ADVERTISEMENT

ഫ്ളാറ്റിലുണ്ടാകുന്ന മാലിന്യങ്ങൾ പ്രധാനമായും മൂന്ന് വിധത്തിൽ തരംതിരിക്കാൻ പറ്റും. അതിലൊന്ന് അഴുകുന്ന മാലിന്യങ്ങളാണ്. ഫുഡ് വേസ്റ്റ്, പച്ചക്കറി, മത്സ്യങ്ങൾ, അധികം വരുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്നിവ േചർന്ന അഴുകുന്ന മാലിന്യങ്ങൾ. അതൊരു ബക്കറ്റിനകത്ത് ശേഖരിക്കാൻ പറ്റും.

 

 

രണ്ടാമത് പേപ്പർ കഷ്ണങ്ങൾ, സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന മെറ്റൽ, അലുമിനിയം ഫോയിലുകൾ, പ്ലാസ്റ്റിക്ക് കവറുകൾ എന്നിവയൊക്കെ ചേര്‍ന്ന അഴുകാത്ത മാലിന്യങ്ങളാണ്. മൂന്നാമത് ഇലക്ട്രോണിക് വസ്തുക്കൾ, ബാറ്ററികൾ, ബൾബുകൾ, ഉപയോഗിച്ച ശേഷം അധികം വരുന്ന മരുന്നുകൾ, മരുന്ന് കുപ്പികൾ എന്നിവയാണ്. ഇതൊക്കെ അപകടം ഉണ്ടാക്കുന്ന മാലിന്യങ്ങളാണ്. ഇതൊക്കെ കുട്ടികളുടെ കൈയെത്താത്തിടത്ത് ശേഖരിച്ച് വയ്ക്കുക.

 

അങ്ങനെ മൂന്ന് തരത്തിൽ നമുക്ക് മാലിന്യങ്ങളെ തരംതിരിച്ച് ശേഖരിക്കാനാകും. ഇതിൽ അഴുകുന്ന മാലിന്യം അന്നന്നു തന്നെ സംസ്കരിച്ചേ മതിയാവൂ. ഇനി ഫ്ളാറ്റുകളെല്ലാം ചേർന്ന് കോമൺ ആയിട്ടുള്ള സംവിധാനം ഒരുക്കാൻ പറ്റും. ഫ്ളാറ്റിന്റെ മുകളിൽ ഒരു ചെറിയ ഷെഡ് കെട്ടി ബയോബിന്നുകൾ വയ്ക്കാം.

 

ഇപ്പോൾ ഒരു ദിവസം 50 കിലോ വരെ ഇടാൻ പറ്റുന്ന ബയോബിന്നുകൾ ഉണ്ട്. രണ്ട് ബയോബിന്നുകൾ വച്ചു കഴിഞ്ഞാൽ 50 കിലോ വരെയുണ്ടാകുന്ന വേസ്റ്റ് അതിനകത്ത് കൈകാര്യം ചെയ്യാൻ പറ്റും. സാധാരണ ഫ്ളാറ്റുകളിൽ സര്‍വീസിനു വേണ്ടിയുള്ള തൊഴിലാളികളെ പരിശീലിപ്പിച്ച് ചെയ്യാവുന്ന കാര്യമേ ഉള്ളൂ. എല്ലാ ദിവസവും വീട്ടിൽ നിന്ന് മാലിന്യം സ്വീകരിച്ചുകൊണ്ട് വരിക. ഇത് തരംതിരിച്ച് ഫ്ളാറ്റിന്റെ മുകളിൽ ഷെഡിൽ ബയോബിൻ വച്ച് അതിൽ ഇട്ട് ഇനോക്കുലം തളിച്ച് വയ്ക്കുന്നു. എല്ലാ രണ്ടും മൂന്നും ദിവസം കഴിയുമ്പോഴും ഒന്നിളക്കി കൊടുത്താൽ കമ്പോസ്റ്റിംഗ് പ്രക്രിയ വേഗത്തിലാവും.

 

മാലിന്യ സംസ്കരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം മാലിന്യം വേർതിരിച്ച് സംഭരിക്കുക എന്നതാണ്. കാരണം ഓരോ മാലിന്യത്തിനും ഓരോ സ്വഭാവമാണ്. അഴുകുന്ന മാലിന്യമാണെങ്കിൽ അത് കമ്പോസ്റ്റ് ആക്കാൻ എളുപ്പമുണ്ട്. അഴുകുന്ന മാലിന്യങ്ങൾ കഴിയുന്നതും 24 മണിക്കൂറിനകം കൈകാര്യം ചെയ്യപ്പെടണം. മാലിന്യം അപ്പാർട്മെന്റിൽ വച്ചുതന്നെ ചൂടാക്കി അതിനെ പൊടിച്ച് വളമാക്കി ഉപയോഗിക്കുന്ന ഒരു സംവിധാനം ഇപ്പോൾ പുതിയതായി ഇറക്കുമതി ചെയ്യുന്നുണ്ട്.

 

രണ്ടാമത് പ്ലാസ്റ്റിക് വസ്തുക്കളാണ്. പേപ്പർ, പ്ലാസ്റ്റിക്, മെറ്റൽ മുതലായ വസ്തുക്കൾ ഉണ്ടാവാം. ഇതെല്ലാം ചേർത്ത് ഒരു ബക്കറ്റിൽ സൂക്ഷിക്കുകയും ഫ്ളാറ്റിൽ ഇതിന്റെ ഉത്തരവാദിത്തമുള്ളവരെ അത് ഏൽപിക്കുകയും ചെയ്യുക. അവരിത് ശേഖരിച്ചു വച്ച് അടുത്തു തന്നെയുള്ള ഹരിതകർമസേന അല്ലെങ്കിൽ സ്ക്രാപ് ഡീലേഴ്സിനു കൈമാറുന്നു.അവരിത് കൊണ്ടു പോയി റീസൈക്കിൾ ചെയ്യുന്നവർക്ക് വിൽക്കുന്നു.

 

മൂന്നാമത്തേതാണ് അപകടം ഉണ്ടാക്കുന്ന മാലിന്യങ്ങൾ. ഉദാഹരണത്തിന് ബാറ്ററി, ട്യൂബ് ലൈറ്റ്, മെഡിക്കൽ മാലിന്യങ്ങൾ, ഇ-മാലിന്യങ്ങൾ എന്നിവ. അതും കാലാകാലങ്ങളായി മാറ്റേണ്ടതുണ്ട്. അത് സൂക്ഷിച്ച് വയ്ക്കുക. ഒരുവീട്ടിൽ വളരെ കുറച്ച് മാലിന്യം മാത്രമേ അത്തരത്തിലുണ്ടാവാൻ സാധിക്കൂ. ഇങ്ങനെയുള്ള മാലിന്യങ്ങൾ ഹരിത കർമ്മസേനവഴിയോ സ്ക്രാപ് ഡീലേഴ്സും ആയിട്ടുള്ള കോൺട്രാക്ട് വഴി മാറ്റാവുന്നതാണ്.

 

ഇനി ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നൊരു വസ്തുവുണ്ട്-സാനിറ്ററി നാപ്കിൻ. ഇത് ടോയ്‍ലറ്റ് വഴി ഡിസ്പോസ് ചെയ്യുന്നത് അപകടകരമാണ്. പൈപ്പുകളൊക്കെ ബ്ലോക്ക് ആക്കാൻ കാരണമാകും. അതുകൊണ്ട് നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ പ്രത്യേകം ശേഖരിച്ചു സംസ്കരിക്കാനായി ഫ്ലാറ്റുകളിൽ സൗകര്യം ഏർപ്പെടുത്തേണ്ടതാണ്. ഇവ ശേഖരിച്ച ശേഷം സുരക്ഷിതമായി കത്തിച്ചു കളയാനായി ഇൻസിനറേറ്ററും ഉപയോഗിക്കാവുന്നതാണ്.

 

വിവരങ്ങൾക്ക് കടപ്പാട്

 

ഡോ. ആർ. അജയകുമാർ വർമ്മ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com