sections
MORE

വീടുപണി- കീശ കാലിയാകാതെ സിമന്റ് വാങ്ങാം; അറിയേണ്ട കാര്യങ്ങൾ

cement-house
SHARE

വീടുപണിയുടെ ചെലവ് റോക്കറ്റ് പോലെ വർധിക്കാൻ കാരണമായ ഒരു നിർമാണസാമഗ്രിയാണ് സിമന്റ്. ഇതിന്റെ വിപണിവിലയിലെ കയറ്റിറക്കങ്ങൾ സാധാരണക്കാരന്റെ പോക്കറ്റിൽ തുള ഉണ്ടാക്കാറുണ്ട്. കല്ലും ഇഷ്ടികയും തടിയുമെല്ലാം തിരഞ്ഞെടുക്കുന്നതു പോലെ സിമന്റ് തിരഞ്ഞെടുക്കാൻ അറിയുമോ? ഇല്ല എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാൽ സിമന്റിന്റെ സവിശേഷതകൾ അറിയുന്നത് ചെലവു കുറയ്ക്കാൻ മാത്രമല്ല, കെട്ടിടത്തിന്റെ ബലവും ഈടും ഉറപ്പു വരുത്താനും സഹായിക്കും.

പോർട്‍ലാൻഡും പൊസോലാനയും

cement-house-construction

പോർട്‍ലാൻഡ് പൊസോലാന സിമന്റ് (portland pozzolana cement) ആണ് ഇപ്പോൾ വിപണിയിൽ സാധാരണ ലഭിക്കുന്നത്. കുറച്ചു ദശകങ്ങൾ മുമ്പു വരെ ഓർഡിനറി പോർട്‍ലാൻഡ് സിമന്റ് (opc) ആയിരുന്നു. കെട്ടിടനിർമാണരംഗത്ത് ഉപയോഗിച്ചിരുന്നത്. ഈ സിമന്റിന്റെ നിർമാണത്തിനു വേണ്ട ചില ഘടകങ്ങൾ പ്രതിസന്ധികൾ നേരിടുന്നതിനാൽ ഒപി സിമന്റിന് ചെലവ് വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഫ്ലൈആഷ് പോലുള്ള ‘പോസോലാൻഡ്’ ചേർത്ത ഉപയോഗക്ഷമത കൂടുതലുള്ള പോർട്‍ലാൻഡ് പൊസോലാന സിമന്റ് ആണ് വീടുപണിയുന്നവർക്ക് ഏറ്റവും യോജിച്ചത്.

ഏതു ഗ്രേഡ് സിമന്റ് ?

cement

43,53 എന്നിങ്ങനെ പല ഗ്രേഡ് സിമന്റിനെക്കുറിച്ചു കേട്ടിട്ടുണ്ടാകും. സിമന്റ് സെറ്റ് ചെയ്ത് 28 ദിവസത്തിനുശേഷമുള്ള അതിന്റെ ‘കംപ്രഷൻ സ്ട്രെങ്ത്’ ആണ് ഗ്രേഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. തരി വലുപ്പമനുസരിച്ചാണ് ഗ്രേഡ് തിരിക്കുന്നത്. പണ്ടു കാലത്ത് 33 ഗ്രേഡ് സിമന്റായിരുന്നു ഉപയോഗിച്ചിരുന്നത്.

43,53 ഗ്രേഡ് സിമന്റാണ് നിർമാണങ്ങൾക്ക് കൂടുതൽ ഉപയോഗിക്കുന്നത്. തരിവലുപ്പം കുറയുംതോറും സിമന്റിന്റെ റിയാക്ഷൻ കൂടുതൽ ആയിരിക്കും. റിയാക്ഷൻ കൂടുമ്പോൾ കൂടുതൽ ചൂട് പുറത്തേക്കു തള്ളും. വാർക്കാൻ 53 ഗ്രേഡ് ഉപയോഗിക്കാറുണ്ട്. 53 ഗ്രേഡ് സിമന്റ് 43 ഗ്രേഡ് സിമന്റിനെ അപേക്ഷിച്ച് പെട്ടെന്ന് സെറ്റ് ചെയ്യും. അതുകൊണ്ടു തന്നെ, 53 ഗ്രേഡ് സിമന്റ് ഉപയോഗിച്ചു വാർക്കുമ്പോൾ പൊളിത്തീൻ ഷീറ്റോ ടാർപോളിനോ ഉപയോഗിച്ച് വാർത്ത ഭാഗം അപ്പപ്പോൾ മൂടണം. 

പ്ലാസ്റ്ററിങ്, നോൺ ആർസിസി വർക്ക് പോലുള്ള സമയമെടുത്തു ചെയ്യുന്ന ജോലികൾക്ക് 43 ഗ്രേഡ് സിമന്റ് മതി. 43 ഗ്രേഡ് സിമന്റിന് സെറ്റിങ് ടൈം കൂടുതല്‍ ഉള്ളതിനാൽ ക്യുവറിങ് സാധാരണത്തേതു പോലെ മതി. കേരളത്തിലെ ഈർപ്പത്തിന്റെ സാന്നിധ്യമുള്ള കാലാവസ്ഥ ഇതിന്റെ പ്രവർത്തനത്തിന് സഹായകരവുമാണ്.

ചേർക്കാം അ‍ഡ്മിക്സ്ചർ

ഈ സിമന്റിന്റെ പ്രത്യേകത വെള്ള ചേർക്കുമ്പോൾ ശരിയായ രീതിയിൽ കുഴയുമെങ്കിലും രണ്ടോ മൂന്നോ മിനിറ്റിൽ ബലം (stiff) വയ്ക്കും എന്നതാണ്. അതുകൊണ്ടു തന്നെ ജോലിക്കാർക്ക് കൈകാര്യം ചെയ്യാൻ എളുപ്പമാകില്ല. സ്വാഭാവികമായും കൂടുതൽ വെള്ളം ചേർക്കുകയും സിമന്റ്– വെള്ളം അനുപാതം വ്യത്യാസപ്പെടുകയും ചെയ്യും. ഇത് കോൺക്രീറ്റിന്റെ ഗുണമേന്മയെ നേരിട്ടു ബാധിക്കും. സിമന്റ് കൂട്ടുമ്പോൾ ചില പ്രത്യേക ചേരുവകൾ (admixture) ചേർത്ത് സിമന്റിന്റെ ബലംവയ്ക്കൽ സ്വഭാവം മാറ്റിയെടുക്കാം. ‘പ്ലാസ്റ്റിസൈസർ(plasticizer) അല്ലെങ്കിൽ സൂപ്പർ പ്ലാസ്റ്റിസൈസർ എന്നാണ് ഇവ അറിയപ്പെടുന്നത്. വലിയ വിലയൊന്നുമില്ലാത്ത, ചെറിയ ബോട്ടിൽ പ്ലാസ്റ്റിസൈസർ പണി എളുപ്പമാക്കും. കെട്ടിടത്തിന്റെ ഈടും ഉറപ്പും കൂട്ടും.

ഇത്തരം ചില കാര്യങ്ങളിൽ ശ്രദ്ധ കാണിച്ചാൽ ചെലവ് കുറയ്ക്കുന്നതിനൊപ്പം കോൺക്രീറ്റ് കെട്ടിടങ്ങളുടെ ചോർച്ചയും പ്രശ്നങ്ങളും വലിയൊരു ശതമാനം കുറയ്ക്കാനും സാധിക്കും.

English Summary- Selecting Cement for Construction; Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA