sections
MORE

വീട്ടിൽ കുഞ്ഞുങ്ങളുണ്ടോ? കണ്ണുതെറ്റാതെ നോക്കാൻ ഈ ഉപകരണങ്ങൾ

baby-monitor
SHARE

ചെറിയ കുഞ്ഞുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഒരല്‍പം ശ്രദ്ധ കൂടുതല്‍ ആവശ്യമാണ്‌ എന്നറിയാമല്ലോ ? പലപ്പോഴും നമ്മുടെ ചെറിയ അശ്രദ്ധ കൊണ്ടാകും കുഞ്ഞുങ്ങള്‍ക്ക് അപകടം സംഭവിക്കുക. രണ്ടു വയസ്സ് വരെയുള്ള കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ക്ക് ആണ് ഏറ്റവും കൂടുതല്‍ പണി. കുഞ്ഞ് കയ്യിൽ കിട്ടുന്നതെന്തും എടുത്ത് വായിൽ വയ്ക്കുന്ന ശീലം ഈ പ്രായത്തിലാണ് കൂടുതൽ. കുഞ്ഞുങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇന്ന് നിരവധി ഉപകരണങ്ങള്‍ വിപണിയിലുണ്ട്. അത്തരം ചില ഉപകരണങ്ങളെ അടുത്തറിയാം.

ബേബി മോണിട്ടര്‍ - വികസിത രാജ്യങ്ങളില്‍ കൂടുതായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ബേബി മോണിട്ടര്‍. കുഞ്ഞിന്റെ കളിചിരികള്‍, കരച്ചില്‍ ഇവയൊക്കെ നിങ്ങളുടെ സ്മാര്‍ട് ഫോണിലോ, ടാബിലോ മുറികളില്‍ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിലോ കാണുകയോ കേള്‍ക്കുകയോ ചെയ്യാം. ഒപ്പം കുഞ്ഞിനോട് നമ്മള്‍ക്കും സംസാരിക്കാം. ഇന്ന് ഇന്ത്യയില്‍ പല ഓണ്‍ലൈന്‍ സൈറ്റുകളിലും ബേബി മോണിട്ടര്‍ ലഭ്യമാണ്. രണ്ടായിരം രൂപ മുതലുള്ളവ ഇപ്പോള്‍ ലഭിക്കും.

baby-monitor-bed

സ്റ്റെയര്‍ ഗാര്‍ഡ് - പടികെട്ടുകള്‍ കുഞ്ഞുങ്ങള്‍ ഓടി കയറി വീഴുന്നത് സാധാരണമാണ്. കണ്ണൊന്നു തെറ്റിയാല്‍ മതി ഓടി പടി കയറാനും വീഴാനും. ഇത് തടയാന്‍ ഉള്ളതാണ് സ്റ്റെയര്‍ ഗാര്‍ഡ്. 3000 രൂപ മുതലുള്ള സ്റ്റെയര്‍ ഗാര്‍ഡ് ഇന്ന് ലഭ്യമാണ്.

ഡ്രോയര്‍ ക്യാച്ചേഴ്‌സും കാബിനറ്റ് ലോക്ക്‌സും- കുഞ്ഞികൈ ചെന്നെത്താത്ത സ്ഥലങ്ങള്‍ കുറവാകും. എന്ത് എപ്പോള്‍ ആണ് എടുക്കുക എന്ന് പറയുക വയ്യ. മേശവലിപ്പുതുറന്നു അതിനുള്ളിലെ മരുന്നുകള്‍ എടുക്കുകയോ കത്തിയും മറ്റു എത്തിപിടിച്ച്‌ എടുക്കുകയോ ഒക്കെ ചെയ്യുക സാധാരണം. ഇതിനു തടയിടാന്‍ ആണ് മേൽപ്പറഞ്ഞവ. സിമ്പിളായി ലോക്ക് വീഴുന്ന കാബിനറ്റ് ലോക്കുകള്‍ വിപണിയിലുണ്ട്. മരുന്നുകള്‍, ക്ലീനിങ് ലോഷനുകള്‍, കത്തികള്‍ ഇവയൊക്കെ ഡ്രോയറില്‍ വച്ച് ലോക്ക് ചെയ്‌താല്‍ കുഞ്ഞിനു എടുക്കാന്‍ സാധിക്കില്ല. ഒപ്പം ഫ്രിഡ്ജ്‌ , അലമാര എന്നിവയും ലോക്ക് ചെയ്യാം. 

baby-monitor-drawer

എഡ്ജ് ക്യാപ്പ് - മേശയുടെ മൂലകളില്‍ കുഞ്ഞിതല മുട്ടി കരയാതെ ഇരിക്കാന്‍ ആണ് ടേബിള്‍ എഡ്ജ് ക്യാപ്പ്സ്. ഇന്ന് കടകളില്‍ പോലും ഇവ സർവസാധാരണമായി ലഭിക്കും. ഇരുനൂറു രൂപയില്‍ താഴെയെ വില ആകൂ.

ടോയിലറ്റ് ലോക്ക്സ്- കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ഇടമാണ് ബാത്ത്റൂം. വെള്ളത്തില്‍ കളിക്കാൻ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങള്‍ ഉണ്ടോ ? എന്നാല്‍ കണ്ണൊന്നു തെറ്റിയാല്‍ അപകടം സംഭവിക്കാവുന്ന ഇടം കൂടിയാണ് ഇത്. ഇതൊഴിവാക്കാന്‍ ടോയിലറ്റ് അടപ്പ് താഴ്ത്തിവച്ച് ടോയിലറ്റ് ലോക്ക് വച്ചാല്‍ മതി.  ഫ്‌ളഷ് ബട്ടണ്‍ ലോക്കുകള്‍ മറ്റൊരു വഴിയാണ്. ടബില്‍ വെള്ളമെത്തിക്കുന്ന പൈപ്പിനും ലോക്ക് ആവശ്യമാണ്.

കോര്‍ഡ്‌ലെസ് വിന്‍ഡോ കവറിംഗ് - കളിക്കുന്നതിനിടെ കര്‍ട്ടന്റെ കോര്‍ഡുകള്‍ കഴുത്തില്‍ കുരുങ്ങിയുള്ള അപകടങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇതൊഴിവാക്കാന്‍ ആണ് കോര്‍ഡ്‌ലെസ് വിന്‍ഡോ കവറിംഗ്. ഓണ്‍ലൈനില്‍ 1000 രൂപയ്ക്ക് മുകളിലേയ്ക്കാണ് വില. 

വെര്‍ച്വല്‍ നൈറ്റ് നാനി- നമ്മുടെ നാട്ടില്‍ അധികം പ്രചാരത്തില്‍ ആയി വന്നിട്ടില്ലാത്ത ഒന്നാണ് വെര്‍ച്വല്‍ നൈറ്റ് നാനി. അമ്മയും അച്ഛനും വേറെ മുറിയില്‍ ആണ് കിടക്കുന്നതെങ്കില്‍ ഇരുട്ടില്‍ അവരുടെ ചലനങ്ങള്‍ ഓരോന്നായി ഈ നാനി നിരീക്ഷിച്ച് നമ്മുടെ സ്മാര്‍ട്‌ഫോണില്‍ അപ്‌ഡേറ്റുകള്‍ തരും. ഒപ്പം അവര്‍ക്കിഷ്ടമുള്ള പാട്ട് വച്ചുകൊടുക്കാനും കഥ പറഞ്ഞു കൊടുക്കുകയും ചെയ്യും.

baby-monitor-window

വിന്‍ഡോ ഗാര്‍ഡ് - ജനലഴികളിലൂടെ കുട്ടികള്‍ക്ക് അപകടം സംഭവിക്കാതെ നോക്കാന്‍ ആണ് വിന്‍ഡോ ഗാര്‍ഡ് സഹായിക്കുക. വാതിലുകള്‍ അടഞ്ഞു കുഞ്ഞികൈകള്‍ക്ക് പരിക്ക് പറ്റാതെ ഇത് കാക്കും. പലതരം വിന്‍ഡോ ഗാര്‍ഡുകള്‍ ഇന്ന് ലഭ്യമാണ്. 200 മുതല്‍ 4000 രൂപ വരെ വിലയുള്ള ലോക്കുകള്‍ ലഭിക്കും.

English Summary- Baby Monitor Equipments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA