാജ്യ ഘടകമാണ് ഗ്ലാസ് എന്നാണല്ലോ വയ്പ്. അങ്ങനെ ഗ്ലാസ് ഒക്കെ ഇട്ട് സ്റ്റൈലായി പ്രതീക്ഷയ്ക്കൊത്ത് ഞങ്ങളുടെ സ്വപ്നഭവനം പണിതീരുകയും ചെയ്തു. പക്ഷേ, നിർഭാഗ്യവശാൽ തെക്കുപടിഞ്ഞാറു വശത്തെ ചുവരുകൾക്കാണ് ഗ്ലാസ് നൽകിയത്. അതുകൊണ്ടെന്താ സംഭവിച്ചത് എന്നു വച്ചാൽ കാണാൻ കിടിലനാണെങ്കിലും ചൂടു കാരണം വീട്ടില്‍ ഇരിക്കപ്പൊറുതിയില്ല. വിദേശ കാലാവസ്ഥയും നമ്മുടേതും വ്യത്യാസമുണ്ടല്ലോ. അവിടെ തണുപ്പിൽ ഗ്ലാസ് ഇടുന്നതു കുഴപ്പമില്ല. അതുപോലാണോ ഇവിടെ?

വെറുതേ കണ്ണുമടച്ച് അനുകരിക്കാതെ നമ്മുടെ കാലാവസ്ഥയ്ക്കനുസരിച്ച് പണിതില്ലെങ്കിൽ 'പണി'കിട്ടും. പണികിട്ടിക്കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് വെയിൽ അടിക്കുന്നതനുസരിച്ചു വേണം ഗ്ലാസിന്റെ സ്ഥാനം തീരുമാനിക്കാൻ. ഭംഗിയേക്കാളുപരി ഉപയോഗത്തിനാണ് ആർക്കിടെക്ടുമാർ മുൻതൂക്കം നൽകേണ്ടത്.

5. ഇനി എന്തു ചെയ്യും?

ഒരു വർഷം പോലുമായില്ല പുതിയ ഫ്ലാറ്റിലേക്ക് മാറിയിട്ട്. ലിവിങ് റൂമിനെയും ഡൈനിങ് റൂമിനെയും വേർതിരിക്കാനുള്ള പാർട്ടീഷനായി വെർട്ടിക്കൽ ഗാർഡൻ ആണ് നൽകിയത്. വീടിനുള്ളിൽ പച്ചപ്പ് വേണമെന്ന ആഗ്രഹവും വെർട്ടിക്കൽ ഗാർഡൻ ട്രെൻഡുമാണല്ലോ എന്നു വിചാരിച്ചാണ് ഈ പരിപാടിക്ക് ഇറങ്ങി പുറപ്പെട്ടത്. പക്ഷേ, ഇതു നമുക്കു പറ്റിയ പണിയല്ല എന്നു മനസ്സിലായി. ഞാനും ഭാര്യയും ജോലിക്കാരാണ്. വെർട്ടിക്കൽ ഗാർഡന് കൃത്യമായ പരിചരണം വേണം. അതിനു കഴിയില്ലെങ്കിൽ ആ പണിക്കു പോകാതിരിക്കുന്നതായിരുന്നു നല്ലത്. ആദ്യം ഒരു പ്രാവശ്യം ചെടികൾ ഉണങ്ങിപ്പോയി. വീടിനകത്തായതിനാൽ കാഴ്ചയ്ക്കു ഭയങ്കര വൃത്തികേടാണ്. അതിനാല്‍ വീണ്ടും സെറ്റ് ചെയ്തു. അത്യാവശ്യം പൈസച്ചെലവുള്ള പണിയാണ് ഇത്. രണ്ടാമത് വീണ്ടും ചെടികൾ നശിച്ചുപോയി. ഇനിയിപ്പോ അവിടെ എന്തു ചെയ്യുമെന്ന ചിന്തയിലാണ് ഞങ്ങൾ.

English Summary- Malayali House Mistakes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA