sections
MORE

പേടിസ്വപ്നമായി മരട്; കുരുക്കില്ലാതെ ഇനി എങ്ങനെ ഫ്ലാറ്റ് വാങ്ങും? അറിയേണ്ട കാര്യങ്ങൾ

jain-from-water-level
SHARE

തീരദേശപരിപാലന നിയമം ലംഘിച്ചതിന്  മരടിലെ മൂന്നു ഫ്ലാറ്റുകൾ കുരുക്കിൽപ്പെട്ടതും ഒടുവിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തതുമെല്ലാം ദേശീയ ശ്രദ്ധ നേടിയിരുന്നല്ലോ..ഇപ്പോൾ ഫ്ലാറ്റ് വാങ്ങുക എന്നുകേട്ടാലേ മലയാളികൾക്ക് ചങ്കിടിപ്പാണ്. എവിടെയാണ് ചതിവ് ഒളിഞ്ഞിരിക്കുക എന്ന് ഈ മേഖലയെ കുറിച്ച്  അറിവുള്ളവർക്ക് പോലും പ്രവചിക്കുക അസാധ്യം. അപ്പോൾപ്പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ!..മരടിൽ തകർക്കപ്പെട്ട ഫ്ലാറ്റുകൾ ഒരു ഓർമപ്പെടുത്തലാണ്. ഫ്ലാറ്റ് നിർമിക്കപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം മുതൽ ബിൽഡറുടെ വിശ്വാസ്യതവരെയുള്ള കാര്യങ്ങൾ ശരിയായി വിലയിരുത്തിയ ശേഷം മാത്രമേ ഫ്ലാറ്റുകൾ വാങ്ങാവൂ എന്നതിന്റെ ഓർമപ്പെടുത്തൽ.

ഭൂമി വാങ്ങുമ്പോൾ ഭൂമിയുടെ യഥാർഥ ഉടമസ്ഥൻ, അവകാശികൾ എന്നിങ്ങനെ തുടങ്ങി നിലവിലുള്ള ബാധ്യതകൾ‍ വരെ ഒറ്റ നോട്ടത്തിൽ ഒരാധാരത്തിൽനിന്നു മാത്രമായി അറിയാൻ കഴിയാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ഇതു ശ്രദ്ധിക്കാത്തതാണ്  ഭൂമി വാങ്ങിയശേഷം പലരെയും അപകടത്തിൽ ചാടിക്കുന്നത്. സമാനമായ അവസ്ഥയാണ് ഫ്ലാറ്റുകൾ വാങ്ങുമ്പോഴും. കൈമാറ്റത്തിലൂടെ നിയമപരമായി ആ വസ്തുവിനു മേലുള്ള എല്ലാ ബാധ്യതകളും വാങ്ങുന്നയാളിലേക്ക് എത്തിച്ചേരും. ഭൂമിയായാലും ഫ്ലാറ്റായാലും ഒരുപോലെ കടബാധ്യതയുള്ള ഒരു ഫ്ലാറ്റ് വാങ്ങിയശേഷം ബിൽഡർ ചതിച്ചതാണെന്നു പറയുന്നതിൽ കാര്യമില്ല. കൈമാറ്റം നടക്കുന്നതോടെ  വന്നു ചേരുന്ന ബാധ്യത സ്വയം പരിഹരിക്കേണ്ടി വരും.

ഫ്ലാറ്റ് വാങ്ങുമ്പോൾ ഒരു നിയമവിദഗ്ധന്റെ സഹായത്തോടെ അനുബന്ധ രേഖകൾ ശരിയായി പരിശോധിക്കണം. ഫ്ലാറ്റുകൾ വിൽക്കുന്നവർ അതെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വാങ്ങാനാഗ്രഹിക്കുന്നയാളെ ധരിപ്പിച്ചിരിക്കണമെന്നു നിയമമുണ്ടെങ്കിലും പരസ്യങ്ങളുടെ മികവിൽ വീഴുന്ന ഉപഭോക്താക്കൾ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. അത്തരത്തിൽ നോക്കുമ്പോൾ, ഉപയോക്താക്കൾ തങ്ങളുടെ ഉത്തരവാദിത്തം മറന്ന് ചതി ചോദിച്ചു വാങ്ങുന്നതാണെന്നു പറയേണ്ടി വരും. 

ഒരു ഫ്ലാറ്റ് സ്വന്തമാക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. രേഖകളെല്ലാം കൃത്യമായിട്ടുണ്ടോ എന്നുറപ്പിക്കുകയാണ് ആദ്യം വേണ്ടത്. ചെറിയ ശ്രദ്ധ വലിയ അപകടങ്ങളിൽനിന്നു രക്ഷിക്കും. 

1. നിർമാണം പൂർത്തിയാകാത്ത ഫ്ലാറ്റ് 

പല സാഹചര്യങ്ങളിലും പ്രശ്നം സൃഷ്ടിക്കുന്നത് നിർമാണം പൂർത്തിയാകും മുൻപ് ഫ്ലാറ്റ് വാങ്ങുന്ന അവസ്ഥയാണ്. അഡ്വാൻസ് തുകയോ പൂർണമായ പേയ്മെന്റോ നൽകിയാൽ പിന്നെ പണി പൂർത്തിയാകുന്നതുവരെ കാത്തു നിൽക്കുകയേ മാർഗമുള്ളൂ. നിശ്ചിത കാലയളവിൽ പണി തീർക്കുമെന്നും താക്കോൽദാനം നടത്തുമെന്നുമെല്ലാം എഗ്രിമെന്റിൽ പറഞ്ഞാലും നടപ്പിലായില്ലെങ്കിൽ നിയമക്കുരുക്കും നൂലാമാലയുമാകും. പരസ്യങ്ങൾ കണ്ടു വഞ്ചിതരാകുന്ന ആളുകളാണ് ഇത്തരത്തിൽ പണി തീരും മുൻപ്  മുൻകൂറായി ഫ്ലാറ്റുകൾ വാങ്ങുന്നത്. പണി പൂർത്തിയായശേഷം വാങ്ങിയാലും അതിനു മുൻപു വാങ്ങിയാലും ഫ്ലാറ്റിനു നിയമപരമായ അനുമതികളെല്ലാം ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചിരിക്കണം. നിർമാണം പൂർത്തിയാവാത്ത ഫ്ലാറ്റുകൾ വാങ്ങുമ്പോൾ വിശദാംശങ്ങൾ പൂർണമായും പഠിക്കണം.

പ്ലാനിന് അനുമതി കിട്ടിയതാണോ എന്നു നോക്കണം. പ്ലാനിന് അനുമതി ലഭിക്കാതെ പരസ്യം ചെയ്യാൻ പാടില്ലെന്നാണു നിയമം. എന്നാൽ സാധാരണക്കാരന് ഇത്തരം കാര്യങ്ങൾ  അറിയണം എന്നില്ല. ഈ സമയത്താണ് ഒരു നിയമ വിദഗ്ധന്റെ ആവശ്യം വരുന്നത്. ഫ്ലാറ്റ് നിർമിക്കുന്ന പ്രദേശം, പ്രദേശത്തെ ഭൂമിവില എന്നിവ കൃത്യമായി പരിശോധിക്കണം. ഇനി മുൻ‌കൂർ പേയ്‌മെന്റ് നൽകുകയാണെങ്കിൽ, പേയ്മെന്റിനനുസരിച്ച് ഫ്ലാറ്റിന്റെ നിർമാണത്തിൽ പുരോഗതിയുണ്ടോ എന്നു ശ്രദ്ധിക്കണം.

നിർമാണ സാമഗ്രികളുടെ ലഭ്യത, തൊഴിലാളികളുടെ ലഭ്യത, പണം ഇവയെല്ലാം സമയബന്ധിത നിർമാണത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇതെല്ലാം മുന്നിൽകണ്ടാണ് ഓരോ കരാറും തയാറാക്കപ്പെടുന്നത്. കരാറിൽ ബിൽഡർ 3 - 6 മാസം വരെ അധികസമയം ഉൾപ്പെടുത്താറുണ്ട്. ഭവനപദ്ധതികൾ സമയകൃത്യതയോടെ കൈമാറിയില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം പരാതിപ്പെടാം. പദ്ധതി വൈകിയാൽ ലാഭം ബിൽഡർക്കു ലഭിക്കില്ലെന്നു മാത്രമല്ല, കനത്ത പിഴയും നൽകേണ്ടി വരും.

2. വസ്തുവിന്റെ ഉടമസ്ഥാവകാശം

ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഫ്ലാറ്റ് പണിതിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രമാണങ്ങൾ കൃത്യമായി പരിശോധിക്കണം. അടിയാധാരം, മുന്നാധാരം എന്നിവ പ്രത്യേകം ചോദിച്ചു വാങ്ങി പരിശോധിക്കണം. ബിൽഡർമാർ മറ്റുള്ളവരുടെ ഭൂമിയിലും ഫ്ലാറ്റുകൾ നിർമിക്കാറുണ്ട്. അങ്ങനെയെങ്കിൽ, അതിനു ബിൽഡർക്ക് സ്ഥലമുടമ അനുവാദം കൊടുത്തിരിക്കുന്ന പവർ ഓഫ് അറ്റോർണിയുടെ പകർപ്പ് വിശദമായി പരിശോധിക്കണം. താമസം തുടങ്ങിയശേഷം സ്ഥലമുടമ ബിൽഡർക്കെതിരെ കേസ് നൽകിയാൽ അതു സ്വാഭാവികമായും ഫ്ലാറ്റ് ഉടമയെയും ബാധിക്കും. അതിനാലാണ് ആ ഭൂമിയുടെ ആധാരം, മുന്നാധാരം, ബാധ്യത ഇല്ലെന്നു തെളിയിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പെടുത്തു വിശദമായ പരിശോധനയ്ക്കു വിധേയമാക്കണം എന്നു പറയുന്നത്.

3. കോർപറേഷന്റെ അനുമതിയുണ്ടോ? 

ഫ്ലാറ്റിനു നിയമപരമായ അനുമതി ലഭിച്ചതാണോ എന്നു പരിശോധിക്കണം. ഫ്ലാറ്റ് നിർമാണത്തിനായി സബ്മിറ്റ് ചെയ്ത പ്ലാൻ പാസ്സാക്കിയതാണെങ്കിൽ, അതിന്റെ ലാൻഡ് സാങ്ഷൻ പെർമിറ്റ് കോപ്പി വാങ്ങാൻ കഴിയും. ആ പെർമിറ്റിൽ പറഞ്ഞിട്ടുണ്ടാകും ഈ പ്ലാൻ ടെംപററി (താൽക്കാലികം) ആണോ ഇതിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന്. ഇതിനു പുറമെ  കോർപറേഷൻ, ഫയർഫോഴ്സ്, പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവയുടെ അനുമതി നിർബന്ധമാണ്. മേൽപറഞ്ഞ അനുമതിപത്രങ്ങളുടെ അഭാവം ഫ്ലാറ്റ് ഉടമയ്ക്കു തിരിച്ചടിയാകും. എല്ലാ കെട്ടിട നിർമാണവും കേരള മുനിസിപ്പൽ ബിൽഡിങ് റൂളനുസരിച്ചായിരിക്കണം എന്നാണു നിയമം. അതിനാൽ തന്നെ ഒരു ഫ്ലാറ്റ് സ്വന്തമാക്കുന്നതിനു മുൻപ് അതിന്റെ സ്ഥാനം, ഘടന, നിർമാണം, റോഡവകാശം എന്നിവ നിയമവിധേയമാണെന്നു രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തുക. അതതു മുനിസിപ്പൽ, കോർപറേഷൻ അല്ലെങ്കിൽ പ്ലാനിങ് അതോറിറ്റിയുടെ അനുമതി പ്രസ്തുത പ്രോജക്ടിനുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഉപയോക്താവിന്റെ ചുമതലയാണ്. ഭവന സമുച്ചയത്തിലെ യൂണിറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് റോഡിന്റെ വീതി കണക്കാക്കുന്നത്. എട്ട്–പത്തു മീറ്റർ വീതിയുള്ള റോഡ് എങ്കിലും വേണം. ഇതും അളവിനനുസൃതമായി ഉണ്ടെന്നുറപ്പു വരുത്തണം.

4. ബിൽഡർ വിശ്വസ്തനാണോ?

റിയൽ എസ്റ്റേറ്റ് മേഖലയിൽ അനുദിനം  പുതിയ ബിൽഡർമാർ വരുന്നത്. ഇവരിൽ കള്ളനാണയങ്ങൾ ഉണ്ടാവാം. ഫ്ലാറ്റ് ഒരു സ്ഥിര നിക്ഷേപമാണെന്നിരിക്കെ ബിൽഡറെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുക. ബിൽഡറുടെ എത്രാമത്തെ പ്രോജക്ടാണിത്, മുൻകാല പ്രോജക്ടുകളുടെ ഗുണനിലവാരം എപ്രകാരമാണ്, നിർമാണത്തിലെ മികവ് എത്രത്തോളമുണ്ട്, ബിൽഡർക്കു നേരെ ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു ബോധ്യപ്പെടണം. മുൻകാല പ്രോജക്ടുകൾ പറഞ്ഞ സമയത്തു നിർമാണം പൂർത്തിയാക്കി നൽകിയിട്ടുണ്ടോ എന്നു മനസ്സിലാക്കിയശേഷം മാത്രമേ കരാർ എഴുതാൻ പാടുള്ളൂ. ഇനി ഏതെങ്കിലും കാരണവശാൽ പറഞ്ഞ സമയത്തുതന്നെ ഫ്ലാറ്റ് പണി പൂർത്തിയാക്കി കൈമാറിയില്ലെങ്കിൽ ഉപയോക്താവ് എന്ന നിലയ്ക്ക് ബിൽഡറിൽനിന്നു നഷ്ടപരിഹാരം നേടാൻ കഴിയുന്ന രീതിയിലാവണം കരാർ. 

5. സ്ഥലത്തിന്റെ ഘടനയും  പ്രകൃതിസംരക്ഷണ നിയമവും 

ഒരു കാലത്തു നെൽപ്പാടങ്ങളായിരുന്ന സ്ഥലങ്ങളിലെല്ലാം ഇന്നു കെട്ടിടങ്ങൾ ഉയർന്നു കഴിഞ്ഞു. എന്നാൽ ഈ നില തുടരുന്നതു ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും എന്നതിനാലാണ് പ്രകൃതി സംരക്ഷണ നിയമം നടപ്പിലാക്കിയത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ മുൻപരിചയമുള്ള ഒരു വ്യക്തിക്ക് പ്ലാൻ നോക്കിയാൽത്തന്നെ ഭൂമി കണ്ടൽക്കാടുകളിൽപെട്ടതാണോ നിലമാണോ എന്നെല്ലാം കണ്ടെത്താനാകും. സർവേ നമ്പറും വില്ലേജും നോക്കിയാണ് ഇതു മനസ്സിലാക്കുന്നത്. ബേസിക്‌ ടാക്‌സ് റജിസ്റ്റർ (BTR), പോക്കുവരവ് രേഖപ്പെടുത്തുന്ന ആർഒആർ റജിസ്റ്റർ എന്നിവ നോക്കിയാൽ ഭൂമി ഏതുതരത്തിലുള്ളതാണെന്നു വ്യക്തമാവും. എന്നാൽ, ഇതുകൊണ്ടൊന്നും ആ ഭൂമിയിൽ നിർമിക്കുന്ന കെട്ടിടം താഴ്ന്നു പോകുമോ, അവിടെ ഭൂമികുലുക്കമോ ഉരുൾപൊട്ടലോ ഉണ്ടാകുമോ എന്നൊന്നും പറയാനാവില്ല. ഇത് അന്വേഷിച്ചറിയുക എന്നത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണ്. ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ടിൽ പറയുന്നതും കോൺട്രാക്ട് ആക്ടിൽ പറയുന്നതും ഇതുതന്നെയാണ്. 

6. നികുതിയും മറ്റു നിയമങ്ങളും 

വിൽപനനികുതി, റജിസ്ട്രേഷൻ ചാർജ്, കെട്ടിടനികുതി തുടങ്ങിയ നികുതികൾ ഫ്ലാറ്റുകൾക്കും അപ്പാർട്മെന്റുകൾക്കും ബാധകമാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ചില ബിൽഡർമാർ നികുതി അടയ്ക്കുകയും വാങ്ങുന്നവരിൽനിന്നു വിലയിൽ ഉൾപ്പെടുത്തി ഈ തുക ഈടാക്കുകയും ചെയ്യും. തുടക്കത്തിൽത്തന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത കൊണ്ടുവരണം. പണി പൂർത്തിയാക്കിയശേഷം ഫ്ലാറ്റ് കൈമാറുന്നതിനു മുൻപു നികുതികൾ അടച്ചുതീർക്കേണ്ടതു ബിൽഡറുടെ ഉത്തരവാദിത്തമാണ്. ഇതുപോലെതന്നെ പ്രധാനമാണ് വസ്തു കൈമാറ്റനിയമം, റജിസ്ട്രേഷൻനിയമം, മുദ്രപ്പത്ര നിയമം എന്നിവ കൃത്യതയോടെ പിന്തുടരുകയെന്നത്. മേൽപറഞ്ഞ നിയമങ്ങൾക്കൊപ്പം അപ്പാർട്മെന്റ് ഓണർഷിപ് ആക്ട് കൂടി ഫ്ലാറ്റ് തീറാധാരങ്ങളിൽ പാലിക്കണം. കൊമേഴ്സ്യൽ, റസിഡൻഷ്യൽ പെർമിറ്റുകൾ പ്രത്യേകം വാങ്ങിയിരിക്കണം.

7. എഗ്രിമെന്റുകൾ ശ്രദ്ധിക്കുക 

ഫ്ലാറ്റ് വാങ്ങുന്നതിനു മുന്നോടിയായി എഗ്രിമെന്റുകൾ എഴുതാറുണ്ട്. സാധാരണയായി രണ്ടുതരം എഗ്രിമെന്റുകളാണ് എഴുതുന്നത്. ആദ്യത്തേത് എഗ്രിമെന്റ് ഫോർ സെയിൽ. പ്രസ്തുത എഗ്രിമെന്റ് നടക്കുന്നത് വാങ്ങുന്നയാളും ഭൂവുടമയും തമ്മിലായിരിക്കും. ഈ എഗ്രിമെന്റ് റജിസ്റ്റർ ചെയ്യും. അതിൽ ഒരു അഡ്വാൻസ് തുകയും എഴുതിയിരിക്കും. അഡ്വാൻസ് തുകയുടെ 2% റജിസ്‌ട്രേഷൻ ഫീ ആയി അടയ്ക്കുകയും ചെയ്യും.രണ്ടാമത്തെ എഗ്രിമെന്റ്, കെട്ടിടം ഉണ്ടാക്കുന്ന കമ്പനിയും ഫ്ലാറ്റ് വാങ്ങുന്ന വ്യക്തിയും തമ്മിലാണ്. ആ എഗ്രിമെന്റിന്റെ പേര് എഗ്രിമെന്റ് ഫോർ കൺസ്ട്രക്‌ഷൻ എന്നാണ്. കൃത്യ സമയത്തു ഫ്ലാറ്റിന്റെ പണി പൂർത്തിയാക്കി നൽകും എന്നുള്ള ഉടമ്പടിയാണിത്. ഈ എഗ്രിമെന്റ് റജിസ്റ്റർ ചെയ്യാറില്ല.

8. കംപ്ലീഷൻ സർട്ടിഫിക്കറ്റ്

വിവിധ വകുപ്പുകളുടെ അനുമതിയോടെയാണോ കെട്ടിടം നിർമിച്ചിരിക്കുന്നതെന്നും കെട്ടിടത്തിനു കംപ്ലീഷൻ സർട്ടിഫിക്കറ്റുണ്ടോ എന്നും പരിശോധിക്കണം. കൃത്യമായി നികുതി അടയ്ക്കുന്ന ഭൂമിയിലാണ് ഫ്ലാറ്റ് ഉള്ളതെന്നും ഈ ഭൂമിക്ക് മറ്റു ബാധ്യതകളില്ലെന്നും ഇതിലൂടെ ഉറപ്പിക്കണം. തണ്ണീർത്തട സംരക്ഷണ നിയമങ്ങൾക്കനുസൃതമായാണോ ഫ്ലാറ്റിന്റെ നിർമാണമെന്നും ഭൂമിനിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഉറപ്പു വരുത്തണം. ഫ്ലാറ്റ് സ്വന്തമാക്കിക്കഴിഞ്ഞാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ഇലക്ട്രിക്കൽ ഡ്രോയിങ്, പ്ലംബിങ് സ്‌കെച്ച്, ഫ്ലാറ്റ് നിങ്ങളുടെ സ്വന്തമാണ് എന്നതിന്റെ ഒറിജിനൽ ആധാരം തുടങ്ങിയ രേഖകളും വാങ്ങിയിരിക്കണം.

9. മാലിന്യസംസ്കരണ സംവിധാനം

ഫ്ലാറ്റുകൾ വാങ്ങിയ ശേഷം പലരെയും വെട്ടിലാക്കുന്ന ഒന്നാണ് ശരിയായ മാലിന്യസംസ്കരണത്തിന്റെ അഭാവം. ഫ്ലാറ്റുകൾ സ്വന്തം നിലയ്ക്ക് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കണം എന്നുണ്ട്. ഇതിനാവശ്യമായ സംവിധാനങ്ങൾ നിർമിച്ചിട്ടുണ്ടോ എന്നുറപ്പാക്കണം. സീവേജ് ട്രീറ്റ്‌മെന്റ് സംവിധാനം ഇല്ലാത്ത ഫ്ലാറ്റുകൾ ഭാവിയിൽ താമസക്കാരില്ലാത്ത ഇടങ്ങളായി മാറും. 

10. കാർ പാർക്കിങ് സൗകര്യം

ഫ്ലാറ്റ് വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് കാർ പാർക്കിങ്ങിനുള്ള സൗകര്യം. കാർ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം രേഖാമൂലം എഴുതി വാങ്ങണം. കോമൺ സ്‌പേസ് ഉപയോഗിക്കാം എന്നു വാക്കാൽ മാത്രം പറഞ്ഞു വയ്ക്കുന്നത് ഉചിതമായ നടപടിയല്ല.

English Summary- Things to Take Care Before Buying Flats in Kerala

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ... www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA